ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി താന്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന താരങ്ങളെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അജിന്‍ക്യ രഹാനെ.
സോണി ലിവ്-ല്‍ നടത്തിയ മാച്ച് അനാലിസിസില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ നമന്‍ ധിറിനെയുമാണ് രഹാനെ തെരഞ്ഞെടുത്തത്.

അജിന്‍ക്യ രഹാനെ. Photo: BCCI/x.com
അഭിഷേക് റണ്‍സ് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും, അത് ടീമിനും അവന്റെ ഫോമിനും മികച്ചതായിരിക്കുമെന്നും രഹാനെ അഭിപ്രായപ്പെട്ടു.
‘ഇന്ത്യന്‍ ടീമില്‍ നിന്ന് അഭിഷേക് ശര്‍മ റണ്‍സ് കണ്ടെത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന് മികച്ച ഫോമിലും താളത്തിലുമാണ്. അവന് റണ്‍സ് നേടുന്നത് ഇന്ത്യന്‍ ടീമിന് നല്ല സൂചനയായിരിക്കും.
ആദ്യ ട്വന്റി20യില്‍ സഞ്ജു സാംസണ് സംഭാവന നല്‍കിയിട്ടുണ്ട്. അതിനാല്‍ അഭിഷേക് 50-ലധികം റണ്‍സ് നേടിയാല്‍ അത് അവന്റെ ഫോമിനും നല്ലതായിരിക്കും,’ രഹാനെ പറഞ്ഞു.
പരമ്പരയിലെ ആദ്യ രണ്ട് ഇന്നിങ്സുകളിലായി 169.69 സ്ട്രൈക്ക് റേറ്റില്‍ 56 റണ്‍സാണ് അഭിഷേക് ശര്‍മ ഇതുവരെ നേടിയത്.

അഭിഷേക് ശര്‍മ
നമന്‍ ധിറിനെ ഇന്ത്യയ്ക്ക് ലഭിച്ച രത്നമെന്നായിരുന്നു രഹാനെ വിശേഷിപ്പിച്ചത്.
‘അവന് പുറമെ, നമന്‍ ധിറിന്റെ സ്ഥിരതയും ഏത് മാനസികാവസ്ഥയിലാണ് അവന് കളിക്കുന്നതെന്നും ഒരിക്കല്‍ കൂടി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന് ശാന്തനും ഏകാഗ്രനുമായി തുടരുന്നു.
ആ പൊസിഷനില്‍ ഇന്ത്യന്‍ ടീമിന് ഒരു രത്നത്തെയാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ അവനില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അവന് വീണ്ടും മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ രഹാനെ കൂട്ടിച്ചേര്‍ത്തു.
പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ധിര്‍, രണ്ട് ഇന്നിങ്സുകളില്‍ നിന്ന് 228.12 സ്ട്രൈക്ക് റേറ്റില്‍ 73 റണ്‍സാണ് അടിച്ചുകൂട്ടിയത്.

നമന്‍ ധിർ. Photo: BCCI/x.com
ന്യൂസിലാന്‍ഡ് ടീമില്‍ നിന്ന് ഓപ്പണര്‍മാരായ ഫിന് അലന്, ടിം സീഫെര്‍ട്ട് എന്നിവരും അവരുടെ ഫാസ്റ്റ് ബൗളര്‍മാരെയും ഇന്ത്യ ശ്രദ്ധിക്കണമെന്നും രഹാനെ മുന്നറിയിപ്പ് നല്കി.
അതേസമയം, നാളെയാണ് (ഒക്ടോബര്‍ 27) പരമ്പരയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യയ്ക്ക് വെല്ലിങ്ടണില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര നേടാം. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ആതിഥേയര്‍ക്ക് വിജയം അനിവാര്യമാണ്.
Content Highlight: Ajinkya Rahane praises Abhishek Sharma and Naman Dhir ahead of the third T20 match between India and New Zealand.
