മോസ്കോ: സെര്‍ബിയയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ‘സ്റ്റുഡന്റ് ലിസ്റ്റ്’ വിജയം നേടി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍, രാജ്യവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ റഷ്യ സന്നദ്ധമാണെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ്.
‘അവരുടെ (പുതിയ സര്‍ക്കാരിന്റെ) നടപടികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തുടര്‍ന്നുള്ള വികസനത്തിനായി ലക്ഷ്യമിടുമെന്നും, റഷ്യയുമായുള്ള സഹകരണം സെര്‍ബിയയുടെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഈ പുതിയ രാഷ്ട്രീയ ശക്തികള്‍ മനസിലാക്കുമെന്നും ഞങ്ങള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു,’പെസ്കോവ് പറഞ്ഞു.
എന്നാല്‍, നിങ്ങള്‍ക്കറിയാവുന്നതുപോലെ, ടാംഗോ നൃത്തം ചെയ്യാന്‍ രണ്ടുപേര്‍ വേണമെന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ സൂചിപ്പിച്ചുകൊണ്ട് പെസ്കോവ് പറഞ്ഞത്.
നേരത്തെ സ്റ്റുഡന്റ് ലിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ ബ്രസ്സല്‍സിന്റെ (യൂറോപ്യന്‍ യൂണിയന്) സമ്മര്‍ദത്തിന് വഴങ്ങുമെന്നും അധികം വൈകാതെ റഷ്യക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമാണ് വുസിച്ച് തെരഞ്ഞെടുപ്പിനിടെ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിച്ചിരുന്നു.
ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുചിച്ച് തോല്‍വി സമ്മതിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും മോസ്കോയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് വുചിച്ചിനെ പെസ്കോവ് പ്രശംസിച്ചു.
2012ല്‍ കാന്‍ഡിഡേറ്റ് പദവി ലഭിച്ച സെര്‍ബിയ കഴിഞ്ഞ പത്തതിലേറെ വര്‍ഷങ്ങളായി യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ശ്രമങ്ങളിലാണ്. എന്നാല്‍ 2022ല്‍ ഉക്രെയ്ന് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന്, ഇ.യു അംഗത്വം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ വിദേശനയം ഇ.യു നയങ്ങളുമായി ഒത്തുപോകണമെന്ന് ബ്രസ്സല്‍സ് നിര്‍ബന്ധമാക്കി.
ഇതോടെ യൂറോപ്യന്‍ യൂണിയന് അംഗത്വ വഴിയേ മുന്നോട്ട് പോകുന്നതോ അതോ റഷ്യയുമായി പരമ്പരാഗതമായി പുലര്‍ത്തുന്ന നല്ല ബന്ധം നിലനിര്‍ത്തുന്നതോ എന്നതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ സെര്‍ബിയ നിര്‍ബന്ധിതരാവുകയായിരുന്നു.
അതേസമയം, 250 അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 126 സീറ്റുകളാണ്. 95 ശതമാനത്തിലധികം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 141 സീറ്റുകള്‍ സ്റ്റുഡന്റ് ലിസ്റ്റ് നേടിക്കഴിഞ്ഞു. ഇവര്‍ക്ക് തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും.
‘ഈ തെരഞ്ഞെടുപ്പില്‍ നമ്മള് പരാജയപ്പെട്ടു എന്നത് വ്യക്തമായിരിക്കുകയാണ്’, അണികളെ അഭിസംബോധനചെയ്തുകൊണ്ട് വുസിച്ച് പറഞ്ഞു. 2012 ല്‍ അധികാരത്തിലേറിയതാണ് അലക്സാന്‍ഡര്‍ വുസിച്ചിന്റെ വലത്പക്ഷ പാര്‍ട്ടിയായ സെര്‍ബിയന്‍ പ്രോഗ്രസിവ് പാര്‍ട്ടി (എസ്.എന്‍.എസ്).
Content highlight: Russia ready to cooperate with Serbia’s new government; reacts to election results
