രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിത്തു മാധവനും മോഹൻലാലും ഒന്നിക്കുന്ന സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ പിന്നീട് ഈ പ്രോജക്ട് ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം നടക്കാതെ പോയതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ജിത്തു മാധവൻ. ഷൂട്ടിങ്ങിന് കൂടുതൽ ദിവസങ്ങൾ ആവശ്യമായിരുന്നതും മോഹൻലാലിന്റെ തിരക്കുകളും സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരിരുന്നു എന്നും സംവിധായകൻ പറഞ്ഞു.

‘ആ കഥ മറ്റൊരാളെ വെച്ച് ചെയ്യാൻ പറ്റുന്ന ഒന്നല്ല. മോഹൻലാൽ സാറിനെ മനസിൽ കണ്ടാണ് ഞാൻ അത് എഴുതിയത്. അങ്ങനെ എഴുതിയിട്ട് പെട്ടെന്ന് മറ്റൊരാളെ വെച്ച് ചെയ്യാനായി കഥ മാറ്റുക എളുപ്പമല്ല,’ ജിത്തു പറഞ്ഞു.

മോഹൻലാൽ,ജിത്തുമാധവൻ. Photo. Facebook.com

സിനിമയുടെ ചിത്രീകരണത്തിനായി ആദ്യം കണക്കാക്കിയിരുന്ന ദിവസങ്ങൾ കൂടുതലായിരുന്നുവെന്നും അത് കുറച്ച് സാധാരണ മലയാള സിനിമയുടെ ഷൂട്ടിങ് സമയത്തിനുള്ളിൽ ഒതുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൽ നിരവധി ആക്ഷൻ രംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കൂടുതൽ ദിവസങ്ങൾ ചിത്രീകരണത്തിനായി വേണ്ടിവരുമായിരുന്നു വെന്നും സംവിധായകൻ കൂട്ടി ചേർത്തു.

‘ഷൂട്ടിങ്ങിനായി ഒരുപാട് ദിവസങ്ങൾ ആവശ്യമായിരുന്നു. അത് കുറച്ച് ദിവസങ്ങളിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചു. പക്ഷേ, ആ സിനിമയുടെ കാര്യത്തിൽ അതിന് സാധിക്കില്ലായിരുന്നു. ഒരുപാട് ആക്ഷൻ സീക്വൻസുകൾ ഉള്ളതിനാൽ കൂടുതൽ ദിവസം വേണ്ടിവരും. ലാൽ സാർ തുടർച്ചയായി സിനിമകൾ ചെയ്യുന്ന ഒരാളാണ്. അത്രയും ദിവസം അദ്ദേഹത്തിനായി മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരിക്കാം. ഞാൻ അങ്ങനെയാണ് അതിനെ മനസിലാകുന്നത്,’ ജിത്തു മാധവൻ പറഞ്ഞു.

എന്നാൽ സിനിമ മുടങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ സംസാരിക്കാൻ പാടുണ്ടോ എന്നുള്ളതിനെ കുറിച്ച് തനിക്കറിയില്ലെന്നും സംവിധായകൻ പറഞ്ഞു.

‘ഒരു അഭിമുഖത്തിൽ വന്നിരുന്ന് ഇതൊക്കെ പറയുന്നത് ശരിയാണോ എന്നുപോലും എനിക്ക് അറിയില്ല,’ എന്നും ജിത്തു കൂട്ടിച്ചേർത്തു.

നിലവിൽ മോഹൻലാൽ നിരവധി സിനിമകളുടെ തിരക്കിലാണ്. ഇതിനു പുറമേ ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരക ചുമതലയും അദ്ദേഹത്തിനുണ്ട്. ഈ തിരക്കുകൾക്കിടയിൽ ജിത്തു മാധവന്റെ സിനിമയ്ക്കായി ആവശ്യമായത്ര ദിവസങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നതും പ്രോജക്ട് മുന്നോട്ടുപോകാതിരുന്നതിന് കാരണമായിരിക്കാമെന്നാണ് ട്രാകർമാർ വിലയിരുത്തുന്നത്. എന്നാൽ, ഇതാണ് സിനിമ മുടങ്ങാനുള്ള കൃത്യമായ കാരണമെന്ന് ജിത്തു മാധവൻ ഉറപ്പിച്ചു പറയുന്നില്ല.

സൂര്യ, നസ്രിയ നസീം, നസ്‌ലെൻ എന്നിവരെ കേന്ദ്ര കതപാത്രങ്ങൾക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സീൻ. ആക്ഷൻ കോമഡി ഴോണറിൽ എത്തുന്ന ചിത്രത്തിൽ ഡി.എസ്.പി ഇമ്പരാജായിട്ടാണ് സൂര്യ എത്തുന്നത്. ചിത്രം നവംബർ 6ന് തിയേറ്ററുകളിലെത്തും.

Content Highlight: Director Jithu Madhavan opens up about the shelving of his film with Mohanlal