ഗസ: ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സിയിലെ (യു.എന്‍.ആര്.ഡബ്ല്യൂ.എ) ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍ വരുത്തിയ 20 ശതമാനം വെട്ടിക്കുറയ്ക്കലിലും സേവനങ്ങള്‍ ചുരുക്കുന്നതിലും പ്രതിഷേധിച്ച് റാലി സംഘടിപ്പിച്ചു.
തിങ്കളാഴ്ച ഗസയിലാണ് റാലി നടന്നത്. അനഡോലു അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
അറബ് വര്‍ക്കേഴ്സ് യൂണിയന്റെ ആഹ്വാനത്തെത്തുടര്‍ന്നാണ് ഈ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഗസയില്‍ നിന്നും വടക്കന്‍ മേഖലകളില്‍ നിന്നുമുള്ള യു.എന്‍.ആര്.ഡബ്ല്യൂ ജീവനക്കാര്‍ ഖതീബ മസ്ജിദിന് മുന്നില്‍ ഒത്തുകൂടുകയും, തുടര്‍ന്ന് ഏജന്‍സിയുടെ റീജ്യണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയുമായിരുന്നു.
തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായി നല്‍കിവരുന്ന അത്യാവശ്യ റിലീഫ്, ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ തടസ്സമില്ലാതെ നിലനിര്‍ത്തുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
ഗസയിലുടനീളം കടുത്ത മാനുഷിക-ജീവിത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഈ പ്രതിഷേധം നടന്നത്. യു.എന്‍.ആര്.ഡബ്ല്യൂ നിലവില്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഏജന്‍സിയുടെ പ്രവര്‍ത്തന ശേഷിയെത്തന്നെ ബാധിക്കുന്ന സാഹചര്യത്തില്‍, നടപ്പിലാക്കുന്ന ചെലവ് ചുരുക്കല്‍ നടപടികള്‍ ജീവനക്കാരെയും അഭയാര്‍ത്ഥികളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നതില്‍ പ്രക്ഷോഭകര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഇതിനിടെ, യു.എന്‍.ആര്.ഡബ്ല്യു ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികളെ ഫലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് തള്ളിക്കളയുകയും ഏജന്‍സിക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Content Highlight: UNRWA employees protest in Gaza against salary cuts and reduction of services.
