ഗ്യാങ്സ്റ്റർ-കോമഡി-ഫാന്റസി പ്രമേയമാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ടൈറ്റൻസ്. ജയസൂര്യയും വിനായകനും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ആന്റണി യക്കൂസയായി ജയസൂര്യ വേഷമിട്ടപ്പോൾ യക്കൂസയുടെ കാവല്‍ മാലാഖയായാണ് വിനായകനെത്തിയത്. ഇവരെ കൂടാതെ മണികണ്ഠൻ ആചാരി, ബേബി ജീൻ, നിഹാൽ നസീം, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തിയേറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ സംവിധായകനായ പ്രിൻസ് ജോയ് തന്റെ ഫേസ്ബുക് അകൗണ്ടിലൂടെ ചിത്രവുമായി ബന്ധപ്പെട്ട് പങ്ക് വെച്ച വൈകാരികമായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യത്താലാണ് ഞാൻ ഇതെഴുതുന്നത്. എന്ന് കരുതി മലയാളത്തിലെ കൾട്ട് ക്ലാസ്സിക് സിനിമയാണ് ടൈറ്റൻസ് എന്നും ഞങ്ങൾ പറയുന്നില്ല. ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിൽ നിന്നുകൊണ്ടാണ് അതിന്റെ തിരക്കഥയെ ചിട്ടപ്പെടുത്തിയത്. അതിന്റെ പശ്ചാത്തലം ഗ്രൗണ്ടഡ് ആകണം എന്ന നിർബന്ധവും ഞങ്ങൾക്കുണ്ടായിരുന്നു. നിങ്ങൾ തന്ന എല്ലാ നിരൂപണങ്ങളും എന്റെ ടേക്എവേ ആണ്.

ടൈറ്റന്‍സ്. Photo: Screen Grab/IMDb
ഇതുവരെ സിനിമ കാണാത്തവരോട്, അടുത്ത വീക്കെന്റിൽ കാണാമെന്ന് കരുതുന്നവരോട്, ഫാന്റസി സിനിമകളെ സ്നേഹിക്കുന്നവരോട്, യുക്തിരഹിത തമാശകൾ ഇഷ്ടപ്പെടുന്നവരോട്, എക്സ്പെരിമെന്റ് സിനിമകളെ സ്വാഗതം ചെയ്യുന്നവരോട്, ഒ.ടി.ടി. പ്ലാറ്റ്ഫോമിനല്ല, ആൾക്കൂട്ടത്തിന് വേണ്ടി ചെയ്ത സിനിമയാണ് ടൈറ്റൻസ്. കഴിയുമെങ്കിൽ പടം തിയേറ്ററിൽ കാണുക, തിയേറ്ററീന്ന് ടൈറ്റൻസ് ഇല്ലാതാവും മുന്നേ,’ പ്രിൻസ് ജോയ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഒക്ടോബർ 22ന് റിലീസ് ചെയ്ത് ചിത്രം ആദ്യ അഞ്ചു ദിവസം പിന്നിടുമ്പോൾ ക്രോസ് ഓവർ കളക്ഷൻ 2.50 കോടി രൂപ മാത്രമാണ് സ്വന്തമാക്കാനായത്. ചിത്രം മുന്നേറാത്തതിനുള്ള കാരണം ജയിലർ 2 പോലെയുള്ളൊരു സിനിമയുടെ സാന്നിധ്യം കൊണ്ടാണെന്നും ചിത്രത്തിലെ ഐഡിയ നല്ലതാണെങ്കിലും കോമഡികൾ വർക്കായില്ലെന്നുമൊക്കെയാണ് കമന്റുകളിലൂടെ പ്രേക്ഷകർ പറയുന്നത്. അതേസമയം വി.എഫ്.എക്സും എ.ഐയും നല്ലതായിരുന്നെന്നും ഇങ്ങനെയൊരു പരീക്ഷണം നടത്താൻ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Director Prince Joy stated that Titans was not made for an OTT platform, but was a film created specifically for the theater crowd.
