ദൃശ്യം 3യില്‍ വളരെ ചുരുങ്ങിയ സീനുകളിലേ ഉള്ളൂവെങ്കിലും ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് നിഖില്‍ നായര്‍ അവതരിപ്പിച്ച അവിര.
സിനിമയുടെ റിലീസിന് പിന്നാലെയാണ് അവിരയെ അവതരിപ്പിച്ച നടന്‍ ആരാണെന്നും മോഹന്‍ലാലുമായുള്ള നിഖിലിന്റെ കണക്ഷനെ കുറിച്ചുമൊക്കെ മലയാളികള്‍ അറിയുന്നത്. അവിര എന്ന പേരിനെ ചൊല്ലി വലിയ ട്രോളുകളും നിഖിലിന് ലഭിച്ചിരുന്നു.
ഇപ്പോള്‍ ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യവുമായി ബന്ധപ്പെട്ട രസകരമായ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് നിഖില്‍. മോഹന്‍ലാലുമൊത്തുള്ള ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍ക്കാണ് നിഖില്‍ മറുപടി നല്‍കുന്നത്.
ദൃശ്യം ലൊക്കേഷനില്‍ നിന്ന് Photo: Instagram
‘ജസ്റ്റ് എസ്‌കേപ്പ് ഇല്ലെങ്കില്‍ ഫാമിലിയെ തൊട്ടാല്‍ കുഴിച്ചിട്ടേനെ അതാ അങ്ങേര്‍ക്ക് ശീലം’ എന്നൊരാള്‍ കമന്റ് ചെയ്തിരുന്നെന്നും എന്താണ് അതിന് മറുപടി പറയാനുള്ളത് എന്നുള്ള ചോദ്യത്തിന് കുഴിച്ചിട്ടോട്ടെ എന്നായിരുന്നു നിഖിലിന്റെ മറുപടി.
‘ദൃശ്യം നാലില്‍ നിന്നെ തട്ടിയിരിക്കും’ എന്ന കമന്റിന് ‘തട്ടിക്കോട്ടെ’ എന്നായിരുന്നു നിഖിലിന്റെ മറുപടി. അങ്ങനെയൊരു കാര്യമാണല്ലോ പുള്ളി ചെയ്‌തെന്നും നിഖില്‍ പറയുന്നു.
‘ടുണീഷയില്‍ എത്തിയോ മോനെ’ എന്ന ചോദ്യത്തിന് താന്‍ ഇടപ്പള്ളി ഇപ്പോഴാ എത്തിയത് എന്നായിരുന്നു നിഖിലിന്റെ രസകരമായ മറുപടി. ടുണീഷയില്‍ അവിര എത്തിയിട്ടുണ്ടാകില്ലെന്നും ജോര്‍ജൂട്ടി വഴിയില്‍ വെച്ച് തന്നെ തട്ടിയിട്ടുണ്ടാകുമെന്നും നിഖില്‍ പറഞ്ഞു.
‘അവിര, വേറെ നല്ല പേരൊന്നും കിട്ടിയില്ലേ മോനെ’ എന്ന കമന്റിന് അത് ജീത്തു സാറിനോട് ചോദിക്കണമെന്നും തനിക്ക് ഈ സിനിമ കിട്ടിയത് തന്നെ വലിയ കാര്യമാണെന്നുമായിരുന്നു നിഖിലിന്റെ രസകരമായ മറുപടി. പേരിനെ കുറിച്ച് താന്‍ സാറിനോട് ചോദിച്ചിരുന്നെന്നും നിഖില്‍ പറഞ്ഞു.
ദൃശ്യം ലൊക്കേഷനില്‍ നിന്ന് Photo: Instagram
നെഗറ്റീവ് റോള്‍ ആണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ആ ക്യാരക്ടര്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ കിട്ടിയത് താന്‍ എടുത്തു. അത്രേ ഉള്ളൂവെന്നായിരുന്നു നിഖില്‍ പറഞ്ഞത്.
വരുണിനോട് ക്ഷമിച്ചാലും നിന്നോട് ക്ഷമിക്കൂല്ലടാ വഞ്ചക, എന്ന കമന്റിന് അവിര ശരിക്കും നിവര്‍ത്തിയില്ലാതെ അങ്ങനെ ചെയ്തതല്ലേയെന്നായിരുന്നു നിഖിലിന്റെ ചോദ്യം.
സ്വന്തം ബിസിനസ് തകര്‍ന്ന് നില്‍ക്കുമ്പോള്‍ ഐ.ജി പ്രഭാകറാണല്ലോ അവിരയെ സഹായിക്കുന്നത്. അതുകൊണ്ട് അവന് അത് ചെയ്യേണ്ടി വരികയാണ്. അവിരയുടെ മാതാപിതാക്കള്‍ക്ക് പോലും അവന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ല. അവന്‍ ഒരര്‍ത്ഥത്തില്‍ എല്ലാവരെയും ചതിക്കുകയാണ്.
കണ്‍വിന്‍സിങ് സ്റ്റാര്‍ 2.0 എന്നൊരു വിളിപ്പേര് വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ‘വിടാമയൂര്‍ച്ചി’യിലും സമാനമായ ചതി ചെയ്യുന്ന വേഷം ചെയ്തതുകൊണ്ടാവാം അതെന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ കഥാപാത്രം വര്‍ക്കായി എന്നതാണ് ആ വിളിയിലൂടെ മനസിലാക്കുന്നതെന്നും അതിലാണ് സന്തോഷമെന്നും നിഖില്‍ പറയുന്നു.
Content Highlight: Actor Nikhil Nair about Avira and Mohanlal Revenge