ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ 3-0ന് പരമ്പര വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി അതിവേഗം വിജയം സ്വന്തമാക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ അതിവേഗം വിജയം സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്. 38 പന്തില്‍ 11 സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്. നേരിട്ട 35ാം പന്തില്‍ ഫോര്‍ നേടി 103 റണ്‍സ് പൂര്‍ത്തിയാക്കിയാണ് അഭിഷേക് തന്റെ നാലാം ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരമാകാനും അഭിഷേകിന് സാധിച്ചു.

ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലാണ് അഭിഷേക് ശര്‍മ എത്തിച്ചേര്‍ത്തത്. ഈ നേട്ടത്തില്‍ സ്വന്തം റെക്കോഡിനൊപ്പമാണ് വീണ്ടും എത്തിച്ചേര്‍ന്നത്. റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളതും അഭിഷേക് ശര്‍മാണ്. വെടിക്കെട്ട് വീരന്‍ രോഹിത് ശര്‍മയെ അടക്കം മറികടന്നാണ് അഭിഷേക് ശര്‍മ ഈ റെക്കോഡ് ലിസ്റ്റില്‍ തന്റെ ഡോമിനേഷന്‍ തുടരുന്നത്.

അന്താരാഷ്ട്ര ടി-20യിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം, എതിരാളി, സിക്‌സ്)

അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 13

അഭിഷേക് ശര്‍മ – ന്യൂസിലാന്‍ഡ് – 11

അഭിഷേക് ശര്‍മ – അഫ്ഗാനിസ്ഥാന്‍ – 11

രോഹിത് ശര്‍മ – ശ്രീലങ്ക – 10

സഞ്ജു സാംസണ്‍ – സൗത്ത് ആഫ്രിക്ക – 10

തിലക് വര്‍മ – സൗത്ത് ആഫ്രിക്ക – 10

ഇഷാന്‍ കിഷന്‍ – ന്യൂസിലാന്‍ഡ് – 10

മത്സരത്തില്‍ സഞ്ജു സാംസണിന് പകരമായി ഓപ്പണിങ് പൊസിഷനില്‍ എത്തിയ യുവ താരം വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

ആദ്യ വിക്കറ്റില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും കളത്തില്‍ തകര്‍ത്താടിയത്. ഏഴാം ഓവറിലെ ഒന്നാം പന്തില്‍ മാത്യു ഫിഷറിന്റെ പന്തില്‍ വൈഭവിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. 19 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

പവര്‍ പ്ലേയില്‍ മികച്ച വെടിക്കെട്ട് പ്രകടനമാണ് ഇരുവരും നടത്തിയതും. വിക്കറ്റ് നഷ്ടപ്പെടുത്താതെ 118 റണ്‍സാണ് ആദ്യ ആറ് ഓവറില്‍ ഇന്ത്യ നേടിയത്. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ് ഇന്ത്യയ്ക്ക് വേണ്ടി വൈഭവും അഭിഷേക് ശര്‍മയും അടിച്ചെടുത്തത്. വണ്‍ ഡൗണില്‍ ഇറങ്ങിയ സഞ്ജു 13 പന്തില്‍ 18 റണ്‍സ് നേടിയാണ് മടങ്ങിയത്. രണ്ട് ഫോറാണ് താരം നേടിയത്.

കിവീസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഡീരില്‍ മിച്ചലാണ്. 52 പന്തില്‍ 82 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. ഫിന്‍ അലന്‍ 25 പന്തില്‍ 40 റണ്‍സാണ് നേടിയത്. ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, മാത്യു ഫിഷര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Abhishek Sharma In Great Record Achievement In T-20i For India