2014ൽ പുറത്തിറങ്ങിയ വൺ ബൈ ടു എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിക്കുകയും അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് മീനാക്ഷി അനൂപ്. സിനിമയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. മോഹൻലാൽ നായകനായ ഒപ്പം എന്ന സിനിമയിലെ മീനാക്ഷിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമാ നടി എന്നതിനപ്പുറം ഇന്ന് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മറുപടിയുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് മീനാക്ഷി. മാത്രവുമല്ല സമകാലീനമായ പല കാര്യങ്ങളോടും തന്റേതായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുമുണ്ട്.

മീനാക്ഷി അനൂപ്.Photo.Facebook.com

എന്നാൽ ഇപ്പോഴിതാ കുട്ടികളെ എല്ലാത്തിൽ നിന്നും വിലക്കുന്നതിനുപകരം, കാര്യങ്ങൾ സ്വയം മനസിലാക്കി തീരുമാനമെടുക്കാനും സാഹചര്യങ്ങളെ നേരിടാനും അവരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് പറയുകയാണ് നടിയും അവതാരകയുമായ മീനാക്ഷി. വിദ്യാഭ്യാസരംഗത്തും കുട്ടികളെ വളർത്തുന്ന രീതിയിലും മാറ്റങ്ങൾ വരണമെന്നാണ് ആഗ്രഹമെന്നും മീനാക്ഷി മിക്സ്ടേക്ക് ബൈ അഞ്ജന എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നമ്മൾ വളർന്നുവരുന്നത് എല്ലാവരും നല്ലവരായ ഒരു സമൂഹത്തിലേക്കല്ല. പല സ്വഭാവങ്ങളും വ്യത്യസ്തമായ ചിന്താഗതികളുമുള്ള ആളുകൾക്കിടയിലാണ് ജീവിക്കേണ്ടത്. അതുകൊണ്ടുതന്നെ എന്തൊക്കെ ചെയ്യരുതെന്ന് പറഞ്ഞുകൊടുക്കുന്നതിനൊപ്പം, ഓരോ കാര്യവും ചെയ്യുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധ്യമുണ്ടാക്കണം.

‘സ്കൂളിലാണെങ്കിലും വീട്ടിലാണെങ്കിലും ഇത് ചെയ്യരുത്, അങ്ങോട്ടേക്ക് പോകരുത്, ഇങ്ങോട്ടേക്ക് പോകരുത് എന്നൊക്കെയാണ് പറയുന്നത്. പക്ഷേ, എന്തുകൊണ്ടാണ് അത് ചെയ്യരുതെന്ന് പറയുന്നത് എന്നുകൂടി മനസിലാക്കിക്കൊടുക്കണം. കാര്യങ്ങൾ സ്വയം തീരുമാനിക്കാനുള്ള ഒരിടം കുട്ടികൾക്ക് നൽകണം. ഒരു കാര്യം ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടാകുമെങ്കിൽ അത് പറഞ്ഞുകൊടുക്കാം. അപ്പോൾ അതേക്കുറിച്ച് തിരിച്ചുപറയാനും സ്വന്തം അഭിപ്രായം പറയാനും കുട്ടികൾക്ക് അവസരമുണ്ടാകും,’ മീനാക്ഷി പറഞ്ഞു.

കുട്ടികളെ എപ്പോഴും നിയന്ത്രിച്ചുനിർത്താൻ കഴിയില്ലെന്നും സ്വന്തം കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം അവർക്ക് ലഭിക്കണമെന്നും മീനാക്ഷി അഭിപ്രായപ്പെട്ടു. അച്ഛനോ അമ്മയോ അധ്യാപകരോ എപ്പോഴും കുട്ടികൾക്കൊപ്പം ഉണ്ടാകണമെന്നില്ല. അതിനാൽ, ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും പരിചയമില്ലാത്ത സാഹചര്യങ്ങളിൽ എത്തുമ്പോഴും എങ്ങനെ പെരുമാറണമെന്നും പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നും അവർ പഠിക്കണം.

‘എന്നെ എങ്ങനെ നോക്കണം, എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്നൊക്കെ കുറച്ചൊക്കെ ഞാനും പഠിക്കണ്ടേ? എപ്പോഴും അച്ഛനോ അമ്മയോ ടീച്ചേഴ്സോ എന്റെ കൂടെ വരാൻ പറ്റില്ലല്ലോ. എന്നെ കോട്ടയത്തോ കൊച്ചിയിലോ ഇറക്കിവിട്ടാൽ അവിടെനിന്ന് എങ്ങനെ ഒറ്റയ്ക്ക് വീട്ടിലേക്ക് തിരിച്ചുവരണമെന്ന് എങ്കിലും ഞാൻ പഠിച്ചിരിക്കണം. അങ്ങനെയാണ് നമ്മുടെ കോൺഫിഡൻസ് വളരുന്നത്. പക്ഷേ, കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കുന്ന രീതിയിലാണ് പലപ്പോഴും കാര്യങ്ങൾ നടക്കുന്നതെന്ന് തോന്നാറുണ്ട്,’ മീനാക്ഷി പറഞ്ഞു.

ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളിലൂടെ പോലും കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ കഴിയുമെന്നും മീനാക്ഷി ചൂണ്ടിക്കാട്ടി.

‘കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതും പണം നൽകുന്നതും ബാക്കി വാങ്ങുന്നതുമെല്ലാം കുട്ടികൾക്ക് സ്വയം ചെയ്യാൻ അവസരം നൽകണം. ഇത്തരം അനുഭവങ്ങളാണ് ഭാവിയിൽ സ്വന്തം കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ അവരെ സഹായിക്കുക,’ മീനാക്ഷി അഭിപ്രായപ്പെട്ടു.

Meenakshi defines feminism

മീനാക്ഷി അനൂപ്.Photo. Screen Grab/ Youtube

കുട്ടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു പകരം, ശരിയും തെറ്റും തിരിച്ചറിയാനും സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പഠിപ്പിക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസത്തിലും രക്ഷാകർതൃത്വത്തിലും മാറ്റം വരണമെന്നും നടി വ്യക്തമാക്കി.

Content Highlight: Actress and presenter Meenakshi suggests that instead of restricting children from everything, they should be empowered to understand things for themselves, make their own decisions, and face various situations