2026ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനും ഇംഗ്ലണ്ടിനും വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് കെയ്‌നിനെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്. 2001ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ബാലൺ ഡി ഓർ വിജയിക്കുന്നത്. മൈക്കൽ ഓവൻ ആയിരുന്നു ഇതിനുമുമ്പ് അവസാനമായി ബാലൺ ഡി ഓർ വിജയിച്ച ഇംഗ്ലണ്ട് താരം.

പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ടോട്ടൻഹാം ഹോട്സ്പർ തന്റെ ഫുട്ബോൾ കരിയറിൽ വഹിച്ച വലിയ പങ്കിനെക്കുറിച്ച് കെയ്ൻ സംസാരിച്ചു. ടോട്ടൻഹാം ഇല്ലായിരുന്നെങ്കിൽ ഈ നിലയിൽ താൻ എത്തില്ലായിരുന്നുവെന്നാണ് കെയ്ൻ പറഞ്ഞത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിച്ചത് ടോട്ടൻഹാമിലെ പരിശീലകരും ആളുകളും ആണെന്നും കെയ്ൻ വ്യക്തമാക്കി.

‘ടോട്ടൻഹാം ഹോട്സ്പറിനോട് എനിക്ക് നന്ദിയുണ്ട്. ടോട്ടൻഹാം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഈ നിലയിൽ എത്തുമായിരുന്നില്ല. 11 വയസ് മുതൽ ഞാൻ ടോട്ടൻഹാമിലുണ്ട്. അവിടെയുള്ള പരിശീലകരും മറ്റുള്ള ആളുകളും എനിക്ക് നൽകിയ പിന്തുണയും മാർഗനിർദേശങ്ങളും എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിച്ചു. ആ യാത്രയിൽ എനിക്ക് ഒരുപാട് നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടായിരുന്നു. അതൊക്കെയാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. അതുകൊണ്ട് ടോട്ടൻഹാം ഹോട്സ്പറിന് ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു,’ ഹാരി കെയ്ൻ പറഞ്ഞു.

2009 മുതൽ 2023 വരെയാണ് ഹാരി കെയ്ൻ സ്പർസിന് വേണ്ടി ബൂട്ട് കെട്ടിയത്. ടോട്ടൻഹാമിനായി 213 ഗോളുകളാണ് ഇംഗ്ലീഷ് നായകൻ അടിച്ചുകൂട്ടിയത്. ടോട്ടൻഹാമിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളും കൂടിയാണ് കെയ്ൻ.

എന്നാൽ സ്പർസ് ജേഴ്സിയിൽ ഒരു കിരീടം നേടാനുള്ള ഭാഗ്യം കെയ്ന് ലഭിക്കാതെ പോവുകയായിരുന്നു. ടോട്ടൻഹാമിനൊപ്പം മൂന്ന് ഫൈനലുകളിൽ ആണ് ഹാരി കെയ്ൻ കളിച്ചത്. 2015ൽ കാരബാവോ കപ്പിന്റെ ഫൈനലിൽ ചെൽസിക്കെതിരെയായിരുന്നു കെയ്ൻ ആദ്യ ഫൈനലിൽ സ്പർസിന് വേണ്ടി പന്ത് തട്ടുന്നത്.

തുടർന്ന് നാല് വർഷങ്ങൾക്ക് ശേഷം 2019 ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ലിവർപൂളിന്റെ മുന്നിലും ടോട്ടൻഹാം പരാജയപ്പെടുകയായിരുന്നു. രണ്ട് വർഷങ്ങൾക്കുശേഷം വീണ്ടും കാരബാവോ കപ്പിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോടും പരാജയപ്പെട്ട് കെയ്നിന്റെയും കൂട്ടരുടെയും കിരീട പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.

ഒടുവിൽ 2023ൽ ഇംഗ്ലീഷ് ക്ലബ്ബിനൊപ്പമുള്ള നീണ്ട 14 വർഷത്തെ കരിയർ അവസാനിപ്പിച്ചുകൊണ്ട് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിലേക്ക് കൂടുമാറുകയായിരുന്നു കെയ്ൻ. തന്റെ ആദ്യ സീസണിൽ തന്നെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഹാരി കെയ്ൻ ജർമനിയിൽ മിന്നും പ്രകടനങ്ങൾ നടത്തിയത്.

ബവേറിയൻസിനൊപ്പം തന്റെ ആദ്യ സീസണിൽ തന്നെ 44 ഗോളുകളും 12 അസിസ്റ്റുകളും ആണ് ഇംഗ്ലണ്ട് സൂപ്പർ താരം നേടിയെടുത്തത്. ടീമിനുവേണ്ടി ഇത്രയധികം മികച്ച സംഭാവനകൾ ചെയ്തിട്ടും ആ സീസണിൽ ബയേണിന് കിരീടം നേടാൻ സാധിക്കാതെ പോവുകയായിരുന്നു. എന്നാൽ തൊട്ടടുത്ത സീസണിൽ കെയ്ൻ ബയേൺ മ്യൂണിക്കിനൊപ്പം തന്റെ ആദ്യ മേജർ കിരീടം സ്വന്തമാക്കി.

ബയേൺ മ്യൂണിക്കിന്റെ മുന്നേറ്റ നിരയിൽ ഗോളടിച്ചുകൂട്ടി ടീമിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറായി കെയ്ൻ സ്വയം അടയാളപ്പെടുത്തുകയായിരുന്നു. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനും വേണ്ടിയും അമ്പരപ്പിക്കുന്ന ഗോൾ വേട്ടയാണ് കെയ്ൻ നടത്തിയത്. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങളാണ് കെയ്ൻ സ്വന്തമാക്കിയത്. ബുണ്ടസ്ലീഗ കിരീടവും ഡി.എഫ്.ബി പോക്കലുമാണ് ജർമൻ വമ്പന്മാർക്കൊപ്പം കെയ്ൻ സ്വന്തമാക്കിയത്.

61 ഗോളുകളാണ് ഇംഗ്ലണ്ട് താരം ബയേൺ മ്യൂണിക്കിന് വേണ്ടി അടിച്ചുകൂട്ടിയത്. 2026 ഫിഫ ലോകകപ്പിലും ഇംഗ്ലണ്ടിനൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ലോകകപ്പിൽ ഇംഗ്ലണ്ടിനൊപ്പം സെമി ഫൈനൽ വരെ മുന്നേറാൻ കെയ്നിന് സാധിച്ചിരുന്നു. സെമിയിൽ അർജന്റീനക്ക് മുന്നിൽ കീഴടക്കിയാണ് ഇംഗ്ലണ്ട് ലോകകപ്പെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയത്.

കിരീടം നഷ്ടമായെങ്കിലും ലോകകപ്പിലെ കെയ്‌നിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് താരം തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോൾ നേട്ടം 14 ആക്കി ഉയർത്താനും കെയ്നിന് സാധിച്ചിരുന്നു.

 

Content Highlight: Harry Kane talks about Tottenham Hotspur help his football carrier