ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ ചുവരെഴുത്തുകള്‍ക്കെതിരെ വിമര്‍ശനവുമായി വി.എച്ച്.പി. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന് പുനസ്ഥാപിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ പതിച്ച ചുവരെഴുത്തുകള്‍ക്കെതിരെയാണ് വി.എച്ച്.പി രംഗത്തെത്തിയിരിക്കുന്നത്.
ഫ്രീ ഫലസ്തീന്, ഫ്രീ ഷര്‍ജീല്‍ ഇമാം, വി.സി ഗോ ബാക്ക്, ആര്.എസ്.എസ് ഗോ ബാക്ക് എന്നീ ചുവരെഴുത്തുകളാണ് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബന്‍സാലിനെ ചൊടിപ്പിച്ചത്.
‘രാജ്യ തലസ്ഥാനത്തെ പ്രശസ്തമായ ജാമിയ സര്‍വകലാശാലയില്‍ ഫ്രീ കശ്മീര്‍, ഫ്രീ ഫലസ്തീന്, ഫ്രീ ഷര്‍ജീല്‍ ഇമാം, വി.സി ഗോ ബാക്ക്, ആര്.എസ്.എസ് ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഈ പഠനക്ഷേത്രത്തെ അശുദ്ധമാക്കാനുള്ള ആഴത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്,’ വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.
ചിലര്‍ സര്‍വകലാശാലയെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണോ എന്നും വി.എച്ച്.പി നേതാവ് ചോദിച്ചു. കുറ്റക്കാരെ തിരിച്ചറിഞ്ഞ് ഉടന്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കലടക്കമുള്ള നടപടികളെടുക്കുകയും ചെയ്യണമെന്നും ബന്‍സാല്‍ പറഞ്ഞു.
‘ഭരണഘടനയെ ‘ഫാസിസ്റ്റ്’ എന്ന് വിളിക്കുകയും, അല്ലാഹുവിന്റെ നാമത്തില്‍ ‘ഇന്ത്യയെ കഷണങ്ങളാക്കും’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന രാജ്യദ്രോഹികളും വിഷലിപ്തരുമായ ജിഹാദി ശക്തികളെയാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിരോധിക്കാന്‍ എത്തുന്നത്,’ വി.എച്ച്.പി നേതാവ് പറഞ്ഞു.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും രാജ്യവിരുദ്ധ ആശയങ്ങള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം തങ്ങള്‍ ആരുടെ ഭാഗത്താണെന്ന് വ്യക്തമാക്കണം. അവര്‍ നില്‍ക്കുന്നത് ഷര്‍ജീല്‍ ഇമാമിനെപ്പോലെയുള്ള രാജ്യദ്രോഹികള്‍ക്കൊപ്പമാണോ, അതോ ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ദേശീയ ഐക്യത്തിനും ഒപ്പമാണോ,’ വി.എച്ച്.പി നേതാവ് പറഞ്ഞു.
ക്യാമ്പസുകളില്‍ രാജ്യവിരുദ്ധത വളര്‍ത്തുന്ന ഇത്തരം ശക്തികളെ സമൂഹം പൂര്‍ണമായി ബഹിഷ്കരിക്കണമെന്നും അവരോട് യാതൊരുവിധ അനുകമ്പയും കാണിക്കരുതെന്നും ബന്‍സാല്‍ പറഞ്ഞു.
Content Highlight: The Congress must clarify whether it stands with extremists like Sharjeel Imam or with the Constitution: VHP
