തിരുവനന്തപുരം: വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതികൾ മൂടിവെക്കാനോ ആരെയെങ്കിലും സംരക്ഷിക്കാനോ അല്ലെന്ന് കെ. മുരളീധരൻ.
ഇപ്പോൾ ഒരു ഉന്നതനും ഒരു കേസിലും പെട്ടിട്ടില്ലെന്നും അതിനാൽ ആരെയും രക്ഷിക്കേണ്ട സാഹചര്യം സർക്കാരിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചില നിർണായക അന്വേഷണങ്ങൾ നടക്കുമ്പോൾ തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പുറത്തുവരുന്നത് അന്വേഷണത്തിന്റെ സുഗമമായ പുരോഗതിയെ ബാധിക്കും. അത് തടയാൻ മാത്രമാണ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അല്ലാതെ രേഖകൾ മറച്ചുവെക്കുന്ന സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. വിവരാവകാശ നിയമം കൊണ്ടുവന്നത് കോൺഗ്രസാണെന്നും അതിൽ വെള്ളം ചേർത്തത് ബി.ജെ.പിയാണെന്നും പറഞ്ഞ അദ്ദേഹം, സർക്കാരിന്റെ ഈ നടപടി ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, യു.ഡി.എഫ് സർക്കാരിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ തീവെട്ടിക്കൊള്ളകൾ മറച്ചുവെക്കാനും രാഷ്ട്രീയ നേതാക്കളുടെ അഴിമതി ഫയലുകൾ ഒളിപ്പിക്കാനുമാണ് വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിക്കെതിരെയുള്ള രേഖകൾ പുറത്തുവന്നപ്പോൾ ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളത്തിലാണ് സർക്കാർ ഈ ഉത്തരവിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight:Control over the Vigilance ‘T’ branch is intended to prevent any impact on investigations; it is not meant to shield anyone, says K. Muraleedharan.
