തമിഴിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. ഒരേസമയം നടനായും താരമായും തിളങ്ങാന്‍ സാധിക്കുന്ന ചുരുക്കം താരങ്ങളിലൊരാളാണ് സൂര്യ. ഒരുകാലത്ത് ഗംഭീര സിനിമകളുമായി തമിഴില്‍ സ്വന്തം സ്ഥാനം നേടിയെടുത്ത സൂര്യക്ക് ഇടക്കാലത്ത് കാലിടറിയിരുന്നു. വലിയ പ്രതീക്ഷയിലെത്തിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയി.

എന്നാല്‍ ഈ വര്‍ഷം ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററുകളുമായി താരം തന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്ക് സന്തോഷം നല്‍കി. ഹാട്രിക് ഹിറ്റിന് എല്ലാ സാധ്യതയും തുറന്നുവെച്ചിരിക്കുന്ന ചിത്രമാണ് സീന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ഹൈപ്പിന്റെ കൊടുമുടിയിലെത്തി. പുറത്തുവന്ന അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു.

ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും സീനിനുണ്ട്. തമിഴില്‍ ഐക്കോണിക്കായിട്ടുള്ള പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുള്ള സൂര്യ സീനിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ്. ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായിട്ടുള്ള പൊലീസ് വേഷമാണ് സീനിന്റേതെന്ന് സൂര്യ പറഞ്ഞു. ദുബായില്‍ സീനിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു താരം.

‘കറുപ്പിനും വിശ്വനാഥ് ആന്‍ഡ് സണ്‍സിനും നിങ്ങള്‍ തന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി. അതുപോലെ നിങ്ങള്‍ക്ക് സീനും ഇഷ്ടമാകുമെന്ന് ഉറപ്പാണ്. ജിത്തു മാധവന്റെ വലിയൊരു ആരാധകനാണ് ഞാന്‍. രോമാഞ്ചം, ആവേശം എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് അറിയാം. സീനും അതുപോലെ നില്‍ക്കുന്ന ഒരു ചിത്രമാണ്.

കാക്ക കാക്ക, സിങ്കം എന്നീ സിനിമകളില്‍ നിന്ന് പാരലലായി നില്‍ക്കുന്ന ഒന്നാണ് സീന്‍. അന്‍ബുസെല്‍വനും ദുരൈസിങ്കവും പോലെയല്ല, ഈ ഇന്‍ബരാജ് വേറെയാണ്. സീന്‍ ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടൈനറാണ്. എല്ലാ പ്രായത്തിലുമുള്ള ഓഡിയന്‍സിന്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, ഒരുപാട് ഫണ്ണും കാര്യങ്ങളുമൊക്കെയായി പാക്ക്ഡ് ആയിട്ടുള്ള സിനിമയാണ് സീന്‍. ഈ ദീപാവലിക്ക് ഫാമിലിക്ക് എന്‍ജോയ് ചെയ്ത് കാണാനുള്ള എല്ലാം സീനിലുണ്ട്,’ സൂര്യ പറയുന്നു.

ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു കേസും അതിനെ അയാള്‍ നേരിടുന്നതുമാണ് ചിത്രത്തിന്റെ കഥ. മലയാളത്തിന്റെ സ്വന്തം നസ്‌ലെനാണ് സീനിലെ വില്ലന്‍. നസ്രിയയാണ് ചിത്രത്തിലെ നായിക. ആവേശം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രം ഹിറ്റാകുമെന്നാണ് പ്രതീക്ഷ.

Content Highlight: Suriya about his character in Scene movie