വില്ലനായി മലയാള സിനിമയിലെത്തി ഇന്ന് നായകന്മാരുടെ നായകനായി മാറിയ അഭിനേതാവാണ് മോഹന്‍ലാല്‍. മോളിവുഡിലെ ബോക്സ് ഓഫീസ് പവറെന്നതിന്റെ അവസാന വാക്കായി മാറിയ മോഹന്‍ലാലിന് വട്ടം വെക്കാന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാളത്തില്‍ മറ്റൊരു നടനും കഴിഞ്ഞിട്ടില്ലെന്ന് കാണാം. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ 2026ല്‍ ദൃശ്യം 3യിലൂടെയും തന്റെ വിന്നിങ് സ്ട്രീക്ക് തുടരുകയാണ്.

മോഹന്‍ലാല്‍. Photo: X.com

സിനിമാ ലോകമൊട്ടാകെ ഇപ്പോള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഡിസംബറില്‍ തിയേറ്ററുകളിലേക്കെത്തുന്ന അതിമനോഹരം. തുടരും എന്ന ബ്ലോക്ക് ബ്ലാസ്റ്റര്‍ ചിത്രത്തിലൂടെ ബോക്‌സ് ഓഫീസിന് തീയിട്ട തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരിക്കല്‍ കൂടെ ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം താരം പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതോടൊപ്പം തന്നെ വമ്പന്‍ പ്രൊജക്ടുകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

മലയാളത്തിന്റെ ഫേവറിറ്റ് സംവിധായകനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറാക്കിള്‍ ഈ കൂട്ടത്തിലൊന്നാണ്. ഒപ്പം ഉയര്‍ന്നു കേട്ട മറ്റൊരു പ്രൊജക്ടായിരുന്നു ആവേശം സംവിധായകന്‍ ജിത്തു മാധവന്റേത്. മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ജിത്തു മാധവനൊപ്പം താന്‍ ഒരു ചിത്രം ചെയ്യുമെന്ന് പറഞ്ഞതായിരുന്നു സിനിമാ ലോകം ഏറ്റെടുത്തത്.

എന്നാല്‍ പ്രൊജക്ട് നടക്കില്ലെന്ന് പറയുന്ന ജിത്തു മാധവന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൂര്യ നായകനാകുന്ന തന്റെ പുതിയ ചിത്രം സീനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ജിത്തു മാധവന്‍ പ്രൊജക്ട് ഉപേക്ഷിച്ചതിനെ കുറിച്ച് സംസാരിച്ചത്.

ജിത്തു മാധവന്‍. Photo: Reddit

മോഹന്‍ലാലിനെ മനസില്‍ വെച്ച് താന്‍ എഴുതിയ കഥയിലേക്ക് മറ്റൊരാളെ വെച്ച് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്ന് ജിത്തു പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിനായി ഒരുപാട് ദിവസം ആവശ്യമായി വരുമെന്നും അത് കുറക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും അത്രയും കൂടുതല്‍ ദിവസങ്ങള്‍ ചിത്രത്തിന് അത്യാവശ്യമായതിനാല്‍ അത് നടന്നില്ലെന്നും സംവിധായകന്‍ പറയുന്നു. ലാലേട്ടന്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ ചെയ്യുന്ന സാഹചര്യത്തില്‍ ഇത് സാധ്യമാകാതെ വരികയായിരുന്നു എന്നും ജിത്തു കൂട്ടിച്ചേര്‍ത്തു.

Content Highlight: Jithu Madhavan talks about Mohanlal project