തമിഴിലെ സര്‍വ്വകാല വിജയമായി മാറിയിരിക്കുകയാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം ഒരിക്കല്‍കൂടി നെല്‍സണ്‍ ഒന്നിച്ചപ്പോള്‍ സിനിമാപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാണ്. 75ാം വയസിലും തന്റെ സ്റ്റൈലും സ്വാഗും കൊണ്ട് തലൈവര്‍ കളംനിറഞ്ഞപ്പോള്‍ തമിഴിലെ ആദ്യ 700 കോടി ചിത്രമായി ജയിലര്‍ 2 മാറി.
സിനിമാജീവിതത്തിലെ 51ാം വര്‍ഷത്തിലും ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോഡുകള്‍ കൈപ്പിടിയിലാക്കുകയാണ് രജിനികാന്ത്. മറ്റാര്‍ക്കും ഇതുവരെ സ്വന്തമാക്കാനാകാത്ത പല നേട്ടങ്ങളും ഇതിനോടകം രജിനി സ്വന്തമാക്കിയിട്ടുണ്ട്. തമിഴിലെ ആദ്യ അഞ്ച് കോടി മുതല്‍ 500, 600, 700 കോടി ചിത്രങ്ങള്‍ സമ്മാനിച്ചത് രജിനിയാണ്. ഒപ്പം വന്നവര്‍ക്കും പിന്നാലെ വന്നവര്‍ക്കും ബോക്‌സ് ഓഫീസില്‍ രജിനിയോളം സ്ഥിരത കാത്തുസൂക്ഷിക്കാനായിട്ടില്ല.

705 കോടിയും കടന്ന് ജയിലര്‍ 2 കുതിക്കുന്നതിനിടയിലും ചെറിയൊരു നിരാശ രജിനി ആരാധകര്‍ക്ക് ബാക്കിയാണ്. എല്ലാ പ്രധാന റീജിയണിലും സര്‍വ്വകാല വിജയമായി മാറുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇതുവരെ 200 കോടി നേടാനായിട്ടില്ലെന്ന് ചില ട്രാക്കിങ് പേജുകള്‍ ചൂണ്ടിക്കാണിക്കുന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും 175 കോടിയാണ് ഹോം സ്‌റ്റേറ്റില്‍ ജയിലര്‍ 2ന്റെ കളക്ഷന്‍.
വിജയ്‌യുടെ ആവറേജ് റിപ്പോര്‍ട്ട് ലഭിച്ച ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന് പോലും തമിഴ്‌നാട്ടില്‍ നിന്ന് 210 കോടിയിലേറെ കളക്ഷനുണ്ടെന്ന് ട്രാക്കര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടില്‍ ഒരു സിനിമയുടെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ ഇപ്പോഴും വിജയ്‌യുടെ പേരിലാണ്. 220 കോടിയുമായി ലിയോയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.

എന്നാല്‍ ഈ ലിസ്റ്റിലും രജിനി തന്നെ ഒന്നാമതെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദീപാവലി വരെ വലിയ റിലീസുകളൊന്നുമില്ലാത്തത് ജയിലര്‍ 2ന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അടുത്ത ഒരാഴ്ച കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് 50 കോടിക്ക് മുകളില്‍ നേടാനുള്ള എല്ലാ സാധ്യതയും ചിത്രത്തിനുണ്ട്. എല്ലാ റീജിയണിലും ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് സിനിമയായി ജയിലര്‍ 2 മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
കേരളത്തില്‍ ഇതിനോടകം സര്‍വകാലവിജയമായി ചിത്രം മാറിക്കഴിഞ്ഞു. 70.04 കോടിയാണ് ജയിലര്‍ 2ന്റെ കളക്ഷന്‍. ബാഹുബലി 2 (72.3 കോടി) മാത്രമാണ് മുന്നിലുള്ളത്. അധികം വൈകാതെ ഈ കളക്ഷനും ചിത്രം മറികടക്കുമെന്ന് ഉറപ്പാണ്. ഓവര്‍സീസിലെ ഓള്‍ ടൈം റെക്കോഡും 25 മില്യണുമായി ചിത്രം സ്വന്തം പേരിലാക്കി. തമിഴിലെ ആദ്യ 1000 കോടി എന്ന മൈല്‍സ്‌റ്റോണ്‍ ജയിലര്‍ 2 നേടാനും സാധ്യതകളേറെയാണ്.
Content Highlight: Jailer 2 can’t beat the Tamilnadu collection of GOAT movie
