ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ 3-0ന് പരമ്പര വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി അതിവേഗം വിജയം സ്വന്തമാക്കുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ അതിവേഗം വിജയം സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്. 38 പന്തില്‍ 11 സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്. നേരിട്ട 35ാം പന്തില്‍ ഫോര്‍ നേടി 103 റണ്‍സ് പൂര്‍ത്തിയാക്കിയാണ് അഭിഷേക് തന്റെ നാലാം ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരമാകാനും അഭിഷേകിന് സാധിച്ചു.
മത്സരത്തില്‍ സഞ്ജു സാംസണിന് പകരമായി ഓപ്പണിങ് പൊസിഷനില്‍ എത്തിയ യുവ താരം വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. വെടിക്കെട്ട് തുടക്കത്തില്‍ അഞ്ച് ചരിത്ര നേട്ടങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിഷേകും വൈഭവും സ്വന്തമാക്കിയത്.
Just admiring their own brilliance 🫡 Abhishek Sharma 🤝 Vaibhav Sooryavanshi #TeamIndia | #NZvIND https://t.co/g7FTeNGOsf
— BCCI (@BCCI) October 27, 2026
അന്താരാഷ്ട്ര പുരുഷ ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ് ഇന്ത്യയ്ക്ക് വേണ്ടി വൈഭവും അഭിഷേക് ശര്‍മയും അടിച്ചെടുത്തത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 118 റണ്‍സാണ് ഇന്ത്യ നേടിയത്.
രണ്ടാമത്തെ റെക്കോഡ് അന്താരാഷ്ട്ര പുരുഷ ടി-20 ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50 റണ്‍സ് നേടുന്ന ടീം എന്ന റെക്കോഡും ഇന്ത്യ തൂക്കിയിരുന്നു. 2.2 ഓവറിലായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി അഭിഷേകും വൈഭവും 50 റണ്‍സിലെത്തിയത്.
Abhishek Sharma and Vaibhav Sooryavanshi unleashed a batting blitz to register the highest powerplay total in Men’s T20Is 🚀 Read more 👉 https://t.co/NydgwuL9nY https://t.co/7S4WeUaqtt
— ICC (@ICC) October 27, 2026
മാത്രമല്ല ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് നേടുന്ന താരങ്ങളാകാനും അഭിഷേക്-വൈഭവ് സഖ്യത്തിന് സാധിച്ചു. 31 പന്തില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും കളത്തില്‍ തകര്‍ത്താടിയത്.
ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യല്‍ 100 + സ്‌കോര്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റ് എന്ന നേട്ടവും ഇന്ത്യ സ്വന്തം പേരിലാക്കി. 18.13 എന്ന റണ്‍ റേറ്റിലാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്.
അഞ്ചാമത്തെ റെക്കോഡ് ഫോര്‍മാറ്റില്‍ ഫുള്‍ മെമ്പര്‍ ടീമുകളില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് നേടുന്ന ടീം എന്ന നേട്ടമാണ്. അഞ്ച് ഓവറിലാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.
𝐀𝐔𝐃𝐀𝐂𝐈𝐎𝐔𝐒 is the word 😎 #TeamIndia | #NZvIND https://t.co/40wGEx66oK
— BCCI (@BCCI) October 27, 2026
ഏഴാം ഓവറിലെ ഒന്നാം പന്തില്‍ മാത്യു ഫിഷറിന്റെ പന്തില്‍ വൈഭവിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. 19 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. വണ്‍ ഡൗണില്‍ ഇറങ്ങിയ സഞ്ജു 13 പന്തില്‍ 18 റണ്‍സ് നേടിയാണ് മടങ്ങിയത്. രണ്ട് ഫോറാണ് താരം നേടിയത്.
കിവീസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഡാരില്‍ മിച്ചലാണ്. 52 പന്തില്‍ 82 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. ഫിന്‍ അലന്‍ 25 പന്തില്‍ 40 റണ്‍സാണ് നേടിയത്. ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, മാത്യു ഫിഷര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Abhishek Sharma and Vaibhav Suryavanshi set five records for India
