ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞടുപ്പിന് മുന്നേയുള്ള അവസാന സംവാദത്തില്‍ വ്യക്തി അധിക്ഷേപവുമായി തീവ്രവലത് സ്ഥാനാര്‍ഥി ഫ്‌ലാവിയോ ബോള്‍സൊനാരോയും കുറിക്ക് മറുപടിയുമായി പ്രസിഡന്റ് ലുല ഡ സില്‍വയും. ലുല ഡ സില്‍വ ഒരു കൈ കൊണ്ട് ബ്രസീലുകാര്‍ക്ക് കൊടുക്കുകയും ഒമ്പത് വിരലുകള്‍ കൊണ്ട് അവരില്‍ നിന്നെടുക്കുകയുമാണെന്നാണ് ബോള്‍സൊനാരോ പറഞ്ഞത്.

വേതനം, നികുതി, വാരാന്ത്യങ്ങളില്‍ സൗജന്യ പൊതുഗതാഗതം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, പൗരന്മാര്‍ക്ക് പണം നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന ലുല പിന്നീട് നികുതിയിലൂടെ ആ പണം തിരിച്ചെടുക്കുകയാണെന്ന് ബോള്‍സൊനാരോ ആരോപിച്ചു. എന്നാല്‍ ലുലയുടെ ശാരീരിക വൈകല്യത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ബോള്‍സൊനാരോയുടെ പരാമര്‍ശം.

1964ല്‍ പതിനേഴാം വയസില്‍ ഖനിയില്‍ ജോലി ചെയ്യുമ്പോള്‍ നഷ്ടപ്പെട്ടതാണ് ലുല ഡ സില്‍വയുടെ ഇടതുകയ്യിലെ ചെറുവിരല്‍. സാവോ പോളോയിലെ ഒരു ഫാക്ടറിയില്‍ ലോഹപ്പണിക്കാരനായി ജോലി ചെയ്യുന്നതിനിടെ, രാത്രിയിലെ ജോലി സമയത്ത് ഒരു യന്ത്രപ്രസ് കൈ തകര്‍ത്തതിനെത്തുടര്‍ന്നാണ് വിരല്‍ മുറിച്ചുമാറ്റേണ്ടിവന്നത്.

ഫ്‌ലാവിയോ ബോള്‍സൊനാരോയുടെ പിതാവും മുന്‍ പ്രസിഡന്റുമായ ജയര്‍ ബോള്‍സൊനാരോയും മുമ്പ് ഇതേ രീതിയില്‍ ലുലയെ പരിഹസിച്ചിട്ടുണ്ട്. എന്നാല്‍ ഫ്‌ലാവിയോയ്ക്ക് തിരിച്ച് കനത്ത രീതിയിലാണ് ലുല തിരിച്ചടിച്ചത്. താനും എതിരാളിയും തമ്മിലുള്ള സാമൂഹിക അകലം ഉയര്‍ത്തിക്കാണിക്കുകയാണ് ലുല ചെയ്തത്.

തൊഴിലാളിവര്‍ഗത്തില്‍ നിന്നുള്ള തന്റെ പശ്ചാത്തലം ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായാണ് ലുല ഈ അധിക്ഷേപം ഉപയോഗിച്ചത്.

‘ഇവിടെ ഒരു തൊഴിലാളി എന്നതിന്റെ അര്‍ഥം ശരിക്കും അറിയുന്ന ഒരാളുണ്ടെങ്കില്‍ അത് ഞാനാണ്. അതിജിവനത്തിനായി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് രാത്രികളില്‍ ജോലി ചെയ്യുന്നതിനിടെയാണ് തനിക്ക് വിരല്‍ നഷ്ടമായത്’, ലുല പറഞ്ഞു.

തുടര്‍ന്ന്, തൊഴില്‍പരിചയം രേഖപ്പെടുത്തുന്ന തൊഴില്‍പുസ്തകം കൈവശം വയ്ക്കുന്നതിന്റെ അര്‍ഥം പോലും അറിയാത്ത ‘മിലീഷ്യക്കാരന്‍’ എന്നാണ് എതിരാളിയെ ലുല വിശേഷിപ്പിച്ചത്. ജീവിതത്തില്‍ ഒരു ദിവസം പോലും തൊഴിലെടുക്കാത്ത ഒരാളാണ് തന്നെ പരിഹസിച്ചതെന്നും തന്റെ പരാമര്‍ശത്തില്‍ ബോള്‍സൊനാരോ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ ദശലക്ഷക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ബോള്‍സൊനാരോയ്ക്ക് മാപ്പുപറയേണ്ടി വന്നു.

ബ്രസീലില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം അഞ്ചിന് നടന്ന ഒന്നാം ഘട്ടത്തില്‍ ഫ്‌ലാവിയോ ബോള്‍സോനാരോക്ക് 47 ശതമാനം വോട്ട് നേടി മുന്നിലെത്തിയിരുന്നു. 45 ശതമാനം വോട്ടോടെ രണ്ടാമതായിരുന്നു ലുല. ആര്‍ക്കും 50 ശതമാനത്തിന് മുകളില്‍ ആദ്യ ഘട്ടത്തില്‍ വോട്ട് ലഭിക്കാത്ത സാഹചര്യങ്ങളിലാണ് ബ്രസീല്‍ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാറ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഫലം അറിയാനാകും .

Content Highlight: Bolsonaro’s own goal on the eve of the vote: he mocks Lula over his missing finger