സിംബാബ്‌വേയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ചരിത്ര നേട്ടവുമായി മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. വഡോദരയില്‍ നടക്കുന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് സൂപ്പര്‍ താരം കരുത്ത് കാട്ടിയത്.

ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും വേള്‍ഡ്കപ്പ് ഹീറോ ഷെഫാലി വര്‍മയും നിരാശപ്പെടുത്തിയ മത്സരത്തില്‍ 121 പന്ത് നേരിട്ട് 126 റണ്‍സാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. 15 ഫോറുകളടിച്ചാണ് വനിതാ ഏകദിനത്തില്‍ താരം തന്റെ എട്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും ഹര്‍മന്‍ സ്വന്തമാക്കി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായമേറിയ അഞ്ചാമത് താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യം. 37 വയസും 231 ദിവസവുമാണ് ഹര്‍മന്റെ പ്രായം. സാക്ഷാല്‍ മൊഹീന്ദര്‍ അമര്‍നാഥിനെ മറികടന്നുകൊണ്ടായിരുന്നു ഹര്‍മന്റെ നേട്ടം.

ഏകദിനത്തില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന പ്രായമേറിയ താരം

(താരം – പ്രായം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 39 വയസും 153 ദിവസവും

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 38 വയസും 327 ദിവസവും

സുനില്‍ ഗവാസ്‌കര്‍ – 38 വയസും 113 ദിവസവും

വിരാട് കോഹ്‌ലി – 37 വയസും 326 ദിവസവും

ഹര്‍മന്‍പ്രീത് കൗര്‍ – 37 വയസും 231 ദിവസവും*

മൊഹീന്ദര്‍ അമര്‍നാഥ് – 37 വയസും 185 ദിവസവും

ഇതിന് പുറമെ വനിതാ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന പ്രായമേറിയ നാലാമത് താരമെന്ന റെക്കോഡും ഹര്‍മന്‍ തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു.

വനിതാ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന പ്രായമേറിയ താരം

(താരം – ടീം – പ്രായം എന്ന ക്രമത്തില്‍)

ബാര്‍ബ് ബെവേജ് – ന്യൂസിലന്‍ഡ് – 39 വയസും 48 ദിവസവും

ജാനറ്റ് ബ്രിട്ടിന്‍ – ഇംഗ്ലണ്ട് – 38 വയസും 161 ദിവസവും

ഡാലിന്‍ ടെര്‍ബ്ലാഞ്ചെ – ദക്ഷിണാഫ്രിക്ക – 37 വയസും 289 ദിവസവും

ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 37 വയസും 231 ദിവസവും*

ഡെബോറ ഹോക്‌ലി – ന്യൂസിലന്‍ഡ് – 37 വയസും 91 ദിവസവും

സൂസി ബേറ്റ്‌സ് – ന്യൂസിലന്‍ഡ് – 36 വയസും 87 ദിവസവും

മത്സരത്തില്‍ ഹര്‍മന് പുറമെ സൂപ്പര്‍ താരം ദീപ്തി ശര്‍മയും സെഞ്ച്വറി നേടി. 86 പന്ത് നേരിട്ട് 15 ഫോറിന്റെ അകമ്പടിയോടെ പുറത്താകാതെ 106 റണ്‍സാണ് ദീപ്തി സ്വന്തമാക്കിയത്.

67 പന്തില്‍ 61 റണ്‍സ് നേടിയ പ്രതീക റാവലിന്റെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 328 റണ്‍സ് നേടി.

സന്ദര്‍ശകര്‍ക്കായി നോംവേലോ സിബാന്‍ഡ രണ്ട് വിക്കറ്റും മിച്ചല്‍ മവൂംഗ, ന്യാ ഗ്വാന്‍സുര, ഒലീന്‍ഡര്‍ ചാര്‍, ടെന്‍ഡായ് മകൂഷ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: Harmanpreet Kaur surpasses Mohinder Amarnath to become the fifth oldest player to score a century for India in ODIs