മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് രഞ്ജിത് തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ദേവാസുരം. മോഹൻലാലും, രേവതിയും, നെപ്പോളിയനും മത്സരിച്ചഭിനയിച്ച ചിത്രത്തിൽ നെടുമുടി വേണു, ഇന്നസെന്റ്, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ചിത്ര തുടങ്ങിയവരാണ് മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2001ൽ രഞ്ജിത് ഈ സിനിമയുടെ തുടർച്ചയായ് രാവണപ്രഭു എന്ന പേരിൽ രണ്ടാം ഭാഗം ചെയ്തിരുന്നു. മോഹൻലാൽ ഈ സിനിമയിൽ ഇരട്ടവേഷമാണ് ചെയ്തത്. നീലകണ്ഠനായും മകൻ കാർത്തികേയനായുമാണ് വേഷമിട്ടത്. രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ ഹിറ്റ് സൃഷ്ടിച്ചവയാണ്.
സിനിമയുടെ മൂന്നാം ഭാഗത്തിന് മോഹൻലാൽ റെഡിയാണെങ്കിൽ താനും റെഡിയാണെന്നാണ് ചിത്രത്തിലെ വില്ലൻ വേഷം ചെയ്ത നെപ്പോളിയൻ പറയുന്നത്. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദേവാസുരം.Photo.Screen Grab/IMDb
‘ഇപ്പോഴും നീലകണ്ഠൻ എന്ന ക്യാരക്ടർ ആളുകളുടെ മനസിലുണ്ട്. ഇന്നത്തെ യങ്സ്റ്റേഴ്സ് ഉൾപ്പടെ പലരും ‘ശേഖരേട്ടാ ദേവാസുരത്തിന്റെ പാർട്ട് 3 എപ്പോഴാണ് ‘ എന്ന് ചോദിക്കാറുണ്ട്. അവരോട് പാർട്ട് 3ക്ക് ഞാൻ റെഡിയാണെന്നും ലാലേട്ടൻ റെഡിയാണെങ്കിൽ ചെയ്യാമെന്നും പറയും. അഞ്ചു വർഷമായിട്ട് ഞാൻ സിനിമകളൊന്നും ചെയ്യാറില്ല. പക്ഷേ ലാലേട്ടന് വേണ്ടിയും ദേവാസുരത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടിയും ലാലേട്ടൻ ചെയ്യണമെന്ന് പറയുകയാണെങ്കിൽ ഞാൻ അഭിനയിക്കാൻ റെഡിയാണ്.
ലാലേട്ടൻ ബെസ്റ്റ് ആക്ടറാണ്. തമിഴിൽ കമൽഹാസനെ ഉലകനായകൻ എന്ന് പറയുന്നത് പോലെ മലയാളത്തിലെ ബെസ്റ്റ് ആക്ടർ ലാലേട്ടനാണ്. മമ്മൂക്കയെയും ഒരുപാടിഷ്ടമാണ്. തമിഴിൽ മമ്മൂക്കയുടെ കൂടെ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഇതു വരെയും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാത്തതിനാൽ അങ്ങനെയൊരു ചാൻസ് കിട്ടുകയാണെങ്കിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ അദ്ദേഹം പറഞ്ഞു.

രാവണപ്രഭു.Photo.Screen Grab/Facebook.com
സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു നടൻ സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നത്. മകന്റെ അസുഖം മൂലം ചികിത്സയുടെ ഭാഗമായാണ് യുഎസിലേക്ക് പോയതെന്നാണ് അദ്ദേഹം പറയുന്നത്.
‘മകൻ ധനുഷിന് മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖമാണ്. അതിനു ഇവിടെ മരുന്നില്ല അതുകൊണ്ട് അവന്റെ ലൈഫ് എക്സ്പാൻഡ് ചെയ്യാൻ വേണ്ടി യുഎസിലെ എൻവയോൺമെന്റാണ് നല്ലത്. മന്ത്രിയാണോ മകനാണോ വലുത് എന്ന് ചിന്തിക്കേണ്ടി വന്നപ്പോൾ മകനാണ് വലുതെന്ന് തോന്നി,’ നെപ്പോളിയൻ പറഞ്ഞു.
Content Highlight: Nepoleon stated that if Lalettan was ready, he was also ready to become Mundakkal Shekaran again.
