തിയേറ്ററുകളില്‍ ചരിത്രവിജയം സ്വന്തമാക്കിയിരിക്കുകയാണ് തമിഴ് ചിത്രം ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ അണിയിച്ചൊരുക്കിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ പലതും ഇതിനോടകം തകര്‍ത്തു. 700 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യസിനിമയെന്ന നേട്ടവും ജയിലര്‍ 2 സ്വന്തം പേരിലാക്കി.

സമീപകാലത്ത് ഏറ്റവും വലിയ താരനിര അണിനിരന്ന ചിത്രമെന്ന നേട്ടവും ജയിലര്‍ 2ന്റെ പേരിലാണ്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള വമ്പന്‍ താരങ്ങളും പല സൂപ്പര്‍ താരങ്ങളുടെ കാമിയോയും ചിത്രത്തെ ഗംഭീരമാക്കി. ആദ്യഭാഗത്തില്‍ രോമാഞ്ചം സമ്മാനിച്ച താരങ്ങള്‍ ഇത്തവണയും അതിഥിവേഷത്തിലെത്തുന്നുണ്ട്.

മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ക്ക് പുറമെ ബോളിവുഡില്‍ നിന്ന് ഒരു സൂപ്പര്‍താരത്തിന്റെ കാമിയോ ജയിലര്‍ 2നെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. ഹൃതിക് റോഷനാണ് ഇത്തവണ മുത്തുവേല്‍ പാണ്ഡ്യനെ സഹായിക്കാനായി എത്തുന്നത്. വെറും രണ്ട് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട റോഡി തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.

ജയിലിലായ മുത്തുവേല്‍ പാണ്ഡ്യനെ രക്ഷിക്കാനാണ് റോഡി രംഗപ്രവേശം ചെയ്യുന്നത്. നീല മസ്താങ് കാറില്‍ മാസ് ബി.ജി.എമ്മിന്റെ അകമ്പടിയോടെ വന്നിറങ്ങുന്ന റോഡി കൈയടി നേടുകയാണ്. അനിരുദ്ധ് നല്‍കിയ ബി.ജി.എമ്മും ഇതിനോടകം ചര്‍ച്ചയായി. രജിനിക്ക് നല്‍കിയ ബി.ജി.എമ്മിനെക്കാള്‍ ഈയൊരു സ്‌കോര്‍ ഗംഭീരമായെന്നാണ് പലരുടെയും കമന്റുകള്‍.

റോഡി ബി.ജി.എമ്മിനൊപ്പം ‘വണ്‍ നെയിമി’ലെ ഹുക്ക് പോര്‍ഷന്‍ മിക്‌സ് ചെയ്തുള്ള പരീക്ഷണവും കൈയടി നേടുന്നുണ്ട്. ബോളിവുഡിലെ ‘ഗ്രീക്ക് ദൈവത്തെ’ കൊണ്ടുവന്നത് വെറുതെയായില്ലെന്നും അനിരുദ്ധ് അറിഞ്ഞ് പണിയെടുത്തിട്ടുണ്ടെന്നും പലരും അഭിപ്രായം പങ്കുവെച്ചു. സ്‌ക്രീന്‍ പ്രസന്‍സിന്റെ രാജാവെന്ന് അറിയപ്പെടുന്ന ഹൃതിക് റോഷനെ സൈഡാക്കിയ രജിനിയുടെ സ്‌ക്രീന്‍ പ്രസന്‍സും ഇതിനൊപ്പം ചര്‍ച്ചയാകുന്നുണ്ട്.

ബള്‍ക്കി മസ്‌കുലര്‍ ബോഡിയും അതിനൊത്ത ഹൈറ്റുമെല്ലാമായി ഹൃതിക് സ്‌ക്രീനിലുണ്ടായിട്ടും എല്ലാവരുടെയും ശ്രദ്ധ പോകുന്നത് രജിനിയിലേക്കാണ്. ഈ സീനില്‍ രജിനിയുടെ സ്‌റ്റൈല്‍ അനുകരിച്ച് ഹൃതിക് കൂളിങ് ഗ്ലാസ് വെക്കുന്ന സീനും ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. രജിനി എന്തുകൊണ്ട് ഇപ്പോഴും സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും കമന്റുകളുണ്ട്.

ഹൃതിക് റോഷന് പകരം ഷാരൂഖ് ഖാനെയായിരുന്നു ഈ സീനില്‍ നെല്‍സണ്‍ ആദ്യം മനസില്‍ കണ്ടത്. എന്നാല്‍ കിങ് സിനിമയുടെ തിരക്കുകള്‍ കാരണം ഷാരൂഖിന് ഓക്കെ പറയാനാകില്ല. തെലുങ്ക് താരം ബാലകൃഷ്ണയെയും പരിഗണിച്ചെങ്കിലും ഏറ്റവുമൊടുവില്‍ നറുക്ക് വീണത് ഹൃതിക് റോഷനാണ്. താരത്തെ വെച്ച് ഒരു മാസ് സിനിമ വേണമെന്നാണ് ആരാധകരുടെ കമന്റുകള്‍.

Content Highlight: Hrithik Roshan’s BGM in Jailer 2 getting appreciations