മുൻ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, അദ്ദേഹം ഒക്ടോബർ 23-ന് കേരള ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഏകദേശം ഒരാഴ്ച മുൻപ് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെയും കമ്മീഷനിലെ 15 അംഗങ്ങളെയും നീക്കണമെന്ന് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ശുപാർശ ചെയ്തു.
2026 ഒക്ടോബർ 15-നാണ് ഇപ്രകാരം രാഷ്ട്രപതിക്ക് കത്ത് നൽകിയത്. യുവമോർച്ചയും എ.ബി.വി.പിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ അർലേക്കർ പി.എസ്.സിടെ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് തേടുകയും പൊലീസ് അന്വേഷണ റിപ്പോർട്ട് പരിശോധിക്കുകയും ചെയ്തിരുന്നു. ഇത് ഗവർണർ കസേരയിലിരുന്ന് ഈ ‘ആരാധ്യൻ’ കാണിച്ചു കൂട്ടിയ അമിതധികാരപ്രയോഗങ്ങളുടെ തുടർച്ച മാത്രമായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി വച്ച തിന്റെ തുടർച്ച എന്നും പറയാം.
എന്താണ് ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തുണ്ടായത്?
ആദ്യം ആരിഫ് മുഹമ്മദ് ഖാൻ ഡോ.സിസ തോമസിനെ കേരള സർവകലാശാലയിലും, പ്രൊഫ കെ. ശിവപ്രസാദിനെ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല യിലും (KTU). ഇടക്കാല വൈസ് ചാൻസലർമാരായി നിയമിച്ചു. ചട്ടമനുസരിച്ചു, സർക്കാർ നിർദേശിച്ച പാനലിൽ നിന്നാണ് നിയമനം നടത്തേണ്ടിയിരുന്നത്.

ആരിഫ് മുഹമ്മദ് ഖാൻ
2024 നവംബർ 28-ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. രണ്ട് സർവകലാശാലകളുടെയും നിയമങ്ങളിൽ ഇടക്കാല വൈസ് ചാൻസലറെ നിയമിക്കാൻ സർക്കാർ ശുപാർശ ചെയ്യുന്ന പേരുകൾ പരിഗണിക്കണമെന്ന വ്യവസ്ഥയുണ്ടെന്നായിരുന്നു സർക്കാർ വാദം.
(KTU നിയമത്തിലെ വകുപ്പ് 13(7) ആണ് കെ. ശിവപ്രസാദിന്റെ നിയമനവുമായി ബന്ധപ്പെട്ടത്. ഡിജിറ്റൽ സർവകലാശാലാ നിയമത്തിലെ വകുപ്പ് 11(10) ആണ് സിസ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ടത്.)
2025 മേയ് 19ന്, ഹൈക്കോടതി സിംഗിൾ ബെഞ്ച് നിയമനങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ വിദ്യാർഥികളുടെ അക്കാദമിക് പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ മേയ് 27 വരെ അവരെ സ്ഥാനത്ത് തുടരാൻ അനുവദിച്ചു.
അർലേക്കർ ഇതിനെതിരെ അപ്പീൽ നൽകി. 2025 ജൂലൈ 14-ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അർലേക്കർ നൽകിയ അപ്പീലുകൾ തള്ളി. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി വ്യക്തമാക്കി. ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തെ നിയമനങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ തുടർന്നു.
ഇടക്കാല നിയമനങ്ങൾ ബന്ധപ്പെട്ട നിയമങ്ങളും യു.ജി.സി ചട്ടങ്ങളും അനുസരിച്ചായിരിക്കണം എന്ന് കോടതി വ്യക്തമാക്കി. സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്ന നടപടികൾ വൈകിക്കരുതെന്ന് സർക്കാരിനോടും ചാൻസലറോടും കോടതി നിർദേശിച്ചു.
ജൂലൈ 30-ന് സുപ്രീം കോടതി ഇടക്കാല വൈസ് ചാൻസലർമാരുടെ നിയമനത്തെക്കുറിച്ച് പുതിയ നിർദേശങ്ങൾ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നിന് സിസ തോമസിനെയും കെ. ശിവപ്രസാദിനെയും വീണ്ടും ഇടക്കാല വൈസ് ചാൻസലർമാരായി നിയമിക്കുകയും ചെയ്തു. ഈ നിയമനങ്ങൾ ആറുമാസത്തേക്കോ സ്ഥിരം വൈസ് ചാൻസലർ ചുമതലയേൽക്കുന്നതുവരെയോ ആയിരുന്നു.

