സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സീന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരില്‍ ഹൈപ്പുണര്‍ത്തി. ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും സീനിനുണ്ട്.

അതുവരെയുണ്ടായിരുന്ന ഹൈപ്പിനെ ഇരട്ടിയാക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവിട്ട നസ്‌ലെന്റെ ക്യാരക്ടര്‍ ടീസര്‍. ഈശ്വരന്‍ എന്ന കഥാപാത്രമായാണ് നസ്‌ലെന്‍ വേഷമിടുന്നത്. സൈക്കോ വില്ലനാണ് ഈശ്വരനെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്. സൂര്യക്കൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്യുന്ന വില്ലനാകും നസ്‌ലെന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നു.

നസ്‌ലെന്റെ കഥാപാത്രത്തെക്കുറിച്ച് ഇതിനോടകം പല ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. അമേരിക്കയെ വിറപ്പിച്ച കാന്‍ഡി കില്ലറുമായിട്ടാണ് പലരും ഈശ്വരനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഇതിനിടയില്‍ ചിരിയുണര്‍ത്തുന്ന ചില മീമുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സീന്‍, പ്രേമലു, വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ സിനിമകളെ ക്രോസ് ഓവര്‍ ചെയ്തുകൊണ്ടുള്ള ട്രോളാണ് വൈറലായത്.

വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ സൂര്യയും മമിതയും തമ്മിലുള്ള റൊമാന്‍സ് സീനിന്റെ സ്‌ക്രീന്‍ഷോട്ടും സീനില്‍ നസ്‌ലെന്റെ സ്‌ക്രീന്‍ഷോട്ടും ഒന്നിച്ചുവെച്ചുകൊണ്ടുള്ള മീം പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി. ഇന്‍ട്രോവേര്‍ട്ടായിരുന്ന സച്ചിന്‍ സൈക്കോയായത് വെറുതയല്ലെന്നും റീനുവിനെ കൊണ്ടുപോയതിന്റെ ദേഷ്യം കാരണമാണ് ഇങ്ങനെയായതെന്നും ട്രോളുകളിലെ ക്യാപ്ഷന്‍.

ആരും ചിന്തിക്കാത്ത തരത്തിലുള്ള ഇത്തരമൊരു ക്രോസ് ഓവര്‍ പലരിലും ചിരിയുണര്‍ത്തുന്നുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. നാട്ടില്‍ വലിയ ജോലിയൊന്നുമില്ലാത്ത സച്ചിനെക്കാള്‍ കോടീശ്വരനായ സഞ്ജയ്‌യാണ് നല്ലതെന്ന് റീനുവിന് തോന്നിക്കാണുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ സീനിലെ പ്രധാന വില്ലന്‍ നസ്‌ലെനായിരിക്കില്ലെന്നും ചില ഫാന്‍ തിയറികളുണ്ട്. ക്രൈം ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രധാന വില്ലനെ ആദ്യം തന്നെ റിവീല്‍ ചെയ്യാന്‍ സാധ്യതയില്ലെന്നും ജിത്തു മാധവന്‍ എന്തെങ്കിലും സര്‍പ്രൈസ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. നവംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Troll about Scene movie and Viswanath and Sons crossover viral