ഇന്ത്യന്‍ ടീമില്‍ സ്പിന്‍ ബൗളര്‍മാരെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി ഇതിഹാസ താരം ആര്‍. അശ്വിന്‍. മികച്ച സ്പിന്നര്‍മാര്‍ ഉണ്ടായിട്ടും ഇന്ത്യ അവരുടെ മികവ് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നും ഈ സമീപനം മാറണമെന്നും അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
‘നിങ്ങള്‍ നന്നായി പന്തെറിയുകയാണെങ്കില്‍ ഒരു ബാറ്ററുടെ ആവശ്യമില്ല. ബൗളര്‍മാര്‍ക്ക് എന്തുകൊണ്ടാണ് അര്‍ഹമായ പരിഗണന ലഭിക്കാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പിഴവുകൊണ്ടാണ് നമ്മള്‍ വിജയിച്ചതെന്നതിന് എന്താണ് വിശദീകരണം? എനിക്ക് അതിനൊരു ഉത്തരവുമില്ല. ഞാന്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നമ്മള്‍ പോകുന്ന ഈ വഴി ശരിയല്ല.

ഇന്ത്യ സ്പിന്നര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ അഭിമാനിക്കുന്ന രാജ്യമാണ്. ഓസ്‌ട്രേലിയ അധികമായി ഒരു സ്പിന്നറെ ഉള്‍പ്പെടുത്തി വിജയിച്ചു. ഇംഗ്ലണ്ട് സ്പിന്‍ ബൗളിങ്ങിലൂടെ വിജയിക്കുന്നു. ന്യൂസിലാന്‍ഡും സ്പിന്നര്‍മാരെ ഉപയോഗിച്ച് വിജയിക്കുന്നു. അവരുടെ സ്പിന്നര്‍മാര്‍ നിങ്ങളെക്കാള്‍ മികച്ച രീതിയില്‍ പന്തെറിയുകയാണ്. ഇതേ രീതി തുടര്‍ന്നാല്‍ എല്ലാവരും നിങ്ങളെക്കാള്‍ മികച്ച രീതിയില്‍ പന്തെറിയും. അയര്‍ലാന്‍ഡ് പോലും അങ്ങനെ ചെയ്തു.
നമ്മള്‍ സ്പിന്‍ ബൗളിങ്ങില്‍ കൂടുതല്‍ മികവ് പുലര്‍ത്തണമെന്നാണ് ഞാന്‍ പറയുന്നത്. നമുക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്പിന്നറാണ്. ‘നിങ്ങള്‍ ആരാണ്?’ എന്നാണ് നിങ്ങള്‍ എന്നോട് ചോദിക്കുന്നത്. ഇത്രയും വലിയ ഗ്രൗണ്ടില്‍ ഇത്തരത്തില്‍ കളിക്കുന്നത് ഒട്ടും ശരിയല്ല,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.
ബ്ലാക് ക്യാപ്സ് ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ്‌കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സും നിതീഷ് 13 പന്തില്‍ പുറത്താകാതെ 26 റണ്‍സും നേടി. 17 പന്തില്‍ 31 റണ്‍സുമായാണ് ധിര്‍ തിരിച്ചുനടന്നത്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുമ്പിലാണ്. ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
