പ്രിന്‍സ് ജോയിയുടെ സംവിധാനത്തില്‍ കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ജയസൂര്യയും വിനായകനും പ്രധാനവേഷത്തിലെത്തിയ ടൈറ്റന്‍സ്. മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളായ മിഥുന് മനുവല്‍ തോമസ് നിര്മാതാക്കളിലൊരാളായെത്തിയ ചിത്രം ഫാന്റസി ആക്ഷന്‍ കോമഡി ഴോണറിലായിരുന്നു സംവിധായകന് ഒരുക്കിയത്.
ജയസൂര്യ അവതരിപ്പിച്ച ആന്റണി യക്കൂസ എന്ന കഥാപാത്രത്തെ രക്ഷിക്കാന്‍ വരുന്ന കാവല്‍ മാലാഖയായ റെജിമോന് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിനായകന് വേഷമിട്ടിരിക്കുന്നത്. താനാരാണെന്ന കാര്യം മറച്ചുവെച്ചാണ് ടൈറ്റന്‍സിന്റെ ആദ്യപകുതിയില്‍ വിനായകന്റെ കഥാപാത്രം എത്തുന്നത്. ആന്റണി യക്കൂസയുടെ ആട്ടും തുപ്പും കേട്ട് ഒരു സഹായിയായി റെജിമോന് നില്‍ക്കുകയും എന്നാല്‍ ചിത്രം പുരോഗമിക്കുന്നതിനനുസരിച്ച് കഥാപാത്രത്തിന്റെ മറ്റൊരു വശം വെളിപ്പെടുത്തുന്നതുമാണ് കഥാപശ്ചാത്തലം.

ടൈറ്റന്‍സ്. Photo: X.com
ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന വിരിഞ്ഞ ചിറകും മനസില്‍ ഒരുപാട് നന്മയും അതേസമയം അതീവശക്തനുമായ കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ വിനായകന് കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യപകുതിയില്‍ തമാശ നിറഞ്ഞ, ഒന്നും അറിയാത്ത ഒരു നിഷ്കളങ്കനില്‍ നിന്നും രണ്ടാം പകുതിയില്‍ ഗൗരവക്കാരനായ മാലാഖയാകുന്ന കഥാപാത്രം വിനായകന്റെ കൈയില്‍ ഭദ്രമായിരുന്നു.
ഈവര്‍ഷം പുറത്തിറങ്ങിയ നൂറ് കോടി ചിത്രമായ ആട് 3യിലെ ഡ്യൂഡും അടുത്തിടെ പുറത്തിറങ്ങിയ വമ്പന്‍ ഹിറ്റ് ചിത്രം ജയിലര്‍ 2വിലെ വര്‍മനും തമ്മില്‍ ഒരുപാട് വ്യത്യാസമുള്ള കഥാപാത്രമാണ് ടൈറ്റന്‍സിലെ റെജിമോന്. 2023ല്‍ പുറത്തിറങ്ങിയ ജയിലറില്‍ കൊടൂര വില്ലനായ വര്മന് കൊല്ലപ്പെടുന്നുണ്ടെങ്കിലും രണ്ടാം ഭാഗത്തില്‍ കാമിയോ വേഷത്തില്‍ കഥാപാത്രമെത്തുകയും കൈയടി നേടുകയും ചെയ്തിരുന്നു.
താരത്തിന്റെ സമീപകാലത്തെ കഥാപാത്രങ്ങള്‍ എടുത്തുനോക്കുകയാണെങ്കില്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ കളങ്കാവലിലെ നത്തും വലിയ നിരൂപക പ്രശംസ നേടിയതായിരുന്നു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ കളങ്കാവലില്‍ മമ്മൂട്ടിയ്ക്കൊപ്പം കട്ടയ്ക്ക് നില്ക്കുന്ന പ്രകടനമായിരുന്നു വിനായകന് കാഴ്ചവെച്ചത്.
ചെറിയ ബജറ്റെങ്കിലും ടൈറ്റന്‍സില്‍ കൈയടി നേടിയ രംഗമായിരുന്നു വിനായകന്റെയും ലൂസിഫറിന്റെ അനുയായിയായി വേഷമിട്ട ആദം സാബിഖുമൊത്തുള്ള ഫൈറ്റ്. സീനില്‍ തന്റെ വര്‍ഷങ്ങളുടെ എ്സ്പീരിയന്സായിരുന്നു വിനായകന് ഇവിടെ കാഴ്ചവെച്ചത്. ഫൈറ്റ് സീനിന്റെ ഷൂട്ടിനിടെ പുതുമുഖമായ തന്നെ വിനായകന് സഹായിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസം നല്കിയ ഫൈറ്റില്‍ ആദം സംസാരിച്ചിരുന്നു.

ടൈറ്റന്‍സ്. Photo: X.com
പുതുമയുള്ള കോണ്‍സെപ്റ്റിലാണ് ചിത്രം കഥ പറയുന്നതെങ്കിലും ബോക്സ് ഓഫീസില്‍ വേണ്ട വിധത്തില്‍ തിളങ്ങാന്‍ ചിത്രത്തിന് സാധിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ജയസൂര്യ, നിഹാം നിസാല്‍, ബേബി ജീന്‍, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ തുടങ്ങി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയവരെല്ലാവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട മൂന്ന് വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്ന് വിനായകന് അവതരിപ്പിച്ച വര്മന് ആണ് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്ന് വിനായകന് ടൈറ്റന്‍സിലെ റെജിമോനിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
Content Highlight: Vinayakan’s Performance in Titans movie
