തിരുവനന്തപുരം: പ്രിയദർശിനി സർവീസുകൾ മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ സ്വകാര്യ ബസ് ഉടമ സംയുക്ത സമിതിയുടെ തീരുമാനം.
ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 16-ന് സർക്കാരിന് നോട്ടീസ് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സർവീസുകൾ നിർത്തിവെച്ച് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ബസുടമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ഓരോ ദിവസവും രണ്ടുപേർ വീതമാണ് നിരാഹാരമിരിക്കുന്നത്. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനം.
പ്രിയദർശിനി സർവീസുകൾ ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച മുൻ ഡി.ജി.പി പത്മനാഭൻ കമ്മീഷൻ സെപ്റ്റംബർ രണ്ടിന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ശുപാർശകൾ നടപ്പാക്കാനോ തങ്ങളുമായി ചർച്ച നടത്താനോ സർക്കാർ തയ്യാറായിട്ടില്ലെന്ന് ബസുടമകൾ വിമർശിച്ചു.
ഇതിനിടെ വിഷയം വീണ്ടും നീട്ടിക്കൊണ്ടുപോകാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗം സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ മറ്റൊരു കമ്മീഷനെ നിയോഗിച്ച നടപടിയെയും അവർ വിമർശിച്ചു.
ജൂൺ 15 മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സഹിച്ചാണ് ബസുകൾ ഓടിക്കുന്നതെന്ന് സംയുക്ത സമിതി വ്യക്തമാക്കി. ഡീസൽ വില വർധന, ജീവനക്കാരുടെ ശമ്പളം, സ്പെയർ പാർട്സുകളുടെ വിലക്കയറ്റം, ദേശീയപാതകളിലെ ഉയർന്ന ടോൾ നിരക്ക് എന്നിവ ദൈനംദിന ചെലവുകൾ കുത്തനെ കൂട്ടി. എന്നാൽ കഴിഞ്ഞ രണ്ടര വർഷമായി യാത്രാനിരക്കിലോ 15 വർഷമായി വിദ്യാർഥികളുടെ കൺസെഷനിലോ മാറ്റം വരുത്തിയിട്ടില്ലായെന്നു അവർ പറഞ്ഞു.
കെ.എസ്.ആർ.ടി.സിയെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് ഗതാഗത മന്ത്രിയുടേതെന്നും, സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ സമാന്തരമായി മറ്റ് ബസുകൾ സർവീസ് നടത്തുന്നത് വ്യവസായത്തെ തകർക്കുകയാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
നവംബർ മൂന്നിനകം സർക്കാർ തലത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സർവീസുകൾ പൂർണമായും നിർത്തിവെക്കുമെന്നും ബസുടമകൾ വ്യക്തമാക്കി.
Content Highlight:Private bus owners intensify protest against ‘Priyadarshini’ scheme; indefinite strike across the state from November 3.
