നിവിൻ പോളി നായകനായി 2015ൽ പുറത്തിറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. തുടർന്ന് തെലുങ്കിലും തമിഴിലും ശ്രദ്ധേയയായ താരം ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ തിരക്കുള്ള അഭിനേത്രിമാരിൽ ഒരാളാണ്. കഴിഞ്ഞവർഷം പുറത്തിറങ്ങി തമിഴിൽ വലിയ ഹിറ്റായ ഡ്രാഗൺ എന്ന ചിത്രത്തിലും അനുപമ വേഷമിട്ടിരുന്നു.
ഇപ്പോഴിതാ ജീവിതത്തിലെ വിഷമഘട്ടത്തിൽ നിന്ന് കരകയറാൻ സായ് പല്ലവി നൽകിയ പിന്തുണയെക്കുറിച്ച് തുറന്നുപറയുകയാണ് നടി അനുപമ പരമേശ്വരൻ. താൻ കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോയ സമയത്ത് സായ് പല്ലവി നൽകിയ കരുതലും പെയിന്റിങ് പോലുള്ള കാര്യങ്ങളിലേക്ക് തന്നെ നയിച്ചതും ഏറെ സഹായിച്ചുവെന്ന് അനുപമ പറഞ്ഞു. സ്ത്രീകൾ തമ്മിലുള്ള സൗഹൃദം ജീവിതത്തിൽ വളരെ പ്രധാനമാണെന്നും താരം ഹോണസ്റ്റ് ടൗൺ ഹാളിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അനുപമ പരമേശ്വരൻ, Photo. Screen Grab/ Youtube
‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന ഷോർട്ട് ഫിലിം തന്റെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയെന്നും അനുപമ പറഞ്ഞു. എന്നാൽ അതിന്റെ ചിത്രീകരണത്തിന് മുമ്പ് താൻ ഒരു പ്രണയബന്ധം അവസാനിച്ചതിനെത്തുടർന്ന് കടുത്ത വിഷമത്തിലായിരുന്നുവെന്നും താരം ഓർത്തെടുത്തു.
‘രണ്ടാം ലോക്ക്ഡൗൺ സമയത്ത് ഹൈദരാബാദിലെ പാർക്ക് ഹയാത്തിൽ ചിത്രീകരണത്തിനായി എത്തിയപ്പോൾ ആ വിഷമം തന്നെ വല്ലാതെ ബാധിച്ചിരുന്നു. കുടുംബത്തോടുപോലും സംസാരിക്കാതെ വീഡിയോ കോളുകളിൽ അവരുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു,’ അനുപമ പറഞ്ഞു.
ആ സമയത്താണ് സായ് പല്ലവി തനിക്ക് ആശ്വാസമായത്. ചായയും മസ്ക ബണ്ണും പങ്കുവെച്ച് സംസാരിക്കുന്നതിനിടെ തന്റെ മാനസികാവസ്ഥയെക്കുറിച്ച് സായ് പല്ലവിയോട് തുറന്നു പറഞ്ഞിരുന്നു. തുടർന്ന് പെയിന്റിങ് ചെയ്യാൻ ആവശ്യമായ കളറുകളും ചാർട്ട് പേപ്പറും നൽകാമെന്നും അതിൽ ഒരു ചിത്രം വരച്ചുതീർക്കണമെന്നും സായ് പല്ലവി നിർദേശിച്ചിരുന്നതായും അനുപമ പറഞ്ഞു.
‘എനിക്ക് പെയിന്റിങ് അറിയില്ലെന്നും എന്താണ് വരയ്ക്കേണ്ടതെന്ന് അറിയില്ലെന്നും ഞാൻ പറഞ്ഞു. പക്ഷേ, സായ് പല്ലവി എനിക്ക് ഒരു ഹോംവർക്ക് തന്നതുപോലെയായിരുന്നു അത്. അവർ ഷൂട്ടിങ്ങിന് പോയ സമയത്ത് ഞാൻ ഒരു താമര വരച്ചു. തിരിച്ചുവന്നപ്പോൾ ആ ചിത്രം അവർക്ക് നൽകി. എനിക്ക് പെയിന്റിങ്ങിൽ കഴിവുണ്ടെന്നും അത് തുടരണമെന്നും അവർ പറഞ്ഞു,’ അനുപമ ഓർത്തെടുത്തു.
പിന്നീട് പെയിന്റിങ് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും വിഷമങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനും മനസ് വീണ്ടെടുക്കാനും അത് ഏറെ സഹായിച്ചെന്നും അനുപമ പറഞ്ഞു. സുഹൃത്തുക്കളും തനിക്കായി പെയിന്റുകളും മറ്റ് സാധനങ്ങളും വാങ്ങിനൽകി പിന്തുണച്ചിരുന്നു. കുറച്ചുകാലം കഴുത്തുവേദന കാരണം പെയിന്റിങ് നിർത്തേണ്ടിവന്നെങ്കിലും അടുത്തിടെ വീണ്ടും വരച്ചുതുടങ്ങിയതായും താരം വ്യക്തമാക്കി.

അനുപമ പരമേശ്വരൻ.Photo. Screen Grab/ Youtube
‘ഞാൻ തുടർച്ചയായി പെയിന്റിങ് ചെയ്യാൻ തുടങ്ങി. അത് എന്നെ ഒരുപാട് സഹായിച്ചു. ആ വിഷമത്തിൽ നിന്ന് പുറത്തുകടക്കാൻ പെയിന്റിങ് വലിയ രീതിയിൽ സഹായിച്ചു. പിന്നീട് കഴുത്തുവേദന വന്നതോടെ കുറച്ചുകാലം നിർത്തേണ്ടിവന്നു. അടുത്തിടെ വീണ്ടും പെയിന്റിങ് തുടങ്ങുകയും ചെയ്തു,’ അനുപമ പറഞ്ഞു.
Content Highlight:Actress Anupama Parameswaran opens up about the support Sai Pallavi provided to help her overcome a difficult phase in her life
