ജനീവ: ഗസയില്‍ കഴിഞ്ഞ വര്‍ഷം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും അവിടെ ഇസ്രഈല്‍ വംശഹത്യ നടത്തുന്നത് തുടരുകയാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള സ്വതന്ത്ര അന്താരാഷ്ട്ര കമ്മീഷന്റെ റിപ്പോര്‍ട്ട്. ‘ഗസയിലെ ഫലസ്തീനികളെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’ ഇസ്രഈല്‍ അധികൃതര്‍ ‘വംശഹത്യപരമായ പ്രവൃത്തികള്‍’ തുടര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിള്‍ ഇസ്രഈല്‍ എന്നിവിടങ്ങള്‍ക്കായുള്ള സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ യു.എന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണറുടെ ഓഫീസ് ഇന്നലെയാണ് (ഒക്ടോബര്‍ 26, തിങ്കള്‍) പ്രസിദ്ധീകരിച്ചത്. ഈ മാസം 14നാണ് റിപ്പോര്‍ട്ട് സമര്‍പിച്ചത്.

‘2023 ഒക്ടോബര്‍ മുതല്‍ ഇസ്രഈല്‍, ഫലസ്തീന്‍ എന്നീ രാഷ്ട്രങ്ങളിലെ സുരക്ഷാ സേനാ അംഗങ്ങള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, അവര്‍ വരുത്തിയ ശാരീരികവും മാനസികവുമായ ദ്രോഹങ്ങളെക്കുറിച്ചും ഈ റിപ്പോര്‍ട്ട് പ്രധാനമായും പരിശോധിക്കുന്നു,’ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് യു.എസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇതിന് ശേഷവും മേഖലയില്‍ ഇസ്രഈലിന്റെ വംശഹത്യ തുടരുന്നു. ഗസയില്‍, വെടിനിര്‍ത്തല്‍ കരാര്‍ എന്ന് വിളിക്കപ്പെടുന്ന ധാരണകള്‍ നിലനില്‍ക്കുമ്പോഴും, ഫലസ്തീന്‍ ജനതയെ പൂര്‍ണമായോ ഭാഗികമായോ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രഈല്‍ അധികൃതരും സൈന്യവും വംശഹത്യാപരമായ നടപടികള്‍ തുടരുകയാണെന്നും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താത്കാലിക വെടിനിര്‍ത്തല്‍ അതിര്‍ത്തിയായി അവതരിപ്പിക്കപ്പെട്ട ‘യെല്ലോ ലൈന്‍’ ഗസയിലേക്ക് കൂടുതല്‍ കടന്നുകയറുന്നതായും, അത് ഒരു യഥാര്‍ത്ഥ അതിര്‍ത്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗസയില്‍ ഇസ്രഈല്‍ തങ്ങളുടെ പ്രദേശിക നിയന്ത്രണം വിപുലീകരിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഇസ്രഈല്‍ കനത്ത ആയുധങ്ങള്‍ പ്രയോഗിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ നിലനിന്നിരുന്ന സമയത്തും, ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഇസ്രഈല്‍ സൈന്യം കനത്ത ആയുധങ്ങള്‍, ഡ്രോണുകള്‍, ക്വാഡ്കോപ്റ്ററുകള്‍, പീരങ്കികള്‍, സ്‌നൈപ്പര്‍ ആക്രമണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് തുടര്‍ന്നെന്ന് കമ്മീഷന്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസയില്‍ വംശഹത്യ തുടരുന്നതിനിടയില്‍, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ യുദ്ധക്കുറ്റങ്ങളും, ഉന്മൂലനം, പീഡനം, ക്രൂരമായ മര്‍ദ്ദനം, ബലാത്സംഗം തുടങ്ങിയ മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയിട്ടുണ്ട്. സാധാരണക്കാരായ ഫലസ്തീനികളെ മനപൂര്‍വം ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികളും കൂടുതല്‍ വഷളായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൈനിക നടപടികളിലൂടെയും, കുടിയേറ്റക്കാരുടെ തുടര്‍ച്ചയായ അക്രമങ്ങളിലൂടെയും, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ വെസ്റ്റ് ബാങ്കിലെ സാധാരണക്കാര്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ ഇസ്രഈല്‍ നടത്തി. സൈനിക നീക്കങ്ങളും കുടിയേറ്റക്കാരുടെ അക്രമങ്ങളും ഫലസ്തീന്‍ ജനതക്കെതിരായ ഒരു ഏകോപിത ആക്രമണത്തിന്റെ ഭാഗമായിത്തന്നെ ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് ഈ കാലയളവില്‍ ഇസ്രായേല്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വെസ്റ്റ് ബാങ്കിലെ സാധാരണ ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന വിപുലമായ ആക്രമണങ്ങളുടെ ഭാഗമാണ് പീഡനം, പ്രത്യുല്‍പാദന അവകാശങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, ബലാത്സംഗം, മറ്റ് ലൈംഗിക അതിക്രമങ്ങള്‍ എന്നിവ. ഫലസ്തീന്‍ ജനതയെ അവരുടെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാനും, കീഴ്‌പ്പെടുത്താനും, അവരുടെ ജീവിതസാഹചര്യങ്ങളെ അസ്ഥിരപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് ലൈംഗിക അതിക്രമങ്ങള്‍ ഉപയോഗിക്കപ്പെടുന്നതെന്നും സ്വതന്ത്ര അന്വേഷണ സംഘം കണ്ടെത്തി.

‘വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍കാരായ സാധാരണക്കാരെ മനപൂര്‍വം കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നതും, അവയില്‍ ഇസ്രഈല്‍ തങ്ങളുടെ ഉത്തരവാദിത്തം നിഷേധിക്കുന്നതും, ഫലസ്തീനികളെ ഉന്മൂലനം ചെയ്യാനും കുടിയൊഴിപ്പിക്കാനും, ജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ്,’ എന്ന് കമ്മീഷന്‍ ചെയര്‍ ശ്രീനിവാസന്‍ മുരളീധര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇതേ കമ്മീഷന്‍ പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടിലും, ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തിയെന്ന് കണ്ടെത്തിരുന്നു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ ഉദ്യോഗസ്ഥര്‍ അതിന് പ്രേരിപ്പിച്ചുവെന്നും അന്നത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Content Highlight: UN inquiry says Israel kept committing genocide in Gaza after truce