സിസ തോമസ് ,കെ.ശിവപ്രസാദ്
അർലേക്കർ, ആരിഫ് ഖാന്റെ പഴയ നിയമനങ്ങളെ സംരക്ഷിക്കാൻ അപ്പീൽ നൽകിയെങ്കിലും, പിന്നീട് സുപ്രീം കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വീണ്ടും നിയമിച്ചത്. അത് കൊണ്ട് തന്നെ ഈ നിയമനങ്ങളെ മേയ് മാസത്തിൽ കോടതി റദ്ദാക്കിയ നിയമനങ്ങൾ റീഇൻസ്റ്റെറ്റ് ചെയ്തതായി കാണാനാവില്ല, മറിച്ചു പുതിയ നിയമനങ്ങളായിട്ടാണ് കാണേണ്ടത്.
ഇപ്പോളത്തെ വിവാദം
പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെയും കമ്മീഷനിലെ 15 അംഗങ്ങളെയും നീക്കണമെന്ന് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ശുപാർശ ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 317 ആണ് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളുടെയും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെയും ചെയർമാനെയും അംഗങ്ങളെയും നീക്കുന്നതിനും സസ്പെൻഡ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ നിർദേശിക്കുന്നത്.

രാജേന്ദ്ര ആർലേക്കർ
ആർട്ടിക്കിൾ 317(1): നീക്കം ചെയ്യൽ
മോശം പെരുമാറ്റത്തിന്റെ (misbehaviour) പേരിൽ PSC ചെയർമാനെയോ അംഗത്തെയോ നീക്കുന്നതിന് രാഷ്ട്രപതിയുടെ ഉത്തരവ് വേണം. അതിനു മുമ്പ് രാഷ്ട്രപതി വിഷയം സുപ്രീം കോടതിക്ക് റഫർ ചെയ്യുകയും കോടതി അന്വേഷണം നടത്തി നീക്കം ചെയ്യണമെന്ന് റിപ്പോർട്ട് നൽകുകയും വേണം.
ആർട്ടിക്കിൾ 317(2): സസ്പെൻഷൻ
സംസ്ഥാന PSC അംഗത്തിന്റെ കാര്യത്തിൽ ഗവർണർക്ക് സസ്പെൻഡ് ചെയ്യാനുള്ള അധികാരമുണ്ട്. എന്നാൽ അതിന് ആർട്ടിക്കിൾ 317(1) പ്രകാരമുള്ള റഫറൻസ് രാഷ്ട്രപതി സുപ്രീം കോടതിക്ക് നൽകിയിരിക്കണം. ആ അന്വേഷണം സംബന്ധിച്ച റിപ്പോർട്ടിൽ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ സസ്പെൻഷൻ തുടരാം.
ആർട്ടിക്കിൾ 317(3): പ്രത്യേക സാഹചര്യങ്ങൾ
പാപ്പരായി കോടതി പ്രഖ്യാപിക്കുക, ഔദ്യോഗിക ചുമതലകൾക്കു പുറത്തുള്ള ശമ്പളമുള്ള ജോലിയിൽ ഏർപ്പെടുക, മാനസികമോ ശാരീരികമോ ആയ അശക്തത കാരണം തുടരാൻ അനുയോജ്യമല്ലെന്ന് രാഷ്ട്രപതി അഭിപ്രായപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ നീക്കം ചെയ്യാൻ വ്യവസ്ഥയുണ്ട്. ഇവിടെ അധികാരം രാഷ്ട്രപതിക്കാണ്.
ആർട്ടിക്കിൾ 317(4): താത്പര്യസംഘർഷം
സർക്കാർ കരാറുകളിലോ അതിൽനിന്നുള്ള ലാഭത്തിലോ നിയമം നിർദേശിക്കുന്ന രീതിയിൽ താൽപര്യമുള്ളത് ചില സാഹചര്യങ്ങളിൽ മിസ്ബിഹവിയർ ആയി കണക്കാക്കും.
ആർട്ടിക്കിൾ 316-ലെ യഥാർഥ പ്രശ്നം എന്താണ്?
