സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാറിയേഴ്സിനെതിരെ ചരിത്ര വിജയം സ്വന്തമാക്കി മലപ്പുറം എഫ്.സി. മലപ്പുറത്തിന്റെ തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കണ്ണൂരിനെ മലപ്പുറം തകർത്തത്.
ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് കണ്ണൂരിനെ മലപ്പുറം കീഴടക്കുന്നത്. പയ്യനാട്ടിലെ തിങ്ങിനിറഞ്ഞ ഓറഞ്ച് കടലിനെ സാക്ഷിയാക്കിക്കൊണ്ട് മലപ്പുറം കണ്ണൂരിനെതിരെയുള്ള ആദ്യ വിജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്.
ഇരുടീമുകളും ഇതിന് മുമ്പ് നാല് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും വിജയം കണ്ണൂരിനൊപ്പമായിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു.
ആദ്യ സീസണിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും, 4-3 എന്ന സ്കോറിനുമാരുന്നു മലപ്പുറത്തിനെ കണ്ണൂർ വീഴ്ത്തിയിരുന്നത്. രണ്ടാം സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിക്കുകയായിരുന്നു.
ആദ്യ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ, രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകൾ വീതം നേടി ഇരുടീമുകളും പോയിന്റുകൾ പങ്കുവെച്ചു. ഇപ്പോഴിതാ ചരിത്രത്തിൽ ആദ്യമായി കണ്ണൂരിനെ വീഴ്ത്തി മലപ്പുറം ടൂർണമെന്റിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
Back-to-back home wins! 🏟️🔥 Malappuram FC make a statement with a historic 3-0 win, shutting out Kannur Warriors FC on home turf. #SuperLeagueKerala #WhiteGoldSLK #SLKSeason3 #FeelTheFireFeelTheFootball #MFCvsKWFC https://t.co/KM3xqnCOvT
— Super League Kerala (@slk_kerala) October 26, 2026
ആവേശം അലതല്ലിയ പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം തുടങ്ങി 19ാം മിനിട്ടിൽ തന്നെ സുകൂനയിലൂടെ മലപ്പുറം ഗാലറിയെ പൊട്ടിത്തെറിപ്പിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. കണ്ണൂരിന്റെ പ്രതിരോധത്തെ പൊളിച്ചുകൊണ്ടുള്ള പാസിൽ നിന്നും താരം ഗോൾകീപ്പറിന് മുകളിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ ആഡ് ഓൺ ടൈമിൽ മലപ്പുറം രണ്ടാം ഗോളും നേടി ആധിപത്യമുറപ്പിച്ചു. കോർണറിൽ നിന്നും ലഭിച്ച ഒരു റീബൗണ്ട് പന്തിൽ നിന്നും ഒരു മികച്ച ഷോട്ടിലൂടെ മെഹ്ദിയാണ് മലപ്പുറത്തിന് രണ്ടാമത്തെ ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിൽ റാഷിദ് സി.കെയിലൂടെ മലപ്പുറം മൂന്നാം ഗോളും നേടിയതോടെ കണ്ണൂരിന്റെ പതനം പൂർത്തിയായി. 66ാം മിനിട്ടിൽ കണ്ണൂരിന്റെ പെനാൽറ്റി ബോസ്കിൽ നിന്നും താരം പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മലപ്പുറം സ്വന്തം ആരാധകരുടെ മുന്നിൽ ചരിത്ര വിജയം നേടി കരുത്തുകാട്ടുകയായിരുന്നു. മത്സരത്തിൽ 13 ഷോട്ടുകളാണ് ആതിഥേയർ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ നാല് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് പത്ത് ഷോട്ടുകളിൽ ഒന്ന് മാത്രമാണ് സന്ദർശകർക്ക് എതിർ പോസ്റ്റിലെത്തിക്കാൻ സാധിച്ചത്.
നവംബർ ഒന്നിനാണ് മലപ്പുറം അടുത്ത മത്സരത്തിനിറങ്ങുന്നത്. കാലിക്കറ്റ് എഫ്.സിയാണ് എതിരാളികൾ. മലബാർ ഡെർബിയിൽ ഇതുവരെ കാലിക്കറ്റിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന ചീത്തപ്പേര് അടുത്ത മത്സരത്തിൽ മലപ്പുറം സ്വന്തം മണ്ണിൽ തിരുത്തിയെഴുതുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
സൂപ്പർ ലീഗ് കേരളയിൽ ഇരുടീമുകളും ഈ സീസണിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം കാലിക്കറ്റിനൊപ്പമായിരുന്നു. കോഴിക്കോടിന്റെ തട്ടകമായ ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3നാണ് കാലിക്കറ്റ് വിജയിച്ചു കയറിയത്.
ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം പെനാൽറ്റിയിലൂടെ വിധിയെഴുതുകയായിരുന്നു. ടൂർണമെന്റിന്റെ ചരിത്രത്തിൽ മലപ്പുറം എഫ്.സിയോട് പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനായിരിക്കും കാലിക്കറ്റ് പയ്യനാട്ടേക്ക് വണ്ടികയറുക.
Content Highlight: Malappuram FC beat Kannur Warriors fc first time in the history of super league Kerala
