ഇൻഡിപെൻഡന്റ് മ്യൂസിക് ട്രാക്കുകളിലൂടെ ശ്രദ്ധേയനാവുകയും മോഹിനിയാട്ടം സിനിമയിലെ സുഭാഷ് എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനാവുകയും ചെയ്ത നടനും ഗായകനുമാണ് ബേബി ജീൻ എന്നറിയപ്പെടുന്ന ഷബീബ് റഹ്‌മാന്‍. മോഹിനിയാട്ടത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിലൂടെ സിനിമയിൽ സജീവമാകുകയാണ് താരം. ടൈറ്റൻസാണ് നടന്റേതായി നിലവിൽ പുറത്തിറങ്ങിയ ചിത്രം. ആലപ്പുഴ ജിംഖാന, കാട്ടാളൻ എന്നിവയാണ് താരത്തിന്റെ മറ്റ് സിനിമകൾ. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിൽ പിന്നണി ഗായകനായും താരം പ്രവർത്തിച്ചിട്ടുണ്ട്.

പുതിയ സിനിമ ടൈറ്റൻസിനെക്കുറിച്ചും മോഹിനിയാട്ടത്തിലെ ഓർമകളെക്കുറിച്ചും ഒറിജിനൽസുമായുള്ള അഭിമുഖത്തിൽ പങ്ക് വയ്ക്കുകയായിരുന്നു താരം.

ഓഫീസർ ഓൺ ഡ്യൂട്ടി.Photo.Screen Grab/Youtube.com

‘മോഹിനിയാട്ടത്തിൽ ആ ഒരു കിണറിന്റെ കരയിൽ ഇവരുടെ എല്ലാവരുടെയടുത്തും നിന്നിട്ട് ഞാൻ ഓപ്പോസിറ്റ് നിന്ന് കുറച്ചധികം ഡയലോഗ് പറയുന്നുണ്ട്. അത് കുറച്ച് വറുത്തു. പത്ത് ടേക്ക് വരെ പോയി. കാരണം അത് രണ്ടു നാല് ആംഗിൾ ഉണ്ടല്ലോ,’ താരം പറഞ്ഞു.

അങ്ങനെ ഒരുപാട് ടേക്ക് പോവുമ്പോൾ തനിക്ക് ടെൻഷൻ ഉണ്ടാവാറില്ലെന്നും ആർട്ടിസ്‍റ്റിനെ എപ്പോഴും ഡിപ്പാർട്ട്മെന്റ് കംഫർട്ടബിളാക്കുമെന്നും താരം കൂട്ടിച്ചേർത്തു. ചീത്ത പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഫ്രെയിം കൈയ്യിൽ നിന്ന് പോവുമെന്ന് അറിയാവുന്നതുകൊണ്ട് അവർ സഹിച്ചോളുമെന്നും നടൻ പറഞ്ഞു. ടൈറ്റൻസിൽ കൂടുതൽ കോമ്പിനേഷൻ സീൻസ് ജയസൂര്യയുടെ കൂടെയായിരുന്നുവെന്നും അതിനാൽ അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞുവെന്നും നടൻ വ്യക്തമാക്കി.

ആലപ്പുഴ ജിംഖാന.Photo.Screen Grab/Youtube.com

അനുഗ്രഹീതൻ ആന്റണിക്ക് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ടൈറ്റൻസ്. വിനായകനും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൽ ബേബി ജീനിന്റെ കഥാപാത്രത്തിന്റെ പേര് പീറ്റർ എന്നാണ്. ഹ്യുമർ ടച്ചുള്ള ഒരു ലോക്കൽ ഡോണായിട്ടാണ് താരം വേഷമിട്ടിരിക്കുന്നത്.

‘മൊത്തത്തിൽ ഒരു ഗ്യാങ്സ്റ്റർ കോമഡി ഫാന്റസിയൊക്കെ സിനിമയിലുണ്ട്. ഒരു കിറുക്ക് അല്ലെങ്കിൽ ഒരു ചെറിയൊരു തിരിഞ്ഞ ക്യാരക്ടറാണ് എന്റേത്. ആലപ്പുഴ ജിംഖാനയിൽ നസ്‌ലൻ പറയുമായിരുന്നു ‘ഇങ്ങനെ കല്ല് വിഴുങ്ങിയ പോലെ ഇരിക്കണ്ടടാ’ എന്ന്. അതിൽ അങ്ങനെയൊരു ക്യാരക്ടറായിരുന്നു. അപ്പോൾ അവിടെ നിന്നും ഇതുപോലത്തെ ഒരു ക്യാരക്ടർ വരുമ്പോഴേക്കും ഞാൻ ഭയങ്കര എക്സൈറ്റഡായിരുന്നു,’ നടൻ പറഞ്ഞു.

Content Highlight: Baby Jean said that Naslen used to tell him not to sit there like he had swallowed a stone, adding that he had played that kind of a character in that movie.