തിരുവനന്തപുരം: ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ആർ.സി ഉടമയായ ജഡ്ജിയെ പൊലീസ് കേസിൽ പ്രതിചേർത്തു.
പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിനാണ് മോട്ടോർ വാഹന നിയമപ്രകാരം കാറുടമയായ ജഡ്ജിക്കെതിരെ കേസെടുത്തത്. ഇതിൽ നിയമപരമായ തടസങ്ങളില്ലെന്ന് അഡീഷണൽ അഡ്വക്കറ്റ് ജനറൽ പൊലീസിന് വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി.
അപകടം നടക്കുമ്പോൾ വാഹനത്തിൽ ഔദ്യോഗിക ബോർഡ് വെച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. വാഹനം 104 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചിരുന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ഹൈക്കോടതി സബോർഡിനേറ്റ് ജുഡീഷ്യറി ജഡ്ജിയോട് വിശദീകരണം തേടിയിട്ടുണ്ട്. ജഡ്ജിക്ക് ഇതിനകം മെമ്മോ അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും ഹൈക്കോടതിയുടെ തുടർനടപടികൾ.
അതേസമയം, പുലർച്ചയോടെ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിയായ 17-കാരന് ജാമ്യം നൽകിയതിലും പൊലീസിന്റെ ആദ്യഘട്ട നടപടികളിലും രൂക്ഷമായ അതൃപ്തിയും ആരോപണങ്ങളുമായാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തിയത്.
മൃതദേഹം വിട്ടുകിട്ടുന്നതിനു മുൻപ് തന്നെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസ് നീക്കം നടത്തിയെന്നും, ബന്ധുക്കൾ സ്റ്റേഷനിലെത്തി ശക്തമായി പ്രതിഷേധിച്ച ശേഷമാണ് വീണ്ടും കസ്റ്റഡിയിലെടുത്തതെന്നും കുടുംബം പറഞ്ഞു. പ്രതിയെ വ്യക്തമായി അറിഞ്ഞിട്ടും ആദ്യഘട്ട എഫ്.ഐ.ആറിൽ പേര് ഉൾപ്പെടുത്താതെ രക്ഷിക്കാൻ ശ്രമിച്ചതായും അവർ വിമർശിച്ചു.
പൊലീസ് നൽകുന്ന വിശദീകരണങ്ങളിൽ വിശ്വാസമില്ലെന്നും ജഡ്ജിയെ പ്രതിചേർത്തതടക്കമുള്ള വിവരങ്ങൾ രേഖാമൂലം എഴുതി നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു. സ്റ്റേഷനിലെയും അപകടസ്ഥലത്തെയും സി.സി.ടി.വി ദൃശ്യങ്ങൾക്കായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്.
കേസ് ഒതുക്കിത്തീർക്കാൻ സമ്മതിക്കില്ലെന്ന് കുടുംബം വ്യക്തമാക്കി. നീതിക്കായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
Content Highlight:Cheranalloor Road Accident: Judge Who Owns the Car Named as an Accused; Family Levels Serious Allegations Against the Police.
