ന്യൂദല്‍ഹി: ഒക്ടോബര്‍ 28നകം ബോളീവുഡ് താരം ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് നോട്ടീസ് നടപടിക്രമങ്ങള്‍ താത്കാലികമായി സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി. ‘ലീവ് ഇന്ത്യ’ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകാത്തതിനാല്‍ വാദം കേള്‍ക്കല്‍ നവംബര്‍ രണ്ടിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു കോടതി. ഇതോടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതുവരെ ഇമ്രാന് രാജ്യത്ത് തുടരാം. പിന്നാലെ നവംബര്‍ രണ്ടുവരെ ഇമ്രാന്‍ ഖാനെതിരെ നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കി.

യു.എസ് പൗരനും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് ഉടമയുമാണ് 43 കാരനായ ഇമ്രാന്‍ ഖാന്‍.

ഒക്ടോബര്‍ 10ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി (കോക്രോച്ച് ജനതാ പാര്‍ട്ടി) നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അദ്ദേഹത്തോടൊപ്പം പങ്കാളിയും നടിയുമായ ലേഖയും ബന്ധു സെയ്ന്‍ മരീ ഖാനും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വാനിലിരിക്കുന്ന തന്റെ ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കുടിയേറ്റ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഇമ്രാന്‍ ഖാനെതിരെ നടപടിയെടുത്തതായി മുംബൈ പൊലീസ് പറഞ്ഞിരുന്നു.

ഒക്ടോബര്‍ 12ന് ബി.ജെ.പി നേതാവ് കിരിത് സോമയ്യയാണ് ഇമ്രാനെതിരെ ഔദ്യോഗികമായി പരാതി നല്‍കിയത്. അമേരിക്കന്‍ പൗരത്വമുള്ള ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ രാഷ്ട്രീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തത് നിയമലംഘനമാണെന്ന് കാണിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു കിരിത്. ഈ പരാതിയുടെയും ഇമിഗ്രേഷന്‍ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് അദ്ദേഹത്തിന് ‘ലീവ് ഇന്ത്യ’ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Content Highlight: The Bombay High Court has temporarily stayed the proceedings initiated by a notice from the Foreigners Regional Registration Office directing Bollywood actor Imran Khan to leave India