സോഷ്യല്‍ മീഡിയ റീലുകളിലൂടെയും യൂട്യൂബ് കണ്ടന്റ് ക്രിയേഷനിലൂടെയും ശ്രദ്ധിക്കപ്പെട്ട് സിനിമയിലേക്കെത്തുന്നവര്‍ ഇന്ന് നിരവധിയാണ്. മലയാളികളുടെ പ്രിയങ്കരരായ ഹാഷിറും ഗ്യാങ്ങും, ജോമോന്‍ ജ്യോതിര്‍, റോഷന്‍ ഷാനവാസ്, ഷമീര്‍ ഖാന്‍ തുടങ്ങി ഒട്ടനവധി പേരാണ് ഇത്തരത്തില്‍ മലയാള സിനിമയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്. വാഴ 2ലൂടെ കേരള ബോക്‌സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ചുകൊണ്ടാണ് ഹാഷിറും ഗ്യാങ്ങും വരവറിയിച്ചതെങ്കില്‍ ചെറുതും വലുതുമായ ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെയാണ് മറ്റുള്ളവര്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്.

ടൈറ്റന്‍സ്. Photo: X.com

കൂട്ടത്തില്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന അഭിനേതാവാണ് നിഹാല്‍ നിസാം. കുടോസ് എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട നിഹാല്‍ ചുരുങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളതെങ്കിലും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

താരത്തിന്റേതായി ഇപ്പോള്‍ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ടൈറ്റന്‍സ്. ഫാന്റസി കോമഡി ആക്ഷന്‍ ഴോണറിലൊരുക്കിയ ചിത്രത്തില്‍ ജയസൂര്യയ്ക്കും വിനായകനും ഒപ്പം നില്‍ക്കുന്ന കഥാപാത്രമായ അന്‍വറായാണ് നിഹാല്‍ വേഷമിട്ടിരിക്കുന്നത്.

ആന്റണി യക്കൂസയെന്ന കൊച്ചിയില്‍ തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന ജയസൂര്യ കഥാപാത്രത്തിന്റെ റൂംമേറ്റും ഉറ്റസുഹൃത്തുമാണ് അന്‍വര്‍. ടെക്‌നിക്കല്‍ കാര്യങ്ങളെ കുറിച്ച് വലിയ അറിവുള്ള ചെറുപ്പക്കാരനായ അന്‍വര്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ആന്റണി യക്കൂസയ്ക്ക് വേണ്ടി സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നതും കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതുമാണ് ചിത്രത്തിന്റെ ആദ്യപകുതിയിലെ കഥാപശ്ചാത്തലം.

കോമഡിയുടെ അകമ്പടിയോടെയാണ് ഈ രംഗങ്ങളെല്ലാം തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ കോമഡി ചെയ്ത് വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സുള്ള ജയസൂര്യയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പെര്‍ഫോമന്‍സായിരുന്നു നിഹാല്‍ കാഴ്ചവെച്ചത്. ചിത്രത്തിലേക്ക് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ ഈ കോമ്പിനേഷന്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

ടൈറ്റന്‍സ്. Photo: X.com

വിനായകന്‍ അവതരിപ്പിച്ച റെജിമോന്‍ എന്ന കാവല്‍ മാലാഖയുടെ വരവോടെ ഇവര്‍ മൂന്ന് പേരിലൂടെയും ചിത്രം കൂടുതല്‍ എന്റര്‍ടെയിനിങ് ആയി മാറുന്നുണ്ട്. മലയാളികള്‍ക്ക് ഒട്ടേറെ ജനപ്രിയ കഥാപാത്രങ്ങള്‍ സമ്മാനിച്ച വിനായകനും ജയസൂര്യയും സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഇവര്‍ക്കൊപ്പം അതേ മീറ്ററില്‍ നിഹാലും പെര്‍ഫോം ചെയ്യുന്നുണ്ട്. മലയാള സിനിമയിലെ പുതുതലമുറയില്‍ മിനിമം ഗ്യാരണ്ടി നല്‍കുന്ന അഭിനേതാവാണ് താനെന്ന് ഒരിക്കല്‍ കൂടെ തെളിയിക്കുന്നതായിരുന്നു നിഹാല്‍ നിസാമിന്റെ ചിത്രത്തിലെ പ്രകടനം.

Content Highlight: Nihal Nizam performance in Titans movie directed by Prince Joy