ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി-20 മത്സരത്തില്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീം ഓപ്പണര്‍ അഭിഷേക് ശര്‍മയെ പ്രശംസിച്ച് മുന്‍ താരം അജിന്‍ക്യാ രഹാനെ. അവന്‍ തന്റെ കളി ഒരുപാട് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഉള്ളില്‍ ശാന്തനാണെങ്കിലും പുറത്ത് ഇരട്ടി ആക്രമണകാരിയാണെന്നും രഹാനെ പറഞ്ഞു.

‘അവന്‍ തന്റെ കളി ഒരുപാട് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഓരോ ഇന്നിങ്‌സിലും ഒരുപാട് കാര്യങ്ങള്‍ പഠിച്ച ശേഷമാണ് അവന്‍ ഇറങ്ങുന്നതെന്ന് തോന്നും. ധ്യാനത്തെക്കുറിച്ചും മനസ് ശാന്തമായി നിലനിര്‍ത്തുന്നതിനെക്കുറിച്ചും അവന്‍ സംസാരിച്ചിട്ടുണ്ട്. ഉള്ളില്‍ ശാന്തനാണെങ്കിലും പുറത്ത് ഇരട്ടി ആക്രമണകാരിയാണ്.

അവന്റെ പ്രകടനം കാണുന്നത് ഏറെ രസമാണ്. അവന്‍ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഓയിലിനായി ഞങ്ങള്‍ ഒരുമിച്ച് കുറച്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓരോ താരത്തില്‍നിന്നും എന്തെങ്കിലും പഠിക്കണമെന്ന മനോഭാവമാണ് അവന് എപ്പോഴുമുള്ളത്. ഒരിക്കലും അമിത ആത്മവിശ്വാസത്തിലേക്ക് വഴുതിവീണിട്ടില്ല. പഠിക്കാനുള്ള ഈ താത്പര്യം നിലനിര്‍ത്തുമ്പോഴാണ് ഇത്തരമൊരു സ്ഥിരത കൈവരിക്കാന്‍ കഴിയുന്നത്,’ രഹാനെ മത്സര ശേഷം നടന്ന ചര്‍ച്ചിയില്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം 13.2 ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ 3-0ന് പരമ്പര വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ അതിവേഗം വിജയം സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്. 38 പന്തില്‍ 11 സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്. നേരിട്ട 35ാം പന്തില്‍ ഫോര്‍ നേടി 103 റണ്‍സ് പൂര്‍ത്തിയാക്കിയാണ് അഭിഷേക് തന്റെ നാലാം ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരമാകാനും അഭിഷേകിന് സാധിച്ചു.

വൈഭവിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. 19 പന്തില്‍ നിന്ന് നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. വണ്‍ ഡൗണില്‍ ഇറങ്ങിയ സഞ്ജു 13 പന്തില്‍ 18 റണ്‍സ് നേടിയാണ് മടങ്ങിയത്. രണ്ട് ഫോറാണ് താരം നേടിയത്.

Content Highlight: Ajinkya Rahane Praises Abhishek Sharma