തമിഴ്-മലയാളി സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി മലയാളിയായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ആവേശത്തിന്റെ വൻ വിജയത്തിന് ശേഷം ജിത്തു ഒരുക്കുന്ന ചിത്രം കൂടിയാണത്. സൂര്യയോടൊപ്പം നസ്രിയ നസീം, നസ്ലെൻ
തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നത്.
മലയാളി സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിയ്ക്കുന്നത്. സുഷിന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയാണിത്. സുഷിൻ സംഗീതം നിർവഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. നസ്ലെൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നവംബർ ആറിനാണ് ചിത്രം റിലീസിനായി എത്തുന്നത്.

സീൻ.Photo. IMDb
ഇപ്പോഴിതാ ആദ്യ തമിഴ് ചിത്രമായ ‘സീൻ’ തനിക്ക് ഏറെ സ്പെഷ്യലാണെന്നും സിനിമ കണ്ടിട്ട് പ്രേക്ഷകർ അഭിപ്രായം പറയണമെന്നും നടൻ നസ്ലെൻ. ദുബായിൽ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ വരവ് ഏറെ പ്രത്യേകതയുള്ളതാണെന്നും ചിത്രത്തിൽ വ്യത്യസ്തമായാണ് താൻ അഭിനയിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.
‘സത്യം പറഞ്ഞാൽ നല്ല പേടിയുണ്ട്. നന്നായി പേടിച്ചിട്ടാണ് ഇവിടെ നിൽക്കുന്നത്. മുന്നേ ഒരുപാട് പ്രാവശ്യം ദുബായിൽ വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ വരവ് ഭയങ്കര സ്പെഷ്യലാണ്. കാരണം, ഇതെന്റെ ആദ്യത്തെ തമിഴ് പടമാണ്. അതുകൊണ്ടുതന്നെ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. സൂര്യ സാറും നസ്രിയയും എല്ലാവർക്കും നന്ദി. ജിത്തു സാറിനും പ്രത്യേകം നന്ദി,’ നസ്ലെൻ പറഞ്ഞു.
ആദ്യ തമിഴ് ചിത്രമെന്ന നിലയിൽ ‘സീൻ’ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും മലയാളത്തിൽ തന്നെ തുടരണമോയെന്ന് സിനിമ കണ്ടിട്ട് പ്രേക്ഷകർ പറയണമെന്നുമാണ് നസ്ലെൻ പറഞ്ഞു. നവംബർ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമ കണ്ടശേഷം പ്രേക്ഷകർ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണമെന്നും താരം അഭ്യർഥിച്ചു.
‘പറഞ്ഞതുപോലെ തന്നെ ഇതെന്റെ ആദ്യത്തെ തമിഴ് പടമാണ്. ഒരുപാട് സന്തോഷമുണ്ട്. ഇത് കണ്ടിട്ട് നിങ്ങൾ വേണം പറയാൻ, മലയാളത്തിൽ തന്നെ നിന്നാൽ മതിയോ എന്ന്. നവംബർ ആറിന് പടം ഇറങ്ങുകയാണ്. കണ്ടിട്ട് അഭിപ്രായം പറയണം. നിങ്ങൾ തരുന്ന സ്നേഹം ഇനിയും ഉണ്ടാകട്ടെ. വളരെ അധികം നന്ദി,’ നസ്ലെൻ പറഞ്ഞു.
സൂര്യയ്ക്കൊപ്പമുള്ള അഭിനയം വലിയ ആവേശം നൽകിയ അനുഭവമായിരുന്നെന്നും താരം പങ്കുവെച്ചു. ചെറുപ്പം മുതൽ കാണുകയും ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന നടനായതിനാൽ സൂര്യയെ അടുത്തുകാണുമ്പോൾ സംസാരിക്കാൻ പോലും വാക്കുകൾ കിട്ടാറില്ലെന്നും നസ്ലെൻ കൂട്ടിച്ചേർത്തു.
‘സൂര്യ സാറിന്റെ കൂടെ അഭിനയിക്കുമ്പോൾ സത്യം പറഞ്ഞാൽ ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. ഞാൻ ഭയങ്കര ബ്ലാങ്കായിരുന്നു. കാരണം ചെറുപ്പം മുതലേ കാണുന്ന, എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ്. ഇപ്പോഴും അടുത്ത് കാണുമ്പോൾ എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ ഉണ്ടാകാറില്ല. അത്രയ്ക്ക് ഇഷ്ടമാണ് അദ്ദേഹത്തെ,’ നസ്ലെൻ പറഞ്ഞു.

നസ്രിയ നസീം,സൂര്യ. Photo. Screen Grab/ Youtube
ചിത്രത്തിൽ താൻ ചെയ്തിട്ടുള്ള കാര്യങ്ങൾ വ്യത്യസ്തമാണെന്നും സിനിമ കണ്ടശേഷം എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് തുറന്നുപറയണമെന്നുമാണ് താരത്തിന്റെ അഭ്യർഥന. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ട് തിരുത്താൻ ശ്രമിക്കുമെന്നും നസ്ലെൻ കൂട്ടിച്ചേർത്തു.
Content Highlight: Actor Naslen stated that his first Tamil film, ‘Scene’, is very special to him, and requested the audience to share their feedback after watching the movie
