തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി ചെയർമാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവർണർ ശുപാർശ നൽകിയത് നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ നഗ്നമായ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ചെയർമാൻ എം.ആർ. ബൈജു അടക്കം കമ്മീഷനിലെ 16 അംഗങ്ങളെയും പുറത്താക്കണമെന്നും കമ്മീഷനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.

പദവിയിൽനിന്ന് ഒഴിയുന്നതിന് ഒരാഴ്ച മുൻപാണ് ഗവർണറുടെ ഈ നിർണായക നീക്കം നടത്തിയത്. പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളിൽ നിന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷനിൽ നിന്നും ലഭിച്ച പരാതികളുടെയും മാധ്യമ വാർത്തകളുടെയും കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിലാണ് ഗവർണറുടെ നടപടി.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 316 പ്രകാരമാണ് പബ്ലിക് സർവ്വീസ് കമ്മീഷനെ നിയമിക്കുന്നത്. അങ്ങിനെ നിയമിക്കപ്പെടുന്ന അംഗങ്ങൾക്ക് 6 വർഷത്തെ കാലാവധിയാണ് ആർട്ടിക്കിൾ 316 (2) പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഒരംഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവർത്തി ദോഷം സംബന്ധിച്ച പരാതിയിന്മേൽ സുപ്രീം കോടതി ഒരു അന്വേഷണ വിചാരണ നടത്തി ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് ചെയ്തതിന് ശേഷം മാത്രമേ, രാഷ്ട്രപതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്ന് പിണറായി വിജയൻ വ്യക്തമാക്കി.

അത്തരത്തിലൊരു അന്വേഷണ വിചാരണയും കേരളത്തിലെ പി.എസ്.സി അംഗങ്ങൾക്കെതിരായി സുപ്രീംകോടതിയിൽ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഗവർണർക്ക് ഇത്തരത്തിലൊരു ശുപാർശ നടത്താൻ ഭരണഘടനാപരമായി യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം വിമർശിച്ചു.

സ്ഥാനം ഒഴിഞ്ഞ ഗവർണർ പോകുന്ന പോക്കിൽ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുധ ഇടപെടലുകളുടെ തുടർച്ചയായി ഇത്തരത്തിലൊരു ശുപാർശ നടത്തിയതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ ഏതു പ്രവർത്തിയും നടത്താനാകൂ എന്ന് ആർട്ടിക്കിൾ 163 അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണർക്ക് ഇക്കാര്യത്തിൽ ഒരുവിധ സ്വതന്ത്രമായ അധികാരവും ഇല്ലെന്നർത്ഥം. മന്ത്രിസഭയ്ക്കാവട്ടെ ആർട്ടിക്കിൾ 317 പ്രകാരം സുപ്രീംകോടതിയുടെ അന്വേഷണ വിചാരണയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ലാതെ തീരുമാനവും എടുക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

അതായത് പൂർണമായും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ് ഗവർണർ ചെയ്തുവെച്ചിട്ടുള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു.

പി.എസ്.സി ഒരു തുടർച്ചയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സർക്കാരുകൾ മാറി വരുമ്പോൾ നിലവിലുള്ള പി.എസ്.സി അംഗങ്ങളെയും ചെയർമാനെയും പുറത്താക്കുന്ന പതിവില്ലെന്ന് പറഞ്ഞു. അവരുടെ കാലാവധി പൂർത്തീകരിക്കുന്ന മുറയ്ക്ക് പുതിയ അംഗങ്ങളെ നിയമിക്കുക മാത്രമാണ് ചെയ്തുവരുന്നത്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയുടെ അടിസ്ഥാനത്തിൽ പി.എസ്.സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ലെന്നും, അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ ഗവർണറുടെ ഈ നിയമവിരുദ്ധ നടപടിയിൽ നിലപാട് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഗവർണർമാർ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യു.ഡി.എഫ് സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ ഫെഡറൽ അധികാരങ്ങളിൽ യൂണിയൻ സർക്കാരിന്റെ ഏജന്റായി നിരന്തരം ഗവർണർമാരെ ഉപയോഗിക്കുന്ന രീതിയാണ് ബി.ജെ.പി സ്വീകരിക്കുന്നത്. അതിന്റെ കൂടി ഭാഗമായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.

ഇപ്പോൾ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയും മുൻവിധിയോടെയും നിലവിലുള്ള പി.എസ്.സിയെ പിരിച്ചുവിടാൻ ഗവർണറുടെ ഈ നിയമവിരുദ്ധ പ്രവൃത്തി മറയാക്കി സർക്കാർ അനുകൂല സമീപനം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ അതോ ഗവർണറുടെ നിലപാടിനെ അപലപിക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതല്ല, ഗവർണർമാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ സർക്കാർ വലിയ വില കൊടുക്കേണ്ടിവരുമെന്നും അമിതാധികാര പ്രവണതകൾക്ക് വഴിയൊരുക്കലാകും അതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രശംസനീയമായ രീതിയിൽ സർക്കാർ നിയമനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്ന സ്ഥാപനമാണ് കേരളത്തിലെ പി.എസ്.സി എന്ന് പിണറായി വിജയൻ പറഞ്ഞു. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് കഴിഞ്ഞ പത്തുവർഷം നിയമനം നൽകാൻ പി.എസ്.സിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതെങ്കിലും ഒരു നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ഒരു സംവിധാനത്തിന്റെ മുഴുവൻ വിശ്വാസ്യതയും തകർക്കാനുള്ള സംഘടിത ശ്രമവും ഗൂഢാലോചനയുമാണ് ഇപ്പോൾ നടക്കുന്നതെന്ന് വിമർശിച്ച അദ്ദേഹം, ഇതിനെ നാം ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണെന്നും ആഹ്വാനം ചെയ്തു.

Content Highlight:Governor’s recommendation to remove the PSC Chairman: Pinarayi Vijayan terms it a gross abuse of power and unconstitutional.