ഡബ്ബിങ് രംഗത്ത് അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനിൽക്കുന്നയാളാണ് ഭാഗ്യലക്ഷ്മി. ചെറുപ്രായത്തിൽ തന്നെ ഡബ്ബിങ് രംഗത്തേക്ക് ചുവടുവെച്ച ഭാഗ്യലക്ഷ്മി മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകൾക്ക് ശബ്ദം നൽകി. മൂന്ന് തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും ഭാഗ്യലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിലും ഭാഗ്യലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായെത്തി സിബി മലയിൽ സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. വർഷങ്ങൾക്കിപ്പുറം ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയപ്പോഴും പ്രേക്ഷകർ വലിയ സ്വീകാര്യതയാണ് നൽകിയത്. ചിത്രത്തിൽ ജയപ്രദയ്ക്ക് ശബ്ദം നൽകിയത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാൽ, ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്യേണ്ടിവന്നതിനു പിന്നിൽ മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റുമായി ബന്ധപ്പെട്ട അനുഭവമുണ്ടെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. പോർട്ടയൽ ബൈ ഗദ്ധാഫി എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു.

ഭാഗ്യലക്ഷ്മി.photo. Screen Grab/ Youtube
‘ദേവദൂതനിൽ ജയപ്രദയ്ക്ക് ആദ്യം മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റ് ഫുൾ ഡബ്ബ് ചെയ്ത് പേയ്മെന്റും വാങ്ങിയിട്ട് പോയതാണ്. പിന്നീട് എന്നെ വിളിച്ചാണ് ഡബ്ബ് ചെയ്യിച്ചത്. അതിൽ എനിക്ക് ഒരുപാട് കുറ്റബോധം തോന്നിയിട്ടുണ്ട്. കാരണം, മറ്റൊരാൾ ചെയ്തതല്ലേ എന്നൊരു ചിന്തയുണ്ടായിരുന്നു,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
മറ്റൊരാൾ ചെയ്ത ഡബ്ബിങ് മാറ്റി പുതുതായി ചെയ്യുമ്പോൾ ഉത്തരവാദിത്തം കൂടുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. താൻ ചെയ്ത ഡബ്ബിങ്ങും പിന്നീട് മാറ്റേണ്ടിവരരുതെന്ന ചിന്തയും അപ്പോഴുണ്ടായിരുന്നു. അതിനാൽ, നേരത്തേ ചെയ്ത ഡബ്ബിങ് ട്രാക്ക് കേട്ടാണ് ജയപ്രദയ്ക്ക് ശബ്ദം നൽകിയത്.
‘ആ ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ട്രാക്ക് കേട്ടാണ് നമ്മൾ ഡബ്ബ് ചെയ്തത്. അപ്പോൾ അവരുടെ ശൈലി വരാതിരിക്കാൻ നോക്കണം, ആ മോഡുലേഷൻ വരാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത ഡബ്ബിങ്ങായിരുന്നു അത്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
ഡബ്ബ് ചെയ്യുന്ന സമയത്ത് ചിത്രത്തിലെ സംഭാഷണങ്ങളോ മറ്റ് കാര്യങ്ങളോ തനിക്ക് അത്ര വലിയ പ്രത്യേകതയായി തോന്നിയിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ, തിയേറ്ററിൽ ചിത്രം കണ്ടപ്പോഴാണ് അതിന്റെ ഭംഗി കൂടുതൽ മനസിലായതെന്നും അവർ കൂട്ടിച്ചേർത്തു.

ദേവദൂതൻ. Photo. IMDb
‘ഡബ്ബ് ചെയ്യുമ്പോൾ ഡയലോഗുകളൊന്നും എനിക്ക് വലുതായി ഒന്നും തോന്നിയില്ല. പക്ഷേ, തിയേറ്ററിൽ കണ്ടപ്പോഴാണ് ഇത്രയും ബ്യൂട്ടിഫുൾ ആയിട്ടുള്ള കഥാപാത്രമാണല്ലോ എന്ന് തോന്നിയത്. ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോഴും നന്നായിട്ടുണ്ടെന്ന് പറഞ്ഞ് ഒരുപാട് പേർ എന്നെ വിളിച്ചിരുന്നു,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlight: Bhagyalakshmi reveals that the reason she had to dub for a character in *Devadoothan* is linked to an experience involving another dubbing artist
