തിരുവനന്തപുരം: വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിയമ ഭേദഗതി വർഗീയ സ്വഭാവത്തിലുള്ളതാണെന്ന് കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി.

മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്ന ഭരണസമിതിയിൽ അമുസ്‌ലിം പ്രാതിനിധ്യം അനാവശ്യമാണെന്നും, പണ്ടുമുതലേ ഇതിൽ മുസ്‌ലിംങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ ഉൾപ്പെടെ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേരളത്തിലെ ഇടത്-വലത് മുന്നണികൾ ഒരേസ്വരത്തിലാണ് ഈ നീക്കത്തെ എതിർത്തത്. വഖഫ് ഭേദഗതിക്കെതിരെ മുസ്‌ലിം സമുദായത്തിന് ഒന്നടങ്കം ഒരേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദമായ മുനമ്പം ഭൂമി പ്രശ്നത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണ്. താൻ ഉൾപ്പെട്ട ഭരണസമിതി തന്നെയാണ് മുനമ്പം ഭൂമി വഖഫ് ആണെന്ന ഉത്തരവിറക്കിയതും, അതനുസരിച്ച് സൂ മോട്ടോയായി അത് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതെന്നും മായിൻ ഹാജി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന സർക്കാരിന്റെ നിർദേശം ഹുസൈൻ സഖാഫി ചുള്ളിക്കോട് അംഗീകരിക്കാത്തതും, വഖഫ് ബോർഡ് അംഗത്വം തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി രാജി വെക്കാത്തതുമാണ് നിലവിൽ പ്രതിസന്ധിയിലാക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി വിട്ടുനൽകിക്കൊണ്ട് വഖഫ് ബോർഡ് അംഗത്വം വേണ്ടെന്ന ഉറച്ച നിലപാടിലാണ് കാന്തപുരം വിഭാഗം. സമവായ ചർച്ചകൾ വഴിമുട്ടി നിൽക്കെ, കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യമില്ലാതെ പുനസംഘടിപ്പിച്ച വഖഫ് ബോർഡ് ഇന്ന് മൂന്നാമത്തെ യോഗം ചേരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

തൊടിയൂർ മുഹമ്മദ് കുഞ്ഞി ഇപ്പോഴും വഖഫ് ബോർഡിലെ ഔദ്യോഗിക അംഗമാണെന്നും, ഈ വിഷയത്തിലെ മറ്റു തീരുമാനങ്ങളെക്കുറിച്ച് സർക്കാരിനോടാണ് ചോദിക്കേണ്ടതെന്നും ചെയർമാൻ എം.സി. മായിൻ ഹാജി പ്രതികരിച്ചു.

Content Highlight:Non-Muslim representation in the Waqf Board is unnecessary; the Centre’s move is communal, says M.C. Main Haji.