ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പര സന്ദര്‍ശകര്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും വിജയം സ്വന്തമാക്കിയാണ് ശ്രേയസ് അയ്യരും സംഘവും പരമ്പര പിടിച്ചെടുത്തിരിക്കുന്നത്.

മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ കളത്തിലിറങ്ങിയ കൗമാരതാരം വൈഭവ് സൂര്യവംശി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായി നിരാശപ്പെടുത്തിയതിന്റെ സകല കടവും തീര്‍ക്കുന്നതായിരുന്നു നാച്ചുറല്‍ പൊസിഷനിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ താരം പുറത്തെടുത്ത പ്രകടനം.

മത്സരത്തില്‍ വെറും 19 പന്തില്‍ 4 സിക്‌സറുകളും 4 ഫോറുകളും അടക്കം 45 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്.

ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വൈഭവിന്റെ ബാറ്റ് ഫ്‌ളോയെ ഒരിക്കലും കുറച്ചുകാണരുതെന്നാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്.

ഇര്‍ഫാന്‍ പത്താന്‍

അവന്റെ ബാറ്റ് വീശുന്ന രീതിയെ ഒരിക്കലും കുറച്ചുകാണരുത്. 30 വയസ്സുള്ള കരുത്തനായ ഒരാള്‍ക്ക് പോലും സൃഷ്ടിക്കാനാകാത്തത്ര ശക്തി അവന്‍ അതിലൂടെ സൃഷ്ടിക്കുന്നുണ്ടെന്നും പത്താന്‍ പറഞ്ഞു.

‘ആദ്യ പന്തില്‍ തന്നെ അവന്‍ ഒരു കൂറ്റന്‍ ഷോട്ട് കളിച്ചു. എനിക്ക് 15 വയസ്സാണെങ്കിലും എന്നെ ഒരു കുട്ടിയായി കാണേണ്ടെന്നും ഞാന്‍ നിങ്ങളെ ആക്രമിക്കുമെന്നും ന്യൂസിലാന്‍ഡിന് നേരിട്ടുള്ള സന്ദേശം നല്‍കുകയായിരുന്നു അവന്‍.

ആദ്യ ഓവറില്‍ തന്നെ 20 റണ്‍സിലധികം നേടുമ്പോള്‍ എതിരാളികളെ നേരിട്ട് സമ്മര്‍ദത്തിലാക്കാന്‍ സാധിക്കും. അതുകൊണ്ട് വൈഭവിന്റെ ആ ആദ്യ പ്രഹരം വളരെ നിര്‍ണായകമായിരുന്നു.

വൈഭവ് സൂര്യവംശി ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ എന്റെ പിറന്നാള്‍ മനോഹരമായി. കേക്കിനേക്കാള്‍ മധുരമുള്ള അനുഭവമായിരുന്നു അത്. രണ്ട് ഇടംകൈ ബാറ്റര്‍മാര്‍ ഓപ്പണര്‍മാരായി ഇറങ്ങുന്നതിനോട് എനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് സഞ്ജു ഓപ്പണ്‍ ചെയ്യണമെന്നും വൈഭവ് മൂന്നാം നമ്പറില്‍ ഇറങ്ങി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇത്രയും ചെറിയ പ്രായമുള്ള ഒരു കുട്ടിക്ക് അത്ര എളുപ്പമല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇഷാന്‍ കിഷന് പേശിവലിവ് കാരണം പുറത്തിരിക്കേണ്ടി വന്നതോടെയാണ് വൈഭവിനെ ടീമിലേക്ക് ഉള്‍പ്പെടുത്തിയത്. പരമ്പരയിലെ ഒന്നാം ടി-20യില്‍ കളിക്കാതിരുന്ന വൈഭവ്, രണ്ടാം ടി20യില്‍ മൂന്നാം നമ്പറിലിറങ്ങി 8 പന്തില്‍ 4 റണ്‍സെടുത്ത് പുറത്തായിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ തന്റെ സ്വാഭാവിക ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ വൈഭവ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

മത്സരത്തില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് വെറും 43 പന്തില്‍ 133 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് വൈഭവ് പടുത്തുയര്‍ത്തിയത്. പവര്‍പ്ലേയില്‍ 118/0 റണ്‍സ് നേടിയ ഇന്ത്യ, ഫുള്‍ മെമ്പര്‍ രാജ്യങ്ങള്‍ക്കിടയില്‍ ടി20യിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കി.

അതേസമയം, ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് മുന്നിലെത്തി പരമ്പര സ്വന്തമാക്കി. പരമ്പരയിലെ നാലാം ടി-20 മത്സരം ഒക്ടോബര്‍ 30 വെള്ളിയാഴ്ച ഈഡന്‍ പാര്‍ക്കില്‍ നടക്കും.

 

Content Highlight: Irfan Pathan praises Vaibhav Sooryavanshi