ന്യൂദല്‍ഹി: ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (ഡി.പി.ഡി.പി) നിയമത്തിനെതിരായ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടി സുപ്രീം കോടതിയുടെ നോട്ടീസ്. ഈ നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്ന് പറഞ്ഞ് ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍’ (ഡി.എന്‍.പി.എ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ക്കൊപ്പം അടുത്ത മാസം 17ന് ഹരജി വീണ്ടും പരിഗണിക്കും.

ഡി.പി.ഡി.പി നിയമത്തില്‍ മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കാത്തത് അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഡി.എന്‍.പി.എ ചൂണ്ടിക്കാട്ടുന്നു. വാര്‍ത്താ ശേഖരണത്തെ തടസപ്പെടുത്തുമെന്നും ഈ നിയമത്തിലെ വ്യവസ്ഥകള്‍ കാരണമാവും. വിവരങ്ങള്‍ നല്‍കുന്ന ഉറവിടങ്ങളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുന്ന തരത്തിലാണ് നിയമത്തിലെ വ്യവസ്ഥകള്‍. നിയമത്തിലെ പല വ്യവസ്ഥകളും റദ്ദാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

21 ഇന്ത്യന്‍ മാധ്യമങ്ങള്‍ ഡി.എന്‍.പി.എയില്‍ അംഗങ്ങളാണ്. മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ഉടമസ്ഥതയിലുള്ള ന്യൂസ് 18, എന്‍.ഡി.ടി.വി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ ടൈംസ് ഇന്റര്‍നെറ്റ് തുടങ്ങിയ പ്രമുഖ മാധ്യമസ്ഥാപനങ്ങളും ഡി.എന്‍.പി.എയിലെ അംഗങ്ങളാണ്. ഒക്ടോബര്‍ ആറിനാണ് ഡി.എന്‍.പി.എ ഹരജി സമര്‍പിച്ചത്.

2027 മെയ് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമത്തിലെ വിവാദ വ്യവസ്ഥകളില്‍ ദൂരിഭാഗവും റദ്ദാക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. ഒരാളെപ്പറ്റി അന്വേഷണം നടത്തുന്നതിന് മുമ്പ് ഒരു ജേണലിസ്റ്റ് അയാളുടെ സമ്മതം തേടേണ്ടി വരുമെന്നും അത് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും ആ വ്യക്തിക്ക് അവസരമൊരുക്കുമെന്നും ഡി.എന്‍.പി.എയുടെ ഹരജിയല്‍ പറയുന്നു.

സമ്മതം പിന്‍വലിക്കാനും വ്യക്തിഗത വിവരങ്ങള്‍ നീക്കം ചെയ്യാനും നിയമം വ്യക്തികള്‍ക്ക് നല്‍കുന്ന അധികാരങ്ങള്‍ ആശങ്കാജനകമാണെന്നും ഡി.എന്‍.പി.എ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വാര്‍ത്തകള്‍ വസ്തുതാപരമായ വാര്‍ത്തകള്‍ പിന്‍വലിക്കാനോ അവയിലെ പ്രധാന ഭാഗങ്ങള്‍ വ്യാപകമായി തിരുത്താനോ പ്രസാധകരെ നിര്‍ബന്ധിതരാക്കാമെന്നും സംഘടന വാദിക്കുന്നു.

‘പൊതുജന താത്പര്യം’ മുന്‍നിര്‍ത്തി ഏത് വിവരം ലഭ്യമാക്കുന്നത് തടയാനും ഈ നിയമം കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നു. നിയമം നടപ്പിലായാല്‍ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏത് സ്ഥാപനത്തോടും ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവിടാമെന്നും ഡി.എന്‍.പി.എ ചൂണ്ടിക്കാട്ടുന്നു.

Content Highlight: SC seeks Centre’s response to news publishers’ plea against data protection law