തമിഴ്-മലയാളി സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി മലയാളിയായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ആവേശത്തിന്റെ വൻ വിജയത്തിന് ശേഷം ജിത്തു ഒരുക്കുന്ന ചിത്രം കൂടിയാണത്. സൂര്യയോടൊപ്പം നസ്രിയ നസീം, നസ്ലെൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നത്.
മലയാളി സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിയ്ക്കുന്നത്. സുഷിന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയാണിത്. സുഷിൻ സംഗീത നിർവഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. നസ്ലെൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നവംബർ ആറിനാണ് ചിത്രം റിലീസിനായി എത്തുന്നത്.

ഇപ്പോഴിതാ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി നസ്രിയ. ‘സീൻ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം. ദുബായിൽ പഠിച്ച് വളർന്ന തനിക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും ഔപചാരികമായി സംസാരിക്കാൻ തനിക്കറിയില്ലെന്നും നസ്രിയ പറഞ്ഞു.
‘എനിക്ക് ഇവിടെ എത്തിയപ്പോൾ നാട്ടിലേക്ക് തിരിച്ചു വന്ന ഒരു സന്തോഷമാണ്. ഞാൻ ഇവിടെ ദുബായിലാണ് പഠിച്ചതും വളർന്നതുമെല്ലാം. അതുകൊണ്ട് നിങ്ങളോട് ഔപചാരികമായി സംസാരിക്കാനൊന്നും എനിക്കറിയില്ല. പക്ഷേ, ഇവിടെ വരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. 12 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഒരു തമിഴ് സിനിമ ചെയ്യുന്നത്,’ നസ്രിയ പറഞ്ഞു.
ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മനോഹരമായ അനുഭവമായിരുന്നെന്നും തന്നെ വിശ്വസിച്ചതിന് സംവിധായകൻ ജിത്തുവിനോട് നന്ദിയുണ്ടെന്നും താരം പറഞ്ഞു. സൂര്യയ്ക്കും നസ്ലനും നന്ദി അറിയിച്ച നസ്രിയ, ചിത്രം തിയേറ്ററുകളിൽ പോയി കാണണമെന്നും പ്രേക്ഷകരോട് അഭ്യർഥിച്ചു.

നസ്രിയ നസീം,സൂര്യ. Photo. Screen Grab/ Youtube
‘ഈ പ്രോജക്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാനും വളരാനും സഹായിച്ച മനോഹരമായൊരു യാത്രയായിരുന്നു. സൂര്യ സാറിനും നസ്ലെനും ഒരുപാട് നന്ദി. എല്ലാവരും നവംബർ ആറിന് തിയേറ്ററിൽ പോയി ‘സീൻ’ കാണണം. അടിപൊളിയായിരിക്കും, ചിരിച്ചുചിരിച്ച് മണ്ണുകപ്പും,’ നസ്രിയ പറഞ്ഞു.
Content Highlight: Actress Nazriya shares her joy about returning to Tamil cinema after a 12-year hiatus
