തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് യാത്ര തിരിച്ച അഭിനേതാവാണ് നസ്ലെന്‍. ഗിരീഷ് എ.ഡി അവതരിപ്പിച്ച പുതുമുഖങ്ങളില്‍ ഇന്ന് വലിയ വിജയത്തിലെത്തി നില്‍ക്കുന്ന അഭിനേതാവും നസ്ലെന്‍ തന്നെയെന്ന് നിസംശയം പറയാം. ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 2024 ചിത്രം പ്രേമലുവിലൂടെ നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചുരുക്കം ചില മലയാളം അഭിനേതാക്കളില്‍ ഒരാളാകാനും നസ്ലെന് സാധിച്ചിരുന്നു.

പിന്നാലെ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, മോളിവുഡ് ടൈംസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ താരം ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂസും ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന മട്ടാഞ്ചേരി മാഫിയയും അടക്കം വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ നസ് ലെന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത് നവംബര്‍ ആറിന് റിലീസ് ചെയ്യുന്ന സീന്‍.

നസ്ലെന്‍. Photo: X.com

തമിഴിലെ സൂപ്പര്‍ താരം സൂര്യ നായകനാകുന്ന ചിത്രത്തില്‍ വില്ലനായിട്ടായിരിക്കും നസ് ലെന്‍ വേഷമിടുക എന്ന് അപ്ഡേറ്റുകള്‍ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി നടന്ന പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ നസ് ലെനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. നസ് ലെന്റെ തമിഴിലെ ആദ്യ ചിത്രമാണിതെന്നും ഇനിയും ഒരുപാട് ചിത്രങ്ങള്‍ താരത്തിന് തമിഴില്‍ ചെയ്യാന്‍ സാധിക്കട്ടെ എന്നും സൂര്യ ചടങ്ങില്‍ ആശംസിച്ചു.

‘നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ആവേശവും രോമാഞ്ചവും ചെയ്ത ജിത്തുവിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ മാനിഫെസ്റ്റ് ചെയ്തിരുന്നു. അത് ഇത്ര പെട്ടെന്ന് നടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. സാധാരണയായി ഒരു കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ സമാധാനമായിട്ടാണ് ഇരിക്കാറുള്ളത്. പക്ഷേ ജിത്തു പറയാന്‍ തുടങ്ങി ഒരു അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ഞാന്‍ ചിരിക്കാന്‍ തുടങ്ങി. സീനില്‍ അദ്ദേഹം ഒരു പുതിയ ലോകം തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

സീന്‍. Photo: District

ചിത്രത്തില്‍ നസ്രിയ അവരുടെ നാച്ച്വറല്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചിട്ടുള്ളത്. മായ എന്ന കഥാപാത്രത്തെ വളരെ മികച്ചതാക്കി തന്നെ അവര്‍ ചെയ്തിട്ടുണ്ട്. പിന്നെ എടുത്ത് പറയേണ്ടത് ഇന്‍ക്രെഡിബിളി ടാലന്റഡായിട്ടുള്ള നസ് ലെനെ കുറിച്ചാണ്. അവന്റെ തുടക്കം നന്നായി വരട്ടെ. തമിഴില്‍ ആദ്യത്തെ പടമാണ് ചെയ്യുന്നത്. ഇനിയും ഒരുപാട് ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ. നിങ്ങള്‍ ചെയ്തുവെച്ചത് ഞാന്‍ സ്‌ക്രീനില്‍ കണ്ടിരുന്നു. അതിഗംഭീരമായി തന്നെ നസ് ലെന്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങള്‍ കാഴ്ചവെച്ച മാജിക്കിന് നന്ദി,’ സൂര്യ പറഞ്ഞു.

Content Highlight: Suriya talks about Naslen acting in Tamil cinema