പാട്ന: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്നും എസ്.ഐ.ആര് പ്രക്രിയകള്‍ ഉടനടി നിര്‍ത്തിവെക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ഭാവിയില്‍ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പര്‍ രീതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എസ്.ഐ.ആറിനെതിരായ പ്രതിഷേധങ്ങളെ രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചു.
ബീഹാറിന്റെ പ്രഥമ മുഖ്യമന്ത്രിയായ ശ്രീകൃഷ്ണ സിങ്ങിന്റെ 139ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പട്നയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഖാര്‍ഗെ ഇലക്ഷന് കമ്മീഷനെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെയും ആര്.എസ്.എസിനെയും കടന്നാക്രമിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും നിഷ്പക്ഷതയെ ചോദ്യം ചെയ്ത ഖാര്‍ഗെ, പ്രതിപക്ഷ പാര്‍ട്ടി അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും വോട്ടുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതായും ആരോപിച്ചു.
‘പശ്ചിമ ബംഗാള്‍, ഹരിയാന, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വോട്ട് ചോരിയിലൂടെ കവര്‍ന്നെടുത്ത സര്‍ക്കാരുകളെ പുറത്താക്കണം,’ ഖാര്‍ഗെ തുറന്നടിച്ചു.
ജനങ്ങള്‍ തെരുവിലിറങ്ങി സ്വന്തം അവകാശങ്ങള്‍ക്കായും ഭരണഘടന സംരക്ഷിക്കുന്നതിനായും പോരാടണമെന്ന് അദ്ദേഹം ആഹ്വനം ചെയ്തു.
രാജ്യത്തെ സാമൂഹിക വിഭജനം വര്‍ധിപ്പിക്കാനാണ് ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. ആര്.എസ്.എസ് ആശയങ്ങള്‍ ഇല്ലാതാകുന്നതുവരെ രാജ്യത്ത് സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേതാക്കളെപ്പോലെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരല്ല തങ്ങളെന്നും, ഐക്യത്തിലും സമത്വത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന രാജ്യസ്നേഹികളാണ് തങ്ങളെന്നും ഖാര്‍ഗെ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെതിരെയും ഖാര്‍ഗെ വിമര്‍ശിച്ചു.
‘ഒരുകാലത്ത് റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കള്‍ക്കൊപ്പം നിലകൊണ്ട നിതീഷ് കുമാര്‍, ഇന്ന് ബി.ജെ.പിയുടെ മടിയില്‍ പോയി ഇരിക്കുകയാണ്. സോഷ്യലിസ്റ്റ് ആദര്‍ശങ്ങളില്‍ നിന്ന് ബി.ജെ.പിയുടെ മടിയിലേക്കുള്ള ഈ മാറ്റം അമ്പരപ്പിക്കുന്നതാണ്,’ ഖാര്‍ഗെ പരിഹസിച്ചു.
Content highlight: Assembly elections from the last two years should be annulled; Mallikarjun Kharge lashes out.
