ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ബി.ജെ.പി വ്യാജ പോസ്റ്ററുകള്‍ നിര്‍മിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

യു.പിയിലെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 200 സീറ്റുകള്‍ കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെടുന്ന തരത്തില്‍ ലഖ്‌നൗവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്റെ പ്രതികരണം. ഇന്ത്യാ മുന്നണിയുടെ ഐക്യവും മുന്നേറ്റവും കണ്ട് ബി.ജെ.പി ഭയപ്പെട്ടിരിക്കുകയാണെന്നും, അതിനാലാണ് ഇത്തരത്തിലുള്ള കുതന്ത്രങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക അനുമതിയോ നിശ്ചിത ഫീസോ അടയ്ക്കാതെയാണ് ഇത്തരം പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഇതിന് കൂട്ടുനിന്ന മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവെക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങളുടെയും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെയും തീയതി തിരിച്ചുള്ള വിവരങ്ങള്‍ എസ്പി സൂക്ഷിക്കുന്നുണ്ടെന്നും, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ ഇന്ത്യാ മുന്നണി പൂര്‍ണമായും ഒറ്റക്കെട്ടാണെന്നും, വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്നും സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും വ്യക്തമാക്കി.

 

Content Highlight: BJP is releasing fake posters to create divisions within the INDIA alliance: Akhilesh Yadav