അടുത്ത കാലത്ത് പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച മലയാള സിനിമ എന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ്. ജിത്തു മാധവന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ സീ ഫൈവിലൂടെ ബാലന്‍ ഒ.ടി.ടി സ്ട്രീമിങ് ചെയ്തതോടെ വലിയ നിരൂപക പ്രശംസയാണ് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്.
ടൊവിനോ തോമസിനും ജീന്‍ പോള്‍ ലാലിനും പുറമെ പുതുമുഖങ്ങളായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ടത്. അമ്മയായി വേഷമിട്ട ഫര്‍സാന പാലത്തിങ്കലും കുട്ടിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച ആദിശേഷും കൗമാരക്കാരനായ കുട്ടിയായി വേഷമിട്ട മുഹമദ് സിനാനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. മുഹമദ് സിനാനും ടൊവിനോ തോമസും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെല്ലാം ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ബാലന്‍ ദി ബോയ്. Photo: District
രോമാഞ്ചം, ആവേശം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജിത്തു മാധവനായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. വരാനിരിക്കുന്ന തമിഴ് ചിത്രമായ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബാലനെ കുറിച്ച് ജിത്തു മാധവന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന ചിത്രമായ സീന്‍ നവംബര്‍ ആറിനാണ് റിലീസിനെത്തുന്നത്.
‘ഞാന്‍ തന്നെ സംവിധാനം ചെയ്യാം എന്ന ചിന്തയിലായിരുന്നു ബാലന്‍ ദി ബോയ് എഴുതിയത്. പക്ഷേ അതേസമയം തന്നെ മറ്റ് രണ്ട് പ്രൊജക്ടുകളില്‍ കൂടെ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അതില്‍ ഒന്നാണ് സീന്‍. ബാലന്‍ എന്റെ ഫേവറിറ്റ് സ്റ്റോറിയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ചിദംബരം എന്റെയടുത്ത് ഏതെങ്കിലും കഥയുണ്ടോ എന്ന് ചോദിക്കുന്നത്.

ജിത്തു മാധവന്‍. Photo: Reddit
ചിദംബരത്തിന്റെതായി മറ്റ് ചിത്രങ്ങള്‍ വരാനുണ്ടെങ്കിലും അത് തുടങ്ങാന്‍ സമയം പിടിക്കുമായിരുന്നു. എന്റെ കൈയിലുള്ള കഥയെ കുറിച്ച് ചോദിച്ചപ്പോള്‍ അവനില്‍ എനിക്ക് ഒരുപാട് വിശ്വാസം തോന്നി. കാരണം ആ കഥയ്ക്ക് ജീവന്‍ നല്‍കാന്‍ അവന് സാധിക്കും. അവന്റെ വര്‍ക്കിന്റെ വലിയ ആരാധകനാണ് ഞാന്‍,’ ജിത്തു പറഞ്ഞു.
Content Highlight: Jithu Madhavan talks about Balan The Boy movie