ആർട്ടിക്കിൾ 316(1) പറയുന്നത് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും ഗവർണർ നിയമിക്കുമെന്നാണ്.
ഇവിടെയാണ് പലരും ഒരു പ്രധാന വ്യത്യാസം ചൂണ്ടിക്കാണിക്കുന്നത്. ഭരണഘടനയിൽ നിയമനാധികാരി എന്ന നിലയിൽ ഗവർണറുടെ പേര് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ആ നിയമനം നടത്തുമ്പോൾ മന്ത്രിസഭയുടെ ഉപദേശം നിർബന്ധമാണോ എന്നത് അതേ വാചകത്തിൽ വിശദീകരിച്ചിട്ടില്ല.
ഇന്ത്യൻ ഭരണഘടനയിൽ രാഷ്ട്രപതിയും ഗവർണറും സാധാരണയായി ഭരണഘടനാപരമായ തലവന്മാരാണ്. പക്ഷെ, യഥാർഥ ഭരണനിർവഹണം തിരഞ്ഞെടുക്കപ്പെട്ട സർക്കാരും മന്ത്രിസഭയുമാണ് നടത്തുന്നത്. ഇവിടെ ആർട്ടിക്കിൾ 163 നിർണായകമാകുന്നു. ഭരണഘടന ഗവർണർക്ക് സ്വന്തം വിവേചനാധികാരത്തിൽ പ്രവർത്തിക്കാൻ വ്യക്തമായി അധികാരം നൽകുന്ന സാഹചര്യങ്ങൾ ഒഴികെ, ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണം എന്നതാണ്.
ശംഷേർ സിങ് വി. സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1974)
ഈ കേസിനെക്കുറിച്ച് പറയേണ്ടതുണ്ട്. ശംഷേർ സിംഗ്, പഞ്ചാബിൽ പ്രൊബേഷൻ കാലയളവിലുണ്ടായിരുന്ന കീഴ്ക്കോടതി ജഡ്ജിയായിരുന്നു.
അദ്ദേഹത്തിന്റെയും മറ്റൊരു ഉദ്യോഗസ്ഥന്റെയും സേവനം ഗവർണറുടെ പേരിൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ അവസാനിപ്പിച്ചു.
ഗവർണർക്ക് ഇത്തരം നിയമന-സേവന കാര്യങ്ങളിൽ വ്യക്തിപരമായി തീരുമാനമെടുക്കാൻ കഴിയുമോ എന്ന ചോദ്യം സുപ്രീം കോടതിയിലെത്തി.
സുപ്രീം കോടതി പറഞ്ഞത്.
ഈ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയ പ്രധാന തത്ത്വം ഇതാണ്.
ഗവർണർ സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവനാണ്. ഭരണഘടന വ്യക്തമായി വ്യത്യസ്തമായി നിർദേശിക്കുന്നില്ലെങ്കിൽ, ഭരണനിർവഹണ അധികാരങ്ങൾ ഗവർണർ വ്യക്തിപരമായി വിനിയോഗിക്കുന്നതല്ല; മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശത്തോടെയുമാണ് വിനിയോഗിക്കേണ്ടത്. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരങ്ങൾ വ്യക്തിപരമായ രാഷ്ട്രീയ അധികാരമല്ല.
ഭരണഘടന വ്യക്തമായി വിവേചനാധികാരം അനുവദിക്കുന്നിടത്ത് അതനുസരിച്ച് പ്രവർത്തിക്കാം. മറ്റു വിഷയങ്ങളിൽ മന്ത്രിസഭയുടെ ഉപദേശത്തെ മറികടന്ന് സമാന്തര ഭരണകൂടമായി പ്രവർത്തിക്കാനാവില്ല.
പക്ഷെ പോത്തിനെന്ത് എത്തവാഴ എന്ന് പറയുന്നത് പോലെയാണ് ഈ വിധിയും കേരളത്തിലേക്ക് സംഘപരിവാർ അയച്ച ഗവർണർമാരും തമ്മിലുള്ള ബന്ധമെന്ന് പറയേണ്ടി വരും. കാരണം ഇതൊന്നും ബാധകമല്ലാത്ത വിധത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ മുതലിങ്ങോട്ടുള്ളവർ പെരുമാറിയിരുന്നത്.
