റിയോ ഡി ജറീറോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇടതുപക്ഷ നേതാവ് ലുലാ ഡാ സില്‍വ. തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ ഫ്‌ളാവിയോ ബൊല്‍സാനാരോയെ അട്ടിമറിച്ചാണ് ലുല നാലാം തവണയും ബ്രസീലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

അഭിപ്രായ സര്‍വേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റില്‍ പറത്തിയുള്ള ലുലയുടെ വിജയം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും ലാറ്റിന്‍ അമേരിക്കയിലെ അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണ്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലൂല ഡാ സില്‍വ 51.75% വോട്ടുകളും ഫ്‌ലാവിയോ ബൊല്‍സൊനാരോ 48.25% വോട്ടുകളും നേടി. തുടര്‍ന്ന് സുപ്പീരിയര്‍ ഇലക്ടറല്‍ കോര്‍ട്ട് ലൂലയെ ഔദ്യോഗികമായി വിജയിയായി പ്രഖ്യാപിച്ചു.

ഒക്ടോബര്‍ നാലിന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയുടെ മകനായ ഫ്‌ളാവിയോ ബൊല്‍സൊനാരോ ആയിരുന്നു മുന്നില്‍. ബ്രസീലില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ട ശേഷം, ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന ഒരു സ്ഥാനാര്‍ത്ഥി രണ്ടാം ഘട്ടത്തില്‍ അട്ടിമറി വിജയം നേടുന്നത് ഇതാദ്യമായാണ്.

കടുത്ത രാഷ്ട്രീയ ധ്രുവീകരണത്തിനിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ലൂലയ്ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വോട്ടര്‍മാരെ തടയാന്‍ ശ്രമം നടന്നെന്ന പരാതികളെത്തുടര്‍ന്ന് ഇലക്ടറല്‍ കോര്‍ട്ട് വോട്ടെടുപ്പ് സമയം നീട്ടി നല്‍കിയിരുന്നു. 80 വയസുകാരനായ ലൂലയ്ക്ക് രാജ്യം നേരിടുന്ന കടുത്ത രാഷ്ട്രീയ ഭിന്നതകള്‍ പരിഹരിക്കുക എന്നത് വലിയ വെല്ലുവിളിയായിരിക്കും. കൂടാതെ, വലതുപക്ഷ പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റിനെയായിരിക്കും അദ്ദേഹത്തിന് ഇനി നേരിടേണ്ടി വരിക.

1970ല്‍ യൂണിയന്‍ നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ലുല വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. 2003 -2011 വരെ ബ്രസീലിന്റെ പ്രസിഡന്റായിരുന്ന ലുല 2022ല്‍ ജെയര്‍ ബോള്‍സൊനാരോയെ പരാജയപ്പെടുത്തി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി.
താന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ലുല പറഞ്ഞിരുന്നു.

ജനാധിപത്യവും സ്വാതന്ത്ര്യവും നല്ല മനസുള്ള ജനങ്ങളും ഈ രാജ്യത്ത് നേരിടുന്ന അപകടത്തെക്കുറിച്ച് ബ്രസീലിയന്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ നമുക്ക് പരാജയപ്പെടാന്‍ കഴിയില്ലെന്നും ലുല പറഞ്ഞു. തീവ്ര വലത് സ്ഥാനാര്‍ത്ഥിയായ ഫ്‌ളാവിയോയെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമര്‍ശം.

തനിക്ക് ചൈനീസ്, അമേരിക്കന്‍ സൈന്യത്തേക്കാള്‍ വലിയൊരു സൈന്യമുണ്ടെന്നും അത് ലുലയുടെ സൈന്യമാണെന്നും അദ്ദേഹം റാലിയില്‍ പ്രസംഗിക്കവെ പറഞ്ഞു. ‘ജനാധിപത്യത്തിന്റെ സൈനികര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കോടിയിലധികം ഉപയോക്താക്കളുള്ള ഒരു വാട്സ്ആപ്പ് ചാനലിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയാണ് ഫ്‌ളാവിയോ ബോള്‍സോനാരോ. തെരഞ്ഞെടുപ്പില്‍ ബോള്‍സോനാരോയ്ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ അവരുടെ അല്‍ഗോരിതത്തിലും എ.ഐ സംവിധാനങ്ങളിലും മാറ്റം വരുത്തി എന്ന ആരോപണം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പില്‍ മെറ്റ ഇടപെട്ടുവെന്നാരോപിച്ച്, ബോള്‍സോനാരോയെ അയോഗ്യനാക്കണമെന്ന് ലുലയുടെ പ്രചാരണ വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം ആവശ്യപ്പെട്ട് അവര്‍ രാജ്യത്തെ പരമോന്നത തെരഞ്ഞെടുപ്പ് കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ, വാട്സാപ്പിലൂടെ സര്‍ക്കാര്‍ അനുകൂല പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്നാരോപിച്ച്, ലുലയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബോള്‍സോനാരോയും കോടതിയെ സമീപിച്ചിരുന്നു.

Content Highlight: