ന്യൂദല്‍ഹി: നവംബര്‍ 21, 22 തീയതികളില്‍ ദല്‍ഹിയില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സിവിലൈസേഷണല്‍ ഡയലോഗില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ സാംസ്‌കാരികമന്ത്രി ഔറംഗസേബ് ഖാന്‍ ഖിച്ചിയെ ക്ഷണിച്ച് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് 2025 മെയില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളായ പശ്ചാത്തലത്തില്‍ പാകിസ്ഥാന്റെ ഒരു മുതിര്‍ന്ന മന്ത്രിയെ ഇന്ത്യ ക്ഷണിക്കുന്നത് ഇതാദ്യമാണ്.

എസ്.സി.ഒ സിവിലൈസേഷല്‍ ഡയലോഗ് സംഘടിപ്പിക്കാമെന്ന് ഇന്ത്യ നിര്‍ദേശിച്ചതിനാല്‍, സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുടെയും പ്രതിനിധികളെ ക്ഷണിക്കേണ്ട ബാധ്യതയുടെ ഭാഗമായാണ് പാക് മന്ത്രിക്കുള്ള ക്ഷണം. അടുത്ത വര്‍ഷം എസ്.സി.ഒ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് പാകിസ്താന്‍ ആതിഥേയത്വം വഹിക്കാനിരിക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നയതന്ത്രപരമായ വെല്ലുവിളിയാണ്. 2016ലെ പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ക്കുശേഷം പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ഒരു ദശാബ്ദത്തോളമായി മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ ബഹുരാഷ്ട്ര വേദികളില്‍ പാകിസ്താനുമായി ഇടപെടേണ്ട സാഹചര്യം ഇന്ത്യയ്ക്കുണ്ട്.

പാകിസ്ഥാനിലെ ഒരു മുതിര്‍ന്ന മന്ത്രി അവസാനമായി ഇന്ത്യയിലെത്തിയത് 2023 മെയിലാണ്. അന്ന് പാകിസ്ഥാന്റെ വിദേശകാര്യമന്ത്രിയായിരുന്ന ബിലാവല്‍ ഭൂട്ടോ എസ്.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയിരുന്നു.

യുറേഷ്യന്‍ അംഗരാജ്യങ്ങള്‍ക്കിടയിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും സാംസ്‌കാരിക ഇടപെടലുകളും ശക്തിപ്പെടുത്തുക, പുരാതന നാഗരികതകളുടെ പൊതുപൈതൃകം, കല, സാഹിത്യം, പാരമ്പര്യങ്ങള്‍ എന്നിവ അവതരിപ്പിക്കുക എന്നിവയാണ് സിവിലൈസേഷണല്‍ ഡയലോഗിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

2025 സെപ്റ്റംബറില്‍ ടിയാന്‍ജിനില്‍ നടന്ന എസ്.സി.ഒ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഈ ആശയം മുന്നോട്ടുവച്ചത്. 2026 ഒക്ടോബര്‍ 20ന് താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടന്ന 25ാമത് എസ്.സി.ഒ ഗവണ്‍മെന്റ് തലവന്മാരുടെ കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിക്കവെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ത്യ പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Content Highlight: In a first since Operation Sindoor, India invites Pakistan to SCO meet in Delhi