2019 ഒക്ടോബർ 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത സ്ഥാനാർഥികളെ മറികടന്ന് മോഹനൻ കുന്നുമ്മലിനെ KUHS വൈസ് ചാൻസലറായി നിയമിച്ചു. 2022 ഒക്ടോബറിൽ ഖാൻ മോഹനൻ കുന്നുമ്മലിന് കേരള സർവകലാശാലയുടെ വൈസ് ചാൻസലറുടെ അധിക ചുമതല കൂടി നൽകി.

മോഹനൻ കുന്നുമ്മൽ
നിയമനത്തിന്റെ കാലാവധി അഞ്ച് വർഷമോ 70 വയസ്സ് തികയുന്നതുവരെയോ ഏതാണോ ആദ്യം സംഭവിക്കുന്നത് എന്ന വ്യവസ്ഥയിലായിരുന്നു. 2024 ഒക്ടോബർ 24-നാണ് ഖാൻ വീണ്ടും മോഹനൻ കുന്നുമ്മലിനെ KUHS വൈസ് ചാൻസലറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.
സ്ഥിരം വൈസ് ചാൻസലർ നിയമിതനാകുന്നതുവരെ കുന്നുമ്മൽ കേരള സർവകലാശാലയുടെ വൈസ് ചാൻസലറുടെ അധിക ചുമതല തുടരണമെന്നും നിർദേശിച്ചു. 2025 ജനുവരിയിൽ രാജേന്ദ്ര അർലേക്കർ കേരള ഗവർണറായി ചുമതലയേറ്റു. അതിനുശേഷവും കുന്നുമ്മൽ ആ അധിക ചുമതലയിൽ തുടർന്നു.
വിദ്യാഭ്യാസരംഗം പിടിച്ചടക്കുക, കാവിവത്കരിക്കുക എന്ന സംഘപരിവാർ അജണ്ട
2024-ൽ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയായ (NCERT) പുറത്തിറക്കിയ പരിഷ്കരിച്ച രാഷ്ട്രമീമാംസ പാഠപുസ്തകങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി.
ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമർശങ്ങൾ
പന്ത്രണ്ടാം ക്ലാസിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ ബാബറി മസ്ജിദ് എന്ന പേര് ഒഴിവാക്കി, അതിനെ മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടം (three-domed structure) എന്നാണു വിശേഷിപ്പിച്ചത്. അയോധ്യാ തർക്കത്തെക്കുറിച്ചുള്ള ഭാഗം നാല് പേജിൽനിന്ന് രണ്ട് പേജായി ചുരുക്കുകയും ചെയ്തു.
രഥയാത്രയും കർസേവകരും
സോമനാഥിൽനിന്ന് അയോധ്യയിലേക്കുള്ള ബിജെപിയുടെ രഥയാത്ര, കർസേവകരുടെ പങ്ക്, ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്നുണ്ടായ വർഗീയ സംഘർഷങ്ങൾ, സംഭവത്തിൽ ബിജെപി പ്രകടിപ്പിച്ച ഖേദം തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കി. പകരം സുപ്രീംകോടതിയുടെ 2019-ലെ വിധിക്കും രാമക്ഷേത്ര നിർമാണത്തിനും കൂടുതൽ പ്രാധാന്യം നൽകി.
2002-ലെ ഗുജറാത്ത് കലാപം
പതിനൊന്നാം ക്ലാസിലെ മതനിരപേക്ഷതയെക്കുറിച്ചുള്ള പാഠത്തിൽ, കലാപത്തിൽ കൊല്ലപ്പെട്ട ആയിരത്തിലധികം പേരിൽ ഭൂരിഭാഗവും മുസ്ലിംകളാണെന്ന പരാമർശം മാറ്റി. പുതിയ പതിപ്പിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നു മാത്രമാണ് പറയുന്നത്. ഇതിലൂടെ ഇരകളുടെ മതപരമായ തിരിച്ചറിയൽ വ്യക്തമാക്കുന്ന വിവരം ഒഴിവാക്കപ്പെട്ടുവെന്നാണ് വിമർശനം.
ഗാന്ധിവധം, RSS നിരോധനം, മുഗൾ ചരിത്രം
2022–2023 കാലത്ത് NCERT പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രം, ഗാന്ധിയുടെ ഹിന്ദു–മുസ്ലിം ഐക്യനിലപാട്, ഗാന്ധിവധത്തിനു പിന്നാലെയുള്ള RSS നിരോധനം, മൗലാനാ അബുൽ കലാം ആസാദിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ തുടങ്ങിയവ ഒഴിവാക്കിയിരുന്നു.
കേരളത്തിന്റെ പ്രതികരണം
കേരള സർക്കാർ ഈ മാറ്റങ്ങളെ ചരിത്രവസ്തുതകൾ മായ്ച്ചുകളയാനുള്ള ശ്രമമായി വിമർശിച്ചു. ഒഴിവാക്കിയ ഭാഗങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ അനുബന്ധ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന നടപടിയും കേരളം സ്വീകരിച്ചിരുന്നു. ബാബറി മസ്ജിദ് തകർത്ത സംഭവവും ഗുജറാത്ത് കലാപവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചരിത്രപരമായ പശ്ചാത്തലത്തോടെ പഠിക്കേണ്ടതുണ്ടെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്.
SCERT കേരളം: ഔദ്യോഗികമായി പ്രസിദ്ധീകരിച്ച Additional Textbook for Political Science — Class XII എന്ന അനുബന്ധ പുസ്തകത്തിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് പ്രത്യേക അധ്യായമുണ്ട്. കലാപത്തിന്റെ പശ്ചാത്തലം, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നുവെന്ന വിവരം, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം എന്നിവ അതിൽ വിശദീകരിക്കുന്നുണ്ട്. കേരളത്തിൽ SCERT യും ഉന്നതവിദ്യാഭ്യാസരംഗവും ഇതുപോലെ പിടിച്ചെടുക്കാൻ സംഘപരിവാറിന് സാധിച്ചിരുന്നില്ല.
ഇക്കാരണത്താൽ തന്നെ സംഘപരിവാറിന് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങി ബാറ്റ് ചെയ്യാൻ, നേരിട്ട് സിലബസ്സിൽ ഇടപെടാൻ ഗവർണർ ഖാൻ തയ്യാറായ ജുഗപ്സാവഹമായ കാഴ്ച ജനാധിപത്യകേരളം കണ്ടു.
എവിടെയായിരുന്നു വിവാദങ്ങളുടെ തുടക്കം?
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ. മലയാളം മൂന്നാം സെമസ്റ്ററില്‍ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തി. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ലക്ഷ്യം. ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തില്‍ ഗൗരി ലക്ഷ്മി പാടിയ ‘അജിതാ ഹരേ യും ക്ലാസിക്കല്‍ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യപഠനവും ഉണ്ടായിരുന്നു.
ഈ രണ്ട് പാഠഭാഗങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും പകരം മറ്റാരുടെയെങ്കിലും കാമ്പുള്ള രചന ചേര്‍ക്കണമെന്നും കാണിച്ച് സിന്‍ഡിക്കറ്റിലെ ബി.ജെ.പി അംഗം എ.കെ.അനുരാജ്,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനു പരാതി നല്‍കിയിരുന്നു.
ആർഎസ് എസിനു വേണ്ടി രാഷ്ട്രീയ കൂട്ടിക്കൊടുപ്പ് തൊഴിലാക്കിയ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മറ്റി നല്കിയ പരാതിയില്‍ ഒരു പടി കൂടി കടന്നു വേടന്റെയും, ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ പാഠഭാഗത്ത് നിന്ന് ഒഴിവാക്കണം എന്ന് മാത്രമല്ല ഗൗരി ലക്ഷ്മിയുടെ ദൃശ്യാവിഷ്കാരം ഭക്തിക്ക് ചേര്‍ന്നതാണോ എന്നും ചോദിക്കുന്നു.
സിലബസ് മുഴുവന്‍ അബദ്ധജടിലമാണ് എന്നും പരാതിയില്‍ പറയുന്നു. ഗവർണർ അപ്പോൾ തന്നെ തന്റെ കൂടെ ആര്.എസ്.എസ് പരിപാടികൾക്ക് പങ്കെടുത്തു നടന്നിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി താത്കാലിക വി.സി. ഡോ. പി. രവീന്ദ്രനനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
വി സി ഈ ദൗത്യം മലയാളം വിഭാഗം മുന്‍ മേധാവി, ഡോ. എം എം ബഷീറിനെ ഏല്പിച്ചു. മുന്‍പ് ‘ഗ്വാണ്ടനാമോയില്‍ നിന്നുള്ള കവിതകള്‍’ല്‍ ഒരു കവിത കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അത് ഒഴിവാക്കണം എന്ന് റിപ്പോര്‍ട്ട് നല്കി തന്റെ തീവ്ര വലതു ബോധവും മനുഷ്യവിരുദ്ധതയും വെളിവാക്കിയ ആളാണ് ഡോ. എം.എം. ബഷീര്‍ എന്നോർക്കുക.
വൈസ് ചാന്സ്ലറിന്റെ നിര്‍ദേശമനുസരിച്ചു, വിഷയം പരിശോധിച്ച മുന്‍ മലയാളവിഭാഗം മേധാവി ഡോ. എം.എം. ബഷീര്‍, വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിട’വും ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും പാഠപദ്ധതിയില്‍നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തു.
അത് കൊണ്ട് തന്നെ ഗവർണർമാരുടെ പെരുമാറ്റം വെറുമൊരു അമിതധികാര പ്രയോഗം മാത്രമല്ല, മറിച്ചു തങ്ങൾക്കു വഴങ്ങാത്ത ജനതയുടെ വിദ്യാഭ്യാസരംഗത്തെ സംഘിവത്കരിക്കുന്നതിന്റെ പിണിയാളുകളായി ഗവർണർമാർ പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ്.
ഇപ്പോളത്തെ വിവാദം
ഇവിടെയിപ്പോൾ മന്ത്രിസഭയുടെ അറിവോ സമ്മതമോ കൂടാതെയാണ് PSC ചെയർമാൻ എം.ആർ. ബൈജുവിനെയും കമ്മീഷനിലെ 15 അംഗങ്ങളെയും നീക്കണമെന്ന് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ശുപാർശ ചെയ്തിരിക്കുന്നത്.
ആരുടെ പരാതിയിൽ? യുവമോർച്ചയും ABVP-യും നൽകിയ പരാതിയിൽ. സംസ്ഥാനം ഇതിനെതിരെ സുപ്രീം കോടതിയിൽ പോകാതെ ഇക്കാര്യം അനുവദിച്ചു കൊടുത്താൽ ഈ പതിനാറ് പേരുടെ സ്ഥാനത്തും സംഘ് നോമിനികൾ കയറി ഇരിക്കുന്നതു നമ്മൾ കാണേണ്ടി വരും.
മൂന്ന് സീറ്റുകൾ കൊണ്ട് തങ്ങൾ ഭരിക്കും എന്ന യൂണിയൻ സർക്കാർ ഭരിക്കുന്ന ആർഎസ്എസ്, ഒരു ക്വാസി ഫെഡറൽ സംവിധാനത്തിലെ, ഒരു ജനാധിപത്യ രാജ്യത്തിലെ താരതമ്യേനെ ഒരു സ്റ്റേറ്റ് നെ നോക്കി കണ്ണുരുട്ടുന്ന കാഴ്ചയാണിത്.
പോരാടണോ അതോ ആശ്ലേഷിക്കണോ എന്ന തീരുമാനം ഭരിക്കുന്ന മുന്നണിയെയും കോൺഗ്രസിന്റെ മുഖ്യമന്ത്രി വി ഡി സതീശനെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. കോൺഗ്രസ്സ് പാർട്ടിക്കാരനായ കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെ തുടരുമോ അതോ കാവിയെ പുൽകുമോ എന്നതാണ് ചോദ്യം. പോരാടാൻ തീരുമാനിച്ചാൽ വരും കേരളത്തിന്റെ തലമുറ വിഡി സതീശനെക്കുറിച്ച് അഭിമാനത്തോടെ ഓർക്കും.
രണ്ടാമത്തെ ചോയ്സ് എടുത്താലും കേരളം അദ്ദേഹത്തെയോർക്കും, ഓർമകളിൽ അയാളുടെ പേര് ഒറ്റുകാരൻ എന്നായിരിക്കുമെന്ന് മാത്രം.
Content Highlight:Dissolution of the PSC From Governor of the State to Governor of the BJP.
