സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സീന്‍. 13 വര്‍ഷത്തെ ഹിറ്റില്ലായ്മക്ക് അവസാനം കുറിച്ചുകൊണ്ട് ബാക്ക് ടു ബാക്ക് ഹിറ്റുമായി തിരിച്ചുവന്ന സൂര്യയുടെ പുതിയ ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്. ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും സീനിനുണ്ട്.

ആവേശം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അനൗണ്‍സ്‌മെന്റും ടൈറ്റില്‍ ടീസറുമൊഴികെ മറ്റ് അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരുന്നു. സുഷിന്‍ ഒരുക്കിയ പാട്ടുകള്‍ക്ക് ശരാശരി അഭിപ്രായമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന അപ്‌ഡേറ്റോടെ ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിയായി.

നസ്‌ലെന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ടീസറാണ് പുറത്തുവന്നത്. ഈശ്വരന്‍ എന്ന സൈക്കോ വില്ലനായാണ് നസ്‌ലെന്‍ വേഷമിടുന്നത്. തമിഴിലെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കുമെന്നാണ് ടീസര്‍ സൂചന നല്‍കുന്നത്. സൂര്യയെ വിറപ്പിക്കാന്‍ പോന്ന വില്ലനായി കോളിവുഡില്‍ നസ്‌ലെന്‍ കലക്കുമെന്നാണ് പലരുടെയും പ്രവചനം.

ഈയൊരു ടീസറിലൂടെ സീനിന് ലഭിച്ച ഹൈപ്പാണ് പലരുടെയും ചര്‍ച്ചാവിഷയം. ബാക്ക് ടു ബാക്ക് ഹിറ്റടിച്ച് നില്‍ക്കുന്ന സൂര്യയും ബ്ലോക്ക്ബസ്റ്റര്‍ ഒരുക്കി നില്‍ക്കുന്ന ജിത്തു മാധവനും വിചാരിച്ചിട്ട് ലഭിക്കാത്ത ഹൈപ്പാണ് ഈയൊരു ടീസറിലൂടെ സീനിന് ലഭിച്ചത്. നസ്‌ലെന്റെ കഥാപാത്രമാകും ചിത്രത്തില്‍ കൈയടി നേടുകയെന്നും ചിലര്‍ പ്രവചിക്കുന്നു.

സൂര്യയുടെ സിനിമയില്‍ സൂര്യയല്ലാതെ മറ്റൊരു താരത്തിന് ഇത്തരമൊരു ഹൈപ്പ് ലഭിക്കുന്നത് അപൂര്‍വമാണെന്നും എല്ലാം ശരിയായി വന്നാല്‍ സീന്‍ തൂക്കുന്നത് നസ്‌ലെന്റെ ഈശ്വരനായിരിക്കുമെന്നും കമന്റുകളുണ്ട്. തമിഴിലെ ആദ്യ ചിത്രത്തില്‍ തന്നെ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നതും പലരും എടുത്തുപറയുന്നുണ്ട്.

പ്രേമലു 2 പോലെ ഷുവര്‍ഷോട്ട് ഹിറ്റാകാന്‍ സാധ്യതയുള്ള പ്രൊജക്ട് വേണ്ടെന്ന് വെച്ചാണ് നസ്‌ലെന്‍ സീന്‍ ചെയ്യുന്നത്. പ്രേമലു 2ല്‍ നിന്ന് പിന്മാറിയതുകൊണ്ട് താരത്തിന് ലഭിച്ച വിമര്‍ശനം ചെറുതല്ലായിരുന്നു. നസ്‌ലെന്‍ കാരണമാണ് ചിത്രം ഉപേക്ഷിക്കേണ്ടി വന്നതെന്ന് സംവിധായകന്‍ പല വേദികളിലും പറയാതെ പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ഇന്‍ബരാജ് എന്ന പൊലീസ് ഉദ്യേഗസ്ഥന് അപ്രതീക്ഷിതമായി ഒരു കേസ് അന്വേഷിക്കേണ്ടി വരുന്നതും പിന്നീട് അയാളെ വലിയ രീതിയില്‍ ആ കേസ് ബാധിക്കുന്നതുമാണ് സീനിന്റെ കഥ. നസ്രിയയാണ് ചിത്രത്തിലെ നായിക. നവംബര്‍ ആറിന് സീന്‍ തിയേറ്ററുകളിലെത്തും. 15 വര്‍ഷത്തിന് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്നത്.

Content Highlight: Naslen’s character in Scene movie getting hype after teaser