ന്യൂദല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ അപമാനിക്കുന്ന രീതിയില്‍ ഒദ്യോഗിക ‘എക്‌സ്’ അക്കൗണ്ടില്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി). പാര്‍ട്ടിയുടെ ഔദ്യോഗിക അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും അതിന് ഉത്തരവാദിയായ വിജയ് തോട്ടത്തിലിനെ സ്ഥാനത്ത് നിന്നും നീക്കിയെന്നും കെ.പി.സി.സി അറിയിച്ചു.

ഒക്ടോബര്‍ പന്ത്രണ്ടിന് പ്രസിദ്ധീകരിച്ച പോസ്റ്റില്‍ ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്നും പകരക്കാരനെ കണ്ടെത്തണമെന്നും പറഞ്ഞിരുന്നു. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്യുകയും ഉത്തരവാദിയായ വ്യക്തിയെ സ്ഥാനത്തുനിന്ന് നീക്കിയെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കെ.പി.സി.സി അറിയിച്ചിരുന്നു.

‘പ്രിയപ്പെട്ട സൂര്യകാന്ത്, ക്രമസമാധാനം നിങ്ങളുടെ മേഖലയല്ലെങ്കില്‍ ഇപ്പോള്‍ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിങ്ങളുടെ പകരക്കാരനെ ഞങ്ങള്‍ കണ്ടെത്തും’ എന്നായിരുന്നു പോസ്റ്റ്.

സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അഡ്വ. മീണേഷ് ദുബെ അയച്ച നിയമനോട്ടീസിന് നല്‍കിയ മറുപടിയിലാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ചീഫ് ജസ്റ്റിസിനോട് നിരുപാധികം ക്ഷമാപണം നടത്തിയത്. പോസ്റ്റിന്റെ ഉള്ളടക്കവും അതിലെ ഭാഷയിലൂടെ പ്രകടമായ അനാദരവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് തോട്ടത്തിലിനോട് പരസ്യമായി മാപ്പുപറയാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.പി.സി.സി അറിയിച്ചു.

കെ.പി.സി.സി നേതൃത്വത്തിന്റെ മുന്‍കൂര്‍ അറിവോ അംഗീകാരമോ കൂടിയാലോചനയോ ഇല്ലാതെയാണ് വിജയ് തോട്ടത്തില്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് നിയമനോട്ടീസിനുള്ള മറുപടിയില്‍ സണ്ണി ജോസഫ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാനോ പകരക്കാരനെ കണ്ടെത്തുമെന്ന് സൂചിപ്പിക്കാനോ തോട്ടത്തിലിന് താനോ പാര്‍ട്ടി നേതൃത്വമോ അനുമതി നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

‘ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തോടും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് വഹിക്കുന്ന ഭരണഘടനാപരമായ പദവിയോടുമുള്ള ആദരവ് കെ.പി.സി.സി അസന്ദിഗ്ധമായി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു,’ സണ്ണി ജോസഫ് പറഞ്ഞു.

ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍, അവ കൈകാര്യം ചെയ്യുന്നവര്‍ക്ക് നല്‍കിയിട്ടുള്ള അധികാരങ്ങള്‍, ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്ക് ബാധകമായ അംഗീകാര നടപടിക്രമങ്ങള്‍ എന്നിവ പരിശോധിക്കുമെന്ന് മറുപടിയില്‍ വ്യക്തമാക്കി.

പോസ്റ്റ് തയ്യാറാക്കിയതും പരിശോധിച്ചതും പ്രസിദ്ധീകരിച്ചതും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍, ഓരോ ഘട്ടത്തിലും പങ്കെടുത്തവര്‍, അക്കൗണ്ടുകളിലെ പ്രവേശനാനുമതികള്‍, ഉപയോഗിച്ച ഉപകരണങ്ങള്‍, ബന്ധപ്പെട്ട മുന്‍നിര്‍ദേശങ്ങള്‍, ആഭ്യന്തര കത്തിടപാടുകള്‍ എന്നിവയും പരിശോധനയുടെ പരിധിയില്‍ വരും.

പ്രസക്തമായ ഇലക്ട്രോണിക് രേഖകള്‍, അക്കൗണ്ട് പ്രവേശന ലോഗുകള്‍, അംഗീകാര രേഖകള്‍, ആഭ്യന്തര ആശയവിനിമയങ്ങള്‍ എന്നിവ സംരക്ഷിക്കുമെന്നും കെ.പി.സി.സി ഉറപ്പുനല്‍കി. പൊതുജനങ്ങള്‍ക്ക് കാണാനാകാത്തവിധം പോസ്റ്റ് നീക്കം ചെയ്തതുകൊണ്ട് നിയമാനുസൃതമായ അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ നശിപ്പിക്കപ്പെടരുതെന്നും പാര്‍ട്ടി വ്യക്തമാക്കി.

നീതിന്യായ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും പൊതുചര്‍ച്ചകളില്‍ പാലിക്കേണ്ട അന്തസ്സിനെ തകര്‍ക്കുന്ന ഭാഷ ഉപയോഗിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മറുപടിയില്‍ വ്യക്തമാക്കി. രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് പോസ്റ്റില്‍ ഉപയോഗിച്ച ഭാഷയെ ന്യായീകരിക്കാനാവില്ലെന്നും കെ.പി.സി.സി കൂട്ടിച്ചേര്‍ത്തു.

വിവാദ പോസ്റ്റ് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത വ്യക്തിയുടെ പേരും പദവിയും അതിന് അംഗീകാരം നല്‍കിയവരുടെയും അനുമതി നല്‍കിയവരുടെയും വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അഡ്വ. മീണേഷ് ദുബെ അയച്ച നിയമനോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസിനോട് പരസ്യമായി ക്ഷമാപണം നടത്താത്തതിന്റെ കാരണവും ഉത്തരവാദിയായ വ്യക്തിയെ സ്ഥാനത്തുനിന്ന് നീക്കിയതിനപ്പുറം എന്തെങ്കിലും ഔദ്യോഗിക ശാസനയോ അച്ചടക്ക നടപടിയോ സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരങ്ങളും അഡ്വ. ദുബെ ആവശ്യപ്പെട്ടിരുന്നു.

Content Highlight: The Kerala Pradesh Congress Committee (KPCC) has tendered an unconditional apology to Chief Justice of India Justice Surya Kant over a controversial post published on the official X account of the Congress Kerala unit.