മലയാളത്തില്‍ ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച ശേഷം തമിഴില്‍ അരങ്ങേറുകയാണ് ജിത്തു മാധവന്‍. തമിഴിലെ സൂപ്പര്‍താരം സൂര്യയെ നായകനാക്കി ഒരുക്കുന്ന സീന്‍ അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്. സൂര്യയെപ്പോലെ വെര്‍സാറ്റൈലായിട്ടുള്ള താരത്തെ വെച്ച് ഒരുക്കുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

രോമാഞ്ചവും ആവേശവും പോലെ ഓവര്‍ ദി ടോപ് കോമഡി ചിത്രമല്ല സീനെന്ന് ഓരോ അപ്‌ഡേറ്റും അടിവരയിട്ടു. കഴിഞ്ഞദിവസം പുറത്തുവന്ന നസ്‌ലെന്റെ ക്യാരക്ടര്‍ ടീസറിന് പിന്നാലെ സൈക്കോ ത്രില്ലറാകും സീനെന്ന് പലരും അനുമാനിച്ചു. ഈശ്വരന്‍ എന്ന സൈക്കോയും ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറും തമ്മിലുള്ള പോരാട്ടമാണ് സീനിന്റെ കഥ.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിത്തു മാധവന്‍. ആവേശം കണ്ടതിന് ശേഷം സൂര്യ തന്നെ വിളിച്ച് സംസാരിക്കുമായിരുന്നെന്നും ആ സമയത്ത് താന്‍ മൂന്ന് സ്‌ക്രിപ്റ്റുകള്‍ തയാറാക്കിയെന്നും ജിത്തു പറഞ്ഞു. സൂര്യയോട് പറഞ്ഞ കഥ അദ്ദേഹത്തിന് ഇഷ്ടമായെന്നും വളരെവേഗത്തില്‍ ഈ പ്രൊജക്ട് ഓണ്‍ ആയെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. വികടനോട് സംസാരിക്കുകയായിരുന്നു ജിത്തു മാധവന്‍.

‘ഞാന്‍ മുമ്പ് ചെയ്ത രണ്ട് സിനിമകള്‍, രോമാഞ്ചവും ആവേശവും തമിഴ് പ്രേക്ഷകര്‍ നല്ല രീതിയില്‍ സ്വീകരിച്ചു. സീന്‍ എന്ന ചിത്രം കോമഡിയും ആക്ഷനും സസ്‌പെന്‍സും റൊമാന്‍സുമെല്ലാം ബ്ലെന്‍ഡായിട്ടുള്ള സബ്ജക്ടാണ്. കോമഡിയും ആക്ഷനും സ്‌റ്റൈലിഷ് ലുക്കുമുള്ള ഒരു വ്യത്യസ്തമായ കഥാപാത്രമാണ് സൂര്യ സാറിന്റേത്.

അതുപോലെ നസ്രിയ മാം ഈ സിനിമയിലേക്ക് വന്നതും വളരെ വേഗത്തിലായിരുന്നു. വളരെ പ്രധാനപ്പെട്ട വേഷമാണ് നസ്രിയയുടേത്. ആവേശം പ്രൊഡ്യൂസ് ചെയ്തതും അവരായിരുന്നു. ഒരുപാട് കാലമായി തമിഴ് സിനിമ ചെയ്യാതിരുന്നതുകൊണ്ട് സീനിന് നസ്രിയ ഓക്കെ പറയുമോ എന്ന് ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷേ, കഥ കേട്ടതും മാം ഓക്കെ പറയുകയായിരുന്നു,’ ജിത്തു മാധവന്‍ പറഞ്ഞു.

ഏറെക്കാലത്തിന് ശേഷം സൂര്യ കാക്കിയണിയുന്നു എന്ന പ്രത്യേകതയും സീനിനുണ്ട്. 13 വര്‍ഷത്തോളം എടുത്തുപറയാന്‍ വലിയൊരു ഹിറ്റില്ലാതെ മുന്നോട്ടുപോയ സൂര്യ ബാക്ക് ടു ബാക്ക് ഹിറ്റുകളുമായി കളം നിറഞ്ഞുനില്‍ക്കുന്ന സമയമാണിത്. ഇപ്പോഴുള്ള ഹൈപ്പ് നിലനിര്‍ത്താനായാല്‍ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി സീന്‍ മാറുമെന്ന് ഉറപ്പാണ്.

Content Highlight: Jithu Madhavan about Nazriya Nazim in Scene movie