ഗസ സിറ്റി: ഗസയില്‍ നിന്ന് ഫലസ്തീന് ജനതയെ ഒഴിപ്പിക്കുന്നതിനായി സ്ഥലം തേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തുന്നുണ്ടെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ മുനമ്പില്‍ നിന്ന് ഫലസ്തീനികള്‍ക്ക് പുറത്തുപോകാനുള്ള ക്രമീകരണങ്ങള്‍ താന്‍ പരിശോധിക്കുന്നുണ്ട്. അവരെ സ്വീകരിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ചാനല്‍ 7ന് നല്കിയ അഭിമുഖത്തില്‍ നെതന്യാഹു വ്യാഴാഴ്ച പറഞ്ഞു. ഒക്ടോബര്‍ 27-ന് നടക്കാനിരിക്കുന്ന ഇസ്രഈല്‍ നെസെറ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഭിമുഖം.
‘ഗാസയിലുള്ള ഓരോ ഫലസ്തീനിക്കും അവിടെ നിന്ന് പുറത്തുപോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണം. അവരെ സ്വീകരിക്കാന്‍ തയ്യാറുള്ള രാജ്യങ്ങളെ കണ്ടെത്തുക എന്നതാണ് ഇതിലെ പ്രധാന തടസം.
ഞങ്ങള്‍ ഇതിനായുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ വ്യക്തിപരമായി തന്നെ വളരെ ശ്രദ്ധയോടെ ഇതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ചില ആദ്യഘട്ട പുരോഗതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ നെതന്യാഹു പറഞ്ഞു.
ഏതെങ്കിലും രാജ്യങ്ങളുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. ഗസയില്‍ നിന്നുള്ള ഫലസ്തീനികളെ സ്വീകരിക്കാന്‍ ഏതെങ്കിലും രാജ്യം സമ്മതിച്ചിട്ടുണ്ടോ എന്ന കാര്യവും ഇസ്രഈല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.
ഗസ മുനമ്പിന്റെ 60 ശതമാനത്തിലധികം പ്രദേശങ്ങളിലും സൈനിക നിയന്ത്രണം തുടരാനാണ് ഇസ്രഈലിന്റെ പദ്ധതിയെന്നും നെതന്യാഹു അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ കൈവശമുള്ള പ്രദേശങ്ങളില്‍ നിന്ന് പിന്മാറാന് തന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് നെതന്യാഹുവിന്റെ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
യുദ്ധത്തിനിടയില്‍ ഏകദേശം 1,50,000 ഫലസ്തീനികള്‍ ഗസയില്‍ നിന്ന് പുറത്തുപോയിട്ടുണ്ടെന്നും നെതന്യാഹു പറയുന്നു. അവസരം ലഭിച്ചാല്‍ അവിടുത്തെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ഈ കണക്കുകളെ സാധൂകരിക്കുന്ന യാതൊരു വിവരങ്ങളും നെതന്യാഹു നല്‍കിയില്ല.
ഫലസ്തീന് ജനതയെ ഗസയ്ക്ക് പുറത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന ഇസ്രഈല്‍ സര്‍ക്കാര്‍ അംഗങ്ങള്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നെതന്യാഹുവിന്റെ ഇപ്പോഴുള്ള പരാമര്‍ശങ്ങള്‍. ഗസയില്‍ നിന്ന് ഫലസ്തീനികളെ മറ്റൊരിടത്തേക്ക് ഒഴിപ്പിക്കാനായി ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ‘ജ്യൂയിഷ് പവര്‍’ നേതാവുമായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഒരു പദ്ധതി തയ്യാറാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.
ഗസ മുനമ്പില്‍ നിന്ന് 1.86 ദശലക്ഷം ഫലസ്തീനികളെ ഏഴ് വര്‍ഷത്തിനുള്ളില്‍ ‘സ്വമേധയാ കുടിയേറാന്‍’ പ്രേരിപ്പിച്ചുകൊണ്ട് പുറത്താക്കുന്നതിനുള്ള ഒരു വംശീയ ഉന്മൂലന പദ്ധതി ബെന്‍ഗ്വിര്‍ അവതരിപ്പിച്ചതായി ഇസ്രഈലി മാധ്യമങ്ങള്‍ കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
‘യേദിയോത്ത് അഹ്റോനോത്ത്’ പത്രം ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിക്കാനും, ഫലസ്തീനികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് അവര്‍ക്കായി ‘പുനരധിവാസ പാക്കേജുകള്‍’ നല്‍കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ‘ഡിസെന്‍ഗേജ്മെന്റ് 710’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ബെന്‍-ഗ്വിര്‍ അവതരിപ്പിച്ചത്. ഫലസ്തീനികളെ സ്വീകരിക്കാന്‍ തയ്യാറുള്ള രാജ്യങ്ങളുണ്ടെന്നും, വലിയൊരു വിഭാഗം ആളുകള്‍ക്ക് അവിടേക്ക് മാറാന്‍ ആഗ്രഹമുണ്ടെന്നും അവതരണ വേളയില്‍ ബെന്‍-ഗ്വിര്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ഗസയില്‍ നിന്നുള്ള വലിയൊരു വിഭാഗം ഫലസ്തീനികളെ സ്വീകരിക്കാന്‍ ഏതെങ്കിലും രാജ്യം സമ്മതിച്ചതായി അറിവില്ലെന്ന് ‘യേദിയോത്ത് അഹ്റോനോത്ത്’ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ വര്‍ഷം 250,000 ഫലസ്തീനികളെയും, മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.11 ദശലക്ഷം പേരെയും, ഏഴ് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.86 ദശലക്ഷം പേരെയും മാറ്റിപ്പാര്‍പ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Content Highlight: Netanyahu says he is personally working to ‘relocate’ Palestinians from Gaza, in talks with potential host countries
