ന്യൂദല്‍ഹി: എ.ഐ അവതാരത്തോട് അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. 1993ല്‍ അന്തരിച്ച ഹിന്ദു ആത്മീയ ആചാര്യന് സ്വാമി ചിന്മയാനന്ദിന്റെ അവതാരവുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദല്‍ഹി ഭാരത് മണ്ഡപത്തില്‍ നടന്ന മഹോത്സവ് ആഗോള സമ്മേളനത്തിലാണ് സംഭവം. തന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുഗ്രഹം നല്‍കണമെന്ന് മോദി എ.ഐ സ്വാമിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഈ അനുഭവം തന്നെ 33 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയെന്നും ഇത് വളരെ വൈകാരികമായ അനുഭവമാണെന്നും എ.ഐ അവതാരവുമായി സംസാരിച്ച ശേഷം മോദി പ്രതികരിച്ചു. സാങ്കേതിക വിദ്യയിലൂടെ ഗുരുവിന്റെ സാനിധ്യം വീണ്ടും അനുഭവിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ സംഘടനയായ ചിന്മയ മിഷന്റെ പ്രവര്‍ത്തനങ്ങളെയും മോദി പ്രശംസിച്ചു.
‘യുവാക്കളെ ഇന്ത്യന്‍ സംസ്കാരത്തിന്റെ അംബാസഡര്‍മാരായി വളര്‍ത്തുന്നതില്‍ സംഘടന നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യന്‍ മൂല്യങ്ങള്‍ പുതുതലമുറയ്ക്ക് നല്കാന് സംഘടനയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഹായിക്കും,’ മോദി പറഞ്ഞു.
Content Highlight: “Swami, please bless me”—Prime Minister seeks blessings from an AI avatar